ഗഗൻയാൻ – ഇന്ത്യയും മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നു, 10000 കോടിയുടെ പദ്ധതിക്ക് അനുമതി

ഗഗൻയാൻ

മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 10000 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി. 40 മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ സ്വാതന്ത്യ്രദിന പ്രസംഗത്തിൽ മോഡി ഗഗൻയാൻ പദ്ധതി പ്രഖ്യാപിച്ചിരുന്നു. പിന്നെയും അഞ്ച് മാസം കഴിഞ്ഞ് 2018 ഡിസംബർ 29നാണ് ഈ പദ്ധതിക്ക് വേണ്ട തുകക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. ഈ ദൗത്യം വിജയകരമായി പൂർത്തീകരിച്ചാൽ ബഹിരാകാശത്തേക്കു മനുഷ്യനെ അയക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നിവരാണ് ബഹിരാകാശത്തേക്കു മനുഷ്യരെ അയക്കുന്നതിൽ വിജയിച്ച മറ്റ് രാജ്യങ്ങൾ.

രണ്ടു സഞ്ചാരികളില്ലാത്ത പേടകങ്ങളും മനുഷ്യൻ നിയന്ത്രിച്ച് പറത്തുന്ന മറ്റൊരു പേടകവുമാണ് പദ്ധതിയിലുള്ളത്. ആളില്ലാത്ത രണ്ടു പേടകങ്ങളുടെ യാത്രയ്ക്കു ശേഷമായിരിക്കും മനുഷ്യപേടകം വിക്ഷേപിക്കുക. മൂന്നംഗ ഇന്ത്യൻ സംഘത്തെയാണ് അയക്കുന്നത്. ഭൂമിയോടു ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിൽ അഞ്ചോ ഏഴോ ദിവസം തങ്ങാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ബഹിരാകാശത്തെ പ്രവർത്തനങ്ങൾ കഴിഞ്ഞാൽ പേടകം കടലിൽ തിരിച്ചിറക്കും.

ജിഎസ്എൽവി മാർക് ത്രീയാണു വിക്ഷേപണത്തിന് ഉപയോഗിക്കുക. ബെംഗളൂരുവിൽ നടന്ന സ്പെയ്സ് എക്സ്പോയിൽ ഗഗൻയാൻ ദൗത്യത്തിന്റെ സ്പേസ് സ്യൂട്ട് ഐഎസ്ആർഒ പ്രദർശിപ്പിച്ചിരുന്നു. ഇതിനൊപ്പം ക്രൂ മോഡൽ കാപ്സ്യൂൾ, ക്രൂ എസ്കേപ് മോഡൽ എന്നിവയുടെ പ്രദർശനവും നടന്നു

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ രണ്ട് വർഷത്തെ ഗവേഷണത്തിനൊടുവിലാണ് യാത്രികർക്കുവേണ്ട സ്പേസ് സ്യൂട്ട് നിമ്മിച്ചത്. 60 മിനിറ്റ് പ്രവർത്തനദൈർഘ്യമുള്ള ഒരു ഓക്സിജൻ സിലിണ്ടർ വഹിക്കാൻ സ്യൂട്ടിന് കഴിയും.

ഐഎസ്ആർഒയുടെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ ഏജൻസികളുടെയും ശാസ്ത്ര സാങ്കേതിക ലാബുകളുടെയും പങ്കാളിത്തത്തോടെയാണ് ഗഗൻയാൻ നടപ്പാക്കുക. ഇതിലേക്ക് വ്യവസായമേഖലയുടെയും അക്കാദമിക്ക് വിദഗ്ധരുടെയും സഹകരണം ഉറപ്പാക്കും. സഞ്ചാരികളുടെ പരിശീലനംമുതൽ പര്യവേക്ഷണത്തിന്റെ അന്തിമഘട്ടംവരെ എല്ലാം ആഭ്യന്തരമായി കൈകാര്യം ചെയ്യും. ശാസ്ത്ര സാങ്കേതിക മേഖലകളിൽ കൂടുതൽ ഗവേഷണ വികസനപ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായുണ്ടാകും.