ഗൂഗിൾ പിക്സൽ ഫോണുകളിലെ ക്യാമറക്ക് പിന്നിലെ ബുദ്ധി മാർക് ലെവോയ് മാർച്ചിൽ ഗൂഗിൾ വിട്ടു. പിക്സൽ ഫോണുകളിലെ ക്യാമറ വളരെ പ്രസിദ്ധമാണ്, ഈ ഫോണുകൾ അറിയപ്പെടുന്നത് തന്നെ അതിന്റെ ഫോട്ടോഗ്രാഫി നിലവാരത്തിന്റെ പേരിലാണ്.
സ്മാർട്ഫോൺ ഫോട്ടോഗ്രാഫി എങ്ങനെ ആയിരിക്കണമെന്നതിന്റെ അളവുകോൽ ആയിരുന്നു ഒരിക്കൽ പിക്സൽ ഫോണുകൾ. ഇതിന്റെ എല്ലാം പിന്നിൽ പ്രവർത്തിച്ച ഗവേഷകൻ ആയിരുന്നു മാർക് ലെവോയ്.
നിങ്ങളിൽ പലർക്കും മാർക് ലെവോയ് എന്ന പേര് തിരിച്ചറിയാൻ കഴിയില്ലായിരിക്കും. പക്ഷെ അദ്ദേഹം ഗൂഗിൾ ക്യാമറ ആപ്പിൽ കൊണ്ടുവന്ന പല ഫീച്ചറുകളും സുപരിചിതമായിരിക്കും.
HDR+, പോർട്രെയ്റ്റ് മോഡ്, നൈറ്റ് സൈറ്റ് എന്നിലെ ഫീച്ചറുകൾ നിർമ്മിക്കാൻ മുന്നിൽ നിന്ന് നയിച്ചത് അദ്ദേഹമാണ്. സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയുടെ ചരിത്രം തന്നെ മാറ്റിയ മൂന്ന് ഫീച്ചറുകളാണിവ.
ഗൂഗിൾ സ്ഥാപകർ സെർജി ബിന്നിനെയും ലാറി പേജിനെയും സ്റ്റാൻഡ്‌ഫോർഡ് സർവകലാശാലയിൽ വെച്ചാണ് ലെവോയ് പരിചയപ്പെടുന്നത്. സ്റ്റാൻഡ്‌ഫോർഡിൽ ലെവോയ് നയിച്ച ഒരു പ്രൊജക്റ്റ് ആണ് പിന്നീട് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ആയി മാറിയത്.
ഗൂഗിൾ ഗ്ലാസ് പ്രൊജക്റ്റിൽ ഒരു കൻസൽറ്റന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ ഫോട്ടോഗ്രാഫിയിലെ അദ്ദേഹത്തിന്റെ നൈപുണ്യത്തിന്റെ അടിസ്ഥാനത്തിൽ 2014ലാണ് ഒരു മുഴുവൻ സമയ ജീവനക്കാരനായി ലെവോയ് ഗൂഗിളിൽ എത്തിയത്.
പിക്സൽ ഫോണുകളുടെ ഏറ്റവും വലിയ ആകർഷണീയത അത് ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി തന്നെ ആയിരുന്നു. ലെവോയുടെ അഭാവത്തിലും മികച്ച ക്യാമറ ഫോണുകൾ നിർമ്മിക്കാൻ ഗൂഗിളിന് കഴിയട്ടെ എന്ന് നമുക്ക് പ്രതീകിഷിക്കാം.