അതെ മൈക്രോസോഫ്റ്റ് പറയുന്ന ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം നിങ്ങൾക്ക് ഹാക്ക് ചെയ്യാൻ കഴിയുമെങ്കിൽ മൈക്രോസോഫ്റ്റ് നിങ്ങൾക്ക് ഒരു ലക്ഷം ഡോളർ നൽകും.
മൈക്രോസോഫ്റ്റ് അവരുടെ ഒരു ഐഒടി സെക്യൂരിറ്റി പ്ലാറ്റഫോമിൽ വിൻഡോസ് 10നു പകരം ലിനക്സ് ഒഎസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ലിനക്സ് ഒഎസ് ഹാക്ക് ചെയ്യാൻ കഴിയുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
പാരിതോഷികം ലഭിക്കണമെങ്കിൽ നിബന്ധനകളുണ്ട്. ഏതെങ്കിലും ഒരു പഴയ ലിനക്സ് ഡിസ്‌റ്ററോ ഹാക്ക് ചെയ്താൽ കാശ് ലഭിക്കില്ല. മൈക്രോസോഫ്റ്റ് അവരുടെ Azure Sphere ഐഒടി സെക്യൂരിറ്റി പ്ലാറ്റഫോമിൽ ഉപയോഗിച്ചിരിക്കുന്ന ലിനക്സ് തകർക്കണം.
Azure Sphere Security Research Challenge എന്ന പേരിലാണ് മൈക്രോസോഫ്റ്റ് ഹാക്കിങ് മത്സരം നടത്തുന്നത്. ജൂൺ ഒന്ന് മുതൽ മൂന്ന് മാസമാണ് ഈ മൽസരത്തിന്റെ കാലാവധി.
ഈ ഹാക്കിങ് പന്തയത്തിൽ പങ്കെടുക്കണമെങ്കിൽ, സുരക്ഷാ ഗവേഷകർ മെയ് 15ന് മുൻപായി അവരുടെ അപ്ലിക്കേഷൻ സമർപ്പിക്കണം. ഇതിൽ നിന്ന് 50 പേരെ മാത്രമേ മത്സരത്തിനായി തിരഞ്ഞെടുക്കൂ. അവരെ ഇമെയിൽ വഴി അറിയിക്കും.
തിരഞ്ഞെടുത്ത 50 പേർക്ക് Azure Sphere development kit ഉപയോഗിക്കാനുള്ള മുഴുവൻ ആക്‌സസ് നൽകും. സുരക്ഷാ ഗവേഷണത്തിനിടെ ഉപയോഗിക്കേണ്ട മൈക്രോസോഫ്റ്റ് പ്രോഡക്റ്റ്, സേവനങ്ങൾ എന്നിവയിലേക്കുള്ള ആക്‌സസും നൽകും. ഇവർക്ക് മൈക്രോസോഫ്റ്റ് ടീമുമായി നേരിട്ട് ആശയവിനിമയം നടത്തുകയുമാകാം.
ഇതിനെ കുറിച്ച് കൂടുതലറിയാൻ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി റെസ്പോൺസ് സെന്ററിന്റെ ബ്ലോഗ് വായിക്കൂ.