ഫെയ്സ്ബുക്കിന്​ പിന്നാലെ റിലയൻസ് ജിയോയിൽ വമ്പൻ നിക്ഷേപവുമായി മറ്റൊരു അമേരിക്കൻ കമ്പനി

അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലെയ്ക്ക് ജിയോ പ്ലാറ്റ്‌ഫോമില്‍ 750 ദശലക്ഷം ഡോളറിന്റെ(ഏകദേശം 5,655 കോടി രൂപ) നിക്ഷേപം നടത്തും. ഇതുപ്രകാരം ജിയോയുടെ 1.15 ശതമാനം ഓഹരിയാണ് ഇവർക്ക് ലഭിക്കുക.

ഫെയ്സ്ബുക്ക് ജിയോയുടെ 9.99 ശതമാനം ഓഹരി വാങ്ങി ആഴ്ച്ചകള്‍ക്കകമാണ് മറ്റൊരു അമേരിക്കൻ കമ്പനിയിൽ നിന്ന് പുതിയ നിക്ഷേപവിവരം പുറത്തുവരുന്നത്. ഇതിന് വേണ്ടി ഫെയ്‌സ്ബുക്ക് 574 കോടി ഡോളറാണ്‌ ചെലവഴിക്കുക.

ജിയോ പ്ലാറ്റ്​ഫോമിൽ സിൽവർ ലേക്ക്​ നിക്ഷേപിച്ചതോടെ ജിയോയുടെ മൂല്യം 4.90 ലക്ഷം കോടി രൂപയായും എൻറർപ്രൈസ്​ മൂല്യം 5.15 ലക്ഷം കോടി രൂപയുമാകും.

ജിയോയുടെ ഏറ്റവും മൂല്യമുള്ള പങ്കാളികളിൽ ഒന്നായി സിൽവർ ലേകിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെതന്നെ ഭാഗമായിരുന്ന ജിയോ ഡിജിറ്റല്‍, ജിയോ ടെലികോം ബിസിനസുകളെ ഒന്നിപ്പിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് ജിയോ പ്ലാറ്റ്‌ഫോംസ് എന്ന കമ്പനി രൂപീകരിച്ചത്.

കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്ലില്‍ 2013ല്‍ നടത്തിയ നിക്ഷേപത്തോടെയാണ് സില്‍വര്‍ ലേക് ശ്രദ്ധിക്കപ്പെടുന്നത്. സില്‍വര്‍ ലേകിന്റെ വിപണി മൂല്യം ഏതാണ്ട് 43 ബില്യണ്‍ ഡോളറാണ്‌. എയര്‍ ബിഎന്‍ബി, ആലിബാബ, ട്വിറ്റര്‍ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലും സില്‍വര് ലേക് നിക്ഷേപം നടത്തിയിട്ടുണ്ട്.

സിൽവർ ലേക്കിന്റെയും ഫേസ്ബുക്കിന്റെയും നിക്ഷേപം എത്തുന്നതോട‌െ 2020 മാർച്ച് 31 ലെ കണക്കനുസരിച്ച് റിലയൻസിനുണ്ടായിരുന്ന 21.4 ബില്യൺ ഡോളറിന്റെ കടം 13.6 ബില്യണായി കുറയുമെന്നാണ് പറയുന്നത്.

Leave a Reply