ഇന്ത്യക്കായി പുതിയ സവിശേഷതകൾ ഉൾപ്പെടുത്തി ‘ബിങ് കോവിഡ് 19 ട്രാക്കര്‍’ (Bing COVID-19 Tracker) മൈക്രോസോഫ്റ്റ് അപ്ഡേറ്റ് ചെയ്തു. കോവിഡ് 19 മഹാമാരിയെ സംബന്ധിച്ച ഏറ്റവും പുതിയ നിർണ്ണായക കണക്കുകളും വിവരങ്ങളും നൽകുന്ന ഒരു വെബ്ബ് ആപ്പ് ആണിത്.
https://www.bing.com/covid/local/india എന്ന യുആർഎൽ സന്ദർശിച്ചാൽ ബിങ് കോവിഡ് 19 ഉപയോഗിക്കാം.
മൈക്രോസോഫ്റ്റ് ഉടമസ്ഥതയിൽ ഉള്ള ബിങ് സെർച്ച് എൻജിനാണ് ഈ വെബ്ബ് ആപ്പിന്റെ സൃഷ്ടാക്കൾ. വിശാസയോഗ്യമായ വാര്‍ത്തകളും സര്‍ക്കാരില്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങളും അറിയാനും ബിങ് കോവിഡ്-19 ട്രാക്കര്‍ സഹായിക്കും.
ഇപ്പോൾ മലയാളം ഉള്‍പ്പെടെ ഒമ്പത് ഇന്ത്യന്‍ ഭാഷകളില്‍ കൊറോണ രോഗത്തെ കുറിച്ചുള്ള വിവരങ്ങൾ ഇതിൽ ലഭിക്കും. ആപ്പിന്റെ മുകളിൽ വലതു ഭാഗത്തെ ഭാഷാ സെറ്റിങ്സിൽ പോയി ഭാഷ മാറ്റാവുന്നതാണ്.
കോവിഡ് രോഗത്തെ കുറിച്ചുള്ള ദേശീയ വാർത്തകളും, പ്രാദേശിക വാർത്തകളും പുതിയ പതിപ്പിൽ ലഭിക്കും.
ബിങ് കോവിഡ് 19 ട്രാക്കറിലെ ടെലിമെഡിസിന്‍ സപ്പോര്‍ട്ട് ഹബ് എന്ന സേവനം വഴി ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അപ്പോളോ ഹോസ്പിറ്റലുകള്‍, പ്രാക്‌റ്റോ, വണ്‍ എംജി, എംഫൈന്‍ എന്നിവരുമായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷൻ നടത്താം.
മൈക്രോസോഫ്റ്റ് അപ്പോളോ ഹോസ്പിറ്റലുമായി സഹകരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള അപ്പോളോ ഹോസ്പിറ്റല്‍സ് ബോട്ട് (Apollo Hospitals Bot), ബിങ് കോവിഡ് 19 ട്രാക്കറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോവിഡ്-19 ലക്ഷണങ്ങളെക്കുറിച്ചും അപകടസാധ്യതയെക്കുറിച്ചും സ്വയം വിലയിരുത്താന്‍ ഈ ചാറ്റ് ബോട്ട് ഉപയോക്താക്കളെ സഹായിക്കും.