ജിഫ് ഇമേജ് ഷെയറിങ് പ്ലാറ്റ്ഫോമായ ജിഫി (Giphy) ഇനി ഫെയ്‌സ്ബുക്കിന് സ്വന്തം

ആനിമേറ്റഡ് ജിഫ് ഇമേജ് നിർമ്മിക്കാനും, സെർച്ച് ചെയ്യാനും, ഷെയർ ചെയ്യാനും സഹായിക്കുന്ന ജിഫി വെബ്ബ്സൈറ്റ് ഫെയ്‌സ്ബുക്ക് സ്വന്തമാക്കി. Axios വാർത്ത വെബ്സൈറ്റ് റിപ്പോർട്ട് പ്രകാരം 400 മില്യൺ ഡോളറിന്റേതാണ് ഡീൽ. ഫെയ്‌സ്ബുക്കിന് കീഴിലുള്ള ഇൻസ്റ്റഗ്രാം ടീമിന്റെ ഭാഗമായാണ് ജിഫി ഇനി പ്രവർത്തിക്കുക.

ജിഫി

ഫെയ്‌സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, വാട്ട്സാപ്പ്, ടിക്ടോക്ക് എന്നീ ആപ്പുകളിൽ മെസ്സേജുകൾക്കും, പോസ്റ്റുകൾക്കും മറുപടി നൽകാൻ ഉപയോഗിക്കുന്ന ആനിമേറ്റഡ് ജിഫ് ഇമേജ് ഫീച്ചർ എല്ലാവരും ഉപയോഗിച്ചുകാണും.

ജിഫി പ്ലാറ്റ്ഫോമുമായി ഇന്റഗ്രേറ്റ് ചെയ്താണ് ഈ സോഷ്യൽ മീഡിയ ആപ്പുകളിൽ സന്ദേശങ്ങൾക്ക് മറുപടി നൽകാനുള്ള ജിഫ് വരുന്നത്. ഓരോ മൂഡിനുള്ള ജിഫ് സെർച്ച് ചെയ്ത് കണ്ടെത്തി മറുപടി നൽകാനും കഴിയും. ഏതെല്ലാം സാധ്യമാകുന്നത് ജിഫിയുടെ സേവനം വഴിയാണ്.

ജിഫി വെബ്സൈറ്റിൽ അംഗങ്ങൾക്ക് ജിഫ് ഇമേജ് നിർമിക്കാനുള്ള സൗകര്യം ഉണ്ട്. കൂടാതെ കയ്യിലുള്ള ജിഫ് ഇമേജ് അതിലേക്ക് അപ്‌ലോഡ് ചെയ്യാം. വെബ്സൈറ്റിൽ നിന്ന് ഇവയെല്ലാം ഷെയർ ചെയ്യുകയുമാകാം. ജിഫി അംഗങ്ങൾക്ക് തുടർന്നും ഈ സേവനങ്ങൾ ഉപയോഗിക്കാമെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

ട്വിറ്റർ, സ്നാപ്പ്ചാറ്റ്, ടിക്ടോക്ക് എന്നിവർക്കും അവരുടെ ആപ്പുകളിൽ ജിഫി പ്ലാറ്റ്ഫോം സേവനം ഉപയോഗിക്കുന്നതിൽ തടസം ഉണ്ടാകില്ല. ഒരു കമ്പനിയെ ഏറ്റെടുത്ത് അതിന്റെ സേവനം മറ്റു കമ്പനികൾ ഉപയോഗിക്കുന്നത്‌ നിർത്തലാക്കാൻ ഫെയ്‌സ്ബുക്ക്, ആപ്പിൾ കമ്പനിയെ പോലെയല്ല.

അലക്സ് ചുങ്, ജാസ് കോക്ക് എന്നിവർ ചേർന്ന് 2013ൽ ആണ് ജിഫി തുടങ്ങുന്നത്. തുടക്കത്തിൽ ജിഫ് ഇമേജ് സെർച്ച് ചെയ്യാനുള്ള ഒരു വെബ്സൈറ്റ് മാത്രമായിരുന്നു ഇത്. തുടങ്ങി ആദ്യ ആഴ്ച്ചയിൽ തന്നെ പത്തുലക്ഷത്തിൽ കൂടുതൽ ഉപഭോക്താക്കളെ കിട്ടി.

തുടർന്ന് ഫെയ്‌സ്ബുക്ക്, ട്വിറ്റർ, ഫെയ്‌സ്‌ബുക്ക്‌ മെസഞ്ചർ എന്നിവയിൽ തങ്ങളുടെ സേവനം ഇന്റഗ്രേറ്റ് ചെയ്യിക്കാൻ ജിഫിക്ക് കഴിഞ്ഞു. നിലവിൽ ജിഫിയുടെ 50 ശതമാനം ട്രാഫിക്ക് വരുന്നത് ഫെയ്‌സ്ബുക്കിന് കീഴിലുള്ള വിവിധ ആപ്പുകളിൽ നിന്നാണ്.

റ്റെനോർ എന്ന കമ്പനിയാണ് ഈ തട്ടകത്തിൽ ജിഫിയുടെ മുഖ്യ എതിരാളി. അവരെ 2018ൽ ഗൂഗിൾ ഏറ്റെടുത്തിരുന്നു. ഇനി മത്സരം ഗൂഗിളും ഫെയ്‌സ്ബുക്കും തമ്മിലാകും.

Leave a Reply