ഉപഭോക്താക്കളുടെ സ്വകാര്യതക്ക് മുൻഗണന നൽകുന്ന ബ്രേവ് വെബ് ബ്രൗസറിൽ എൻക്രിപ്റ്റഡ് ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനം വന്നു. ഈ സേവനം എൻഡ് റ്റു എൻഡ് എൻക്രിപ്റ്റഡാണ്.
ബ്രേവ് ടുഗെതർ എന്നാണ് ഈ വിഡിയോ കോളിങ് സേവനത്തിന്റെ പേര്. https://together.brave.com വെബ്സൈറ്റ് വഴി ഈ വീഡിയോ കോളിങ് സേവനം ഉപയോഗിക്കാം. ബ്രേവ് ബ്രൗസർ ഉപയോഗിച്ച് മാത്രമേ ഈ യുആർഎൽ വഴി കാൾ സാധ്യമാകൂ.
ബ്രേവ് ടുഗെതർ ഗ്രൂപ്പ് വീഡിയോ കാളിൽ എത്ര പേർക്ക് വേണമെങ്കിലും പങ്കെടുക്കാം. വീഡിയോ കാളിന് സമയ പരിധി ഒന്നുമില്ല. വീഡിയോ കാളിങിന് പുറമെ ശബ്ദത്തോടെ കൂടെ സ്ക്രീൻ ഷെയർ ചെയ്യാൻ സാധിക്കും. നിലവിൽ ഈ സേവനം തികച്ചും സൗജന്യമാണ്.
ബ്രേവ് ബ്രൗസറിന്റെ ഡെസ്ക്ടോപ്പ് ബ്രൗസറിൽ മാത്രമേ നിലവിൽ ഈ സേവനം ലഭിക്കൂ. വീഡിയോ കാൾ ചെയ്യാനായി ഏറ്റവും പുതിയ ബ്രേവ് വെബ് ബ്രൗസർ ഉപയോഗിച്ച് https://together.brave.com എന്ന യുആർഎൽ സന്ദർശിക്കുക. കാൾ തുടങ്ങാനുള്ള ബട്ടൺ ക്ലിക്ക് ചെയ്താൽ കാൾ തുടങ്ങും.
ഈ കാളിലേക്ക് ആളെ ചേർക്കാൻ Invite more people ബട്ടണിൽ ക്ലിക്ക് ചെയ്യുക. അതുവഴി കാളിലേക്ക് ആളെ ചേർക്കാനുള്ള ലിങ്ക് നമുക്ക് ലഭിക്കും. ഈ ലിങ്ക് വേണമെങ്കിൽ നമുക്ക് പാസ്സ്‌വേർഡ് നൽകി സുരക്ഷിതമാക്കാം.
കാൾ ചെയ്യുന്ന സമയം ടെക്സ്റ്റ് മെസ്സേജ് ചെയ്യാനും, വീഡിയോ ക്വാളിറ്റി നിയന്ത്രിക്കാനും കഴിയും ഇതിൽ. ജിറ്റ്സി എന്ന ഓപ്പൺ സോഴ്സ് എൻക്രിപ്റ്റഡ് വീഡിയോ കോളിങ് സോഫ്റ്റ്‌വെയർ ആധാരമാക്കിയാണ് ബ്രേവ് ടുഗെതർ നിർമ്മിച്ചിരിക്കുന്നത്.
ഗ്രൂപ്പ് വീഡിയോ കാളിങിന് ഏറ്റവും ആവശ്യകത ഉയർന്ന ഈ കോവിഡ് കാലഘട്ടത്തിലെ അവസരം കണ്ടു തന്നെയാണ് ബ്രേവ് വെബ് ബ്രൗസർ ഇങ്ങിനെ ഒരു നീക്കം നടത്തിയിരിക്കുന്നത്. ഈ സേവനത്തിന് എത്ര കാശ് വേണ്ടിവരുമെന്ന് ബ്രേവ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സുരക്ഷ, സ്വകാര്യത എന്നിവയിൽ കൂടുതൽ പഴി കേട്ട സൂമിന് ബ്രേവ് ടുഗെതർ ഒരു വെല്ലുവിളിയാകും. ജാവാസ്ക്രിപ്റ്റ് ലാംഗ്വേജ് നിർമ്മിച്ച Brendan Eich ബ്രേവ് ബ്രൗസറിന്റെ കോ-ഫൗണ്ടറാണ്