മൂന്നാമത് ബിറ്റ്കോയിൻ ഹാവിങ് പൂർത്തിയായി; ഇനിമുതൽ ബ്ലോക്ക് റിവാർഡ് 6.25 ബിറ്റ്കോയിൻ മാത്രം

നാല് വർഷത്തിൽ ഒരിക്കൽ മാത്രം ബിറ്റ്കോയിൻ നെറ്റ്‌വർക്കിൽ സംഭവിക്കുന്ന ആ മാറ്റം സംഭവിച്ചു. മൂന്നാമത് ബിറ്റ്കോയിൻ ഹാവിങ് പൂർത്തിയായി. 2020ൽ ആളുകൾ ഏറ്റവും ആകാഷയോടെ കാത്തിരുന്ന ഒരു ക്രിപ്റ്റോകറൻസി ഇവന്റ് ആയിരുന്നിത്.

ഇതോടെ ഒരു ബ്ലോക്ക് മൈൻ ചെയ്യുമ്പോൾ ലഭിക്കുന്ന റിവാർഡ് 12.5 ബിറ്റ്കോയിനിൽ നിന്നും 6.25 ബിറ്റ്കോയിനായി മാറി. 630000ത്തെ ബ്ലോക്ക് മൈൻ ചെയ്തത് blockchain.com ഡാറ്റാ പ്രകാരം ഇന്ത്യൻ സമയം 2020-05-12 പുലർച്ചെ 00:53am ന് ആണ്.

12.5 ബിറ്റ്കോയിൻ റിവാർഡായി ലഭിക്കുന്ന അവസാനത്തെ ബ്ലോക്ക് അതായത് 629999ത്തെ ബ്ലോക്ക് മൈൻ ചെയ്തത് F2Pool എന്ന മൈനിങ് പൂളാണ്. 6.25 ബിറ്റ്കോയിൻ റിവാർഡായി ലഭിക്കുന്ന ആദ്യത്തെ ബ്ലോക്ക്, 630000ത്തെ ബ്ലോക്ക് മൈൻ ചെയ്തത് AntPool എന്ന മൈനിങ് പൂളാണ്.

ബിറ്റ്കോയിൻ ഹാവിങ്

629999ത്തെ ബ്ലോക്കിലെ കോയിൻബേസ് ട്രാൻസാക്ഷനിൽ ഇങ്ങനെ ഒരു സന്ദേശവും ഉണ്ടായിരുന്നു. “🐟NYTimes 09/Apr/2020 With $2.3T Injection, Fed’s Plan Far Exceeds”.

ബിറ്റ്കോയിന്റെ ആദ്യ ബ്ലോക്ക് മൈൻ ചെയ്തത് 2009ൽ ആണ്. അന്ന് ബ്ലോക്ക് റിവാർഡ് 50 ബിറ്റ്കോയിൻ ആയിരുന്നു. ഓരോ 210000ത്തെ ബ്ലോക്ക് മൈൻ ചെയ്യുമ്പോളും ബ്ലോക്ക് റിവാർഡ് പകുതിയായി കുറയും. ഈ പ്രക്രിയയെയാണ് ബിറ്റ്കോയിൻ ഹാവിങ് എന്ന് പറയുന്നത്.

ഇതിന് ഏകദേശം 4 വർഷം സമയം എടുക്കും. ആദ്യ ബിറ്റ്കോയിൻ ഹാവിങ് നടന്നത് 2012ൽ ആയിരുന്നു. അന്ന് ബ്ലോക്ക് റിവാർഡ് 25 ബിറ്റ്കോയിനായി കുറഞ്ഞു. രണ്ടാമത്തെ ഹാവിങ് നടന്നത് 2016ലും അന്ന് റിവാർഡ് 12.5 ബിറ്റ്കോയിനായി കുറഞ്ഞു. ഇന്ന് നടന്ന മൂന്നാമത്തെ ഹാവിങിൽ അത് 6.25 ബിറ്റ്കോയിൻ ആയിമാറി.

ഈയൊരു പ്രവർത്തനം 2140 വരെ നടക്കും. അന്നേക്ക് 21 ദശലക്ഷം ബിറ്റ്കോയിൻ മൈൻ ചെയ്ത് കഴിഞ്ഞിരിക്കും. അപ്പോഴേക്കും ബ്ലോക്ക് റിവാർഡ് ഒരു സതോഷി ആയി മാറിയിരിക്കും. ഒരു സതോഷി എന്ന് പറഞ്ഞാൽ 0.00000001 ബിറ്റ്കോയിനാണ്.

Leave a Reply