ഇന്ത്യൻ സോഷ്യൽ മീഡിയ സ്റ്റാർട്ടപ്പിൽ ഒരു മില്യൺ ഡോളർ നിക്ഷേപമിറക്കി ആനന്ദ് മഹീന്ദ്ര

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പിൽ ഒരു മില്യൺ ഡോളർ നിക്ഷേപമിറക്കിയിരിക്കുന്നു. ഡൽഹിയിലെ ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാപ്റാംപ് എന്ന സ്റ്റാർട്ടപ്പാണ് മഹീന്ദ്രയുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഐഐടി വഡോദരയില്‍ നിന്നുള്ള ശുഭേന്ദ്ര വിക്രം, പ്രത്യുഷ് സിംഗ്, രജത് ഡാംഗി, മൊഫിദ് അന്‍സാരി എന്നീ അഞ്ച് വിദ്യാര്‍ത്ഥികൾ ചേർന്ന് 2018ൽ തുടങ്ങിയതാണ് ഹാപ്റാംപ്.

ആനന്ദ് മഹീന്ദ്ര

ബ്ലോക്ക്ചെയിൻ, സോഷ്യൽ മീഡിയ എന്നീ മേഖലയിലുള്ളതാണ് ഇവരുടെ പ്രധാന പ്രോഡക്റ്റുകൾ. ഇതിൽ ഇവർ നിർമ്മിച്ച ഗോസോഷ്യൽ (GoSocial) എന്ന സോഷ്യൽ മീഡിയ ആപ്പാണ് ആനന്ദ് മഹീന്ദ്രയെ ആകർഷിച്ചത്.

സോഷ്യൽ മീഡിയ ലോകത്തെ ഞെട്ടിച്ചുകൊണ്ട് രണ്ട് വർഷം മുന്നെ പുറത്തുവന്ന കേംബ്രിഡ്ജ് അനലിറ്റിക്ക – ഫെയ്‌സ്ബുക്ക് വിവാദവുമായി ഈ നിക്ഷേപത്തിന് ബന്ധമുണ്ട്.

കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് അത് ഉപയോഗിച്ച് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായ സാഹചര്യമുണ്ടാക്കി.

ആ സമയത്ത് ഒരു ഇന്ത്യൻ സോഷ്യൽ മീഡിയ സ്റ്റാർട്ടപ്പിൽ നിക്ഷേപിക്കാൻ താൽപര്യമുണ്ടെന്ന് ആനന്ദ് മഹീന്ദ്ര ഒരു ട്വീറ്റ് വഴി പറഞ്ഞിരുന്നു. നമ്മുടേതായ ഒരു സമൂഹമാധ്യമം എന്നത് നല്ല ആശയമാണെന്നും അത്തരം ആശയമായി എത്തുന്ന മികച്ച സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുണ്ടെന്നായിരുന്നു ട്വീറ്റ്.

മഹീന്ദ്ര ഗ്രൂപ്പിന്റെ അന്നത്തെ ചീഫ് ഡിജിറ്റൽ ഓഫീസറായിരുന്ന ജസ്പ്രീത് ബിന്ദ്രയെ ആയിരുന്നു ആനന്ദ് മഹീന്ദ്ര ഇങ്ങനെയുള്ള ഒരു സ്റ്റാർട്ടപ്പ് കണ്ടെത്താനുള്ള ദൗത്യമേൽപ്പിച്ചത്.

അങ്ങിനെ രണ്ട് വർഷത്തെ തിരച്ചിലിനൊടുവിൽ അദ്ദേഹം കരുതിയ പോലെയുള്ള സ്റ്റാർട്ടപ്പ് കണ്ടെത്തിയ വിവരം അറിയിച്ചതും ഒരു ട്വീറ്റ് വഴി തന്നെയാണ്.

ഗോസോഷ്യൽ ഒരു വെബ് 3 സോഷ്യൽ നെറ്റ്‌വർക്കാണ്. ബ്ലോക്ക്ചെയിൻ ഉൾപ്പെടെ ഉയർന്നുവരുന്ന പുത്തൻ ടെക്നോളജികൾ ഉപയോഗിച്ചാണ് ഗോസോഷ്യൽ പ്ലാറ്റഫോം നിർമ്മിച്ചിരിക്കുന്നത്.

ഉള്ളടക്കം നിർമ്മിക്കുന്നവർക്ക് റിവാർഡ് നൽകുന്ന നല്ല ഒരു ബിസിനസ് മോഡൽ ഇതിലുണ്ട്. അംഗങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഇതിൽ സുരക്ഷിതമാണ്. അതിലെല്ലാമുപരി ഇത് പൂർണമായും ഇന്ത്യയിൽ നിർമ്മിച്ചതാണ്.

ഫോട്ടോഗ്രാഫര്‍, ആർട്ടിസ്റ്റുകൾ, എഴുത്തുകാർ, ഡിസൈനർമാർ എന്നിവർ ചേർന്ന് തയ്യാറാക്കിയ സൃഷ്‌ടിപരമായ വെല്ലുവിളികൾ ഗോസോഷ്യൽ പ്ലാറ്റഫോം വഴി അംഗങ്ങൾക്ക് ഏറ്റെടുക്കാം ഇതിന് റിവാർഡും ലഭിക്കും.

ഈ വെല്ലുവിളി ഏറ്റെടുക്കുന്നയാൾ അത് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന സമയം അതിൽ പറയണം. ഏറ്റെടുത്ത വെല്ലുവിളിയുടെ ഓരോ ദിവസത്തെ അപ്ഡേറ്റ് ഇതിൽ നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ റിവാർഡ് ലഭിക്കും.

ഹാപ്റാംപ് സിഇഒ വിക്രം സുബേന്ദ്ര പറയുന്നു തങ്ങൾ നിലവിൽ ഇന്ത്യൻ വിപണിയാണ് ലക്ഷ്യമിടുന്നത്. 50000ത്തോളം അംഗങ്ങൾ നിലവിൽ ഈ പ്ലാറ്റ്ഫോമിനുണ്ട്. ഈ വർഷാവസാനത്തോടെ 10 ലക്ഷം അംഗങ്ങളെയാണ് കമ്പനി ലക്ഷ്യമിടുന്നത്.

Leave a Reply