പോകോ എഫ്2 പ്രോ – ഷവോമിയുടെ പോകോ എഫ് പരമ്പരയിലെ രണ്ടാമത്തെ ഫോൺ എത്തി

പോകോ എഫ് പരമ്പരയിലെ രണ്ടാമത്തെ ഫോൺ പോകോ എഫ്2 പ്രോ ഷവോമി ആഗോളവിപണിയില്‍ അവതരിപ്പിച്ചു. മെയ് 12 ന് ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, യൂട്യൂബ് എന്നിവയിലൂടെ ലൈവ് സ്ട്രീം ചെയ്തായിരുന്നു ഫോൺ അവതരണം.

ചൈനയില്‍ അടുത്തിടെ ഇറങ്ങിയ റെഡ്മി കെ30 പ്രോയുടെ റീബ്രാന്റ് ചെയ്ത പതിപ്പാണ് പോകോ എഫ് 2 പ്രോ. ഈ വർഷം ഫെബ്രുവരിയിൽ റെഡ്മി കെ30 സ്മാര്‍ട്‌ഫോണിന്റെ റീബ്രാന്റ് ചെയ്ത പതിപ്പായി പോകോ എക്‌സ് 2 ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.

പോകോ എഫ്2 പ്രോ

ആറ് ജിബി റാം, എട്ട് ജിബി റാം എന്നിങ്ങനെ രണ്ട് പതിപ്പാണുള്ളത്. രണ്ടിലും 64 ജിബി സ്‌റ്റോറേജ് സ്പേസ് ആണുള്ളത്. ആറ് ജിബി പതിപ്പിന് 499 യൂറോയും എട്ട് ജിബി പതിപ്പിന് 599 യൂറോയുമാണ് വില.

പ്രധാന സവിശേഷതകൾ

കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുള്ള 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്. 5ജി പിന്തുണയുള്ള ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ഇതിന്റെ കൂടെ സ്പീഡ് കൂടിയ എൽപിഡിആർ5 റാമും, യുഎഫ്എസ് 3.1 സ്‌റ്റോറേജ് കൂടെ ആകുമ്പോൾ ഫോണിന്റെ റീഡ്, റൈറ്റ് വളരെ വേഗതയേറിയതാകുന്നു.

64 എംപി പ്രധാന ക്യാമറ സെന്‍സറായെത്തുന്ന ക്വാഡ് ക്യാമറയില്‍ 13 എംപി, 5എംപി, രണ്ട് എംപി സെന്‍സറുകളും ഉള്‍പ്പെടുന്നു. സെല്‍ഫിയ്ക്കായി 20 എംപി ക്യാമറയാണുള്ളത്. 4700 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ശക്തിപകരുന്നത്. ഇതിൽ 33 വാട്ട് അതിവേഗ ചാര്‍ജിങ്ങും ലഭ്യമാണ്.

നിയോണ്‍ ബ്ലൂ, ഫാന്റം വൈറ്റ്, ഇലക്ട്രിക് പര്‍പ്പിള്‍, സൈബര്‍ ഗ്രേ എന്നിങ്ങനെ നാല് നിറങ്ങളിലാണ് പോകോ എഫ്2 പ്രോ ലഭ്യമാവുക. ആന്റി ഗ്ലെയർ മാറ്റ് ഫിനിഷിൽ ആണ് ഗ്രേ, പര്‍പ്പിള്‍ ഫോണുകൾ വരുന്നത്.

എഫ്2 പ്രോ ഇന്ത്യയിൽ ഇറക്കുമോ എന്ന് വ്യക്തമല്ല. ഇന്ത്യയിൽ വളരെ ഏറെ ജനപ്രീതി നേടിയ പോകോയുടെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ആയ പോകോ എഫ് വണിന്റെ പിന്‍ഗാമി എന്ന നിലയില്‍ പോകോ എഫ് 2 പ്രോ ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply