കൊറോണ വൈറസ് ട്രാക്കിങ്ങിനായി ആരോഗ്യസേതു എന്ന പേരിൽ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഫോണിലെ ലൊക്കേഷൻ ഡാറ്റ, ബ്ലൂടൂത്ത് ഡാറ്റ എന്നിവ ഉപയോഗിച്ച് നിങ്ങള്‍ കൊറോണ വൈറസ് ബാധിതന്റെ അടുത്താണോ എന്ന് ഈ ആപ്പ് വഴി അറിയാൻ കഴിയും.
കൊറോണ രോഗം നിങ്ങൾക്ക് സമീപത്ത് ആരിലെങ്കിലും സ്ഥിരീകരിക്കുമ്പോഴോ, നിങ്ങൾ കൊറോണ ബാധിത മേഖലയിലേക്ക് പോവുമ്പോഴോ ആപ്പ് അറിയിപ്പ് തരും.
ഈ ആപ്പിന്റെ ശരിയായ ഉപയോഗം ലഭിക്കണമെങ്കിൽ ഫോണിലെ ബ്ലൂടുത്ത്, ജിപിഎസ് എന്നിവ ഓൺ ചെയ്തുവെക്കേണ്ടതുണ്ട്.
ആരോഗ്യസേതു ആപ്പിലൂടെ കൊറോണ ബാധ ഏല്‍ക്കാതെ സുരക്ഷിതമായി ഇരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും ലഭിക്കും. കൊറോണ വൈറസിനെക്കുറിച്ചുള്ള സംശയങ്ങള്‍ ചോദിക്കുന്നതിനും മറുപടി നല്‍കുന്നതിനുമായി ഒരു ചാറ്റ് ബോക്‌സ് ഈ ആപ്പിലുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലേയും കൊറോണ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും ഈ ആപ്പ് വഴി ലഭിക്കും.
നിങ്ങള്‍ കൊറോണ പോസിറ്റീവ് ആണെങ്കില്‍ നിങ്ങള്‍ എവിടെയൊക്കെ പോയി ആരുമായെല്ലാം സമ്പര്‍ക്കത്തിലേര്‍പ്പെട്ടു എന്ന കൃത്യമായ വിവരങ്ങള്‍ ആപ്പ് വഴി സര്‍ക്കാരിന് ലഭിക്കും.
നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ ആണ് ആപ്പ് നിർമ്മിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ആരോഗ്യസേതു ആപ്പ് ലഭ്യമാണ്.
ഈ ആപ്പ് വഴി ലൊക്കേഷൻ ഡാറ്റ ശേഖരിക്കുന്നത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്.