വിൻഡോസ് ലൈറ്റ് – മൈക്രോസോഫ്റ്റ് വിൻഡോസ് ഒഎസിന്റെ പുതിയ പതിപ്പിന്റെ പണിപ്പുരയിൽ

വിൻഡോസ് ലൈറ്റ് എന്ന കോഡ് നെയ്മിൽ മൈക്രോസോഫ്റ്റ് വിൻഡോസ് ഒഎസിന്റെ ഒരു പുതിയ പതിപ്പിന്റെ നിർമ്മാണത്തിലാണ്. ഇരട്ട ഡിസ്പ്ലേ ഉള്ള ഉപകാരണങ്ങളെയും ഗൂഗിളിന്റെ ക്രോംബുക്ക് പോലെയുള്ള ലോ എൻഡ് കമ്പ്യൂട്ടറുകളെയുമാണ് ഈ പതിപ്പ് ലക്ഷ്യംവെക്കുന്നത്. മടക്കാൻ കഴിയുന്ന ഡിസ്പ്ലേ ഉള്ള ഉപകരണങ്ങളും ഇതിൽ ഉൾപ്പെടും.

ലൈറ്റ്

2019 മെയിൽ നടക്കാനിരിക്കുന്ന ബിൽഡ് ഡെവലപ്പർ കോൺഫെറൻസിൽ വെച്ചാകും പുതിയ ഒഎസ് അവതരിപ്പിക്കുക. വിൻഡോസ് ഉപയോഗിക്കുന്ന ഡെവലപ്പർമാർക്കായി മൈക്രോസോഫ്റ്റ് എല്ലാ വർഷവും നടത്തുന്ന ഒരു ഇവന്റാണ് ബിൽഡ് ഡെവലപ്പർ കോൺഫെറൻസ്.

വിൻഡോസ് ലൈറ്റ് രൂപത്തിലും ഭാവത്തിലും വിൻഡോസ് 10 പോലെ ആയിരിക്കുമെങ്കിലും വിൻഡോസ് 10ൽ ഉള്ളതിനേക്കാൾ കുറഞ്ഞ ഫീച്ചേഴ്‌സ് മാത്രമേ ഉണ്ടാകൂ. മൈക്രോസോഫ്റ്റ് ആപ്പ് സ്റ്റോറിൽ നിന്നുള്ള ആപ്പുകളും പ്രോഗ്രസ്സിവ് വെബ് ആപ്പുകളും ഇതിൽ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് റിപ്പോർട്ടുണ്ട്.

മൈക്രോസോഫ്റ്റ് വിൻഡോസ് ലൈറ്റിൽ പ്രവർത്തിക്കുന്ന മടക്കാൻ കഴിയുന്ന ഡിസ്പ്ലേയുള്ള ഒരു ഉപകരണം നിർമ്മിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. അത് മൈക്രോസോഫ്റ്റിന്റെ ഫോൾഡബിൾ ഫോണാകുമെന്നാണ് പറയുന്നത്.

ഇരട്ട സ്‌ക്രീനുള്ള ഉപകരണങ്ങളെയാണ് തുടക്കത്തിൽ മൈക്രോസോഫ്റ്റ് തുടക്കത്തിൽ ലക്ഷ്യം വെക്കുന്നത്. പിന്നീട് ഗൂഗിളിന്റെ ക്രോംബുക്ക് പോലെയുള്ള കമ്പ്യൂട്ടറുകൾ നിർമ്മിക്കുന്ന കമ്പനികൾക്കും വിൻഡോസ് ലൈറ്റ് നൽകും.

വിൻഡോസ് ലൈറ്റിന്റെ യഥാർത്ഥ പേര് എന്താകുമെന്നോ, എപ്പോൾ വിപണിയിൽ എത്തുമെന്നോ ഇതുവരെ റിപ്പോർട്ടുകൾ ഒന്നുമില്ല. മെയിൽ നടക്കാനിരിക്കുന്ന ബിൽഡ് ഡെവലപ്പർ കോൺഫെറൻസ് വരെ നമുക്ക് കാത്തിരിക്കാം.