പോകോ എഫ് വൺ ഫോണിൽ ഇനി 4കെ വീഡിയോ റെക്കോർഡ് ചെയ്യാം – എംഐയുഐ അപ്ഡേറ്റ്

ഷവോമിയുടെ സബ് ബ്രാൻഡായ പോകോയുടെ പോകോ എഫ് വൺ ഫോണിൽ 4കെ വീഡിയോ 60 എഫ്പിഎസിൽ റെക്കോർഡ് ചെയ്യാം. എഐയുഐ 10 9.3.1 ബീറ്റ അപ്ഡേറ്റിലാണ് പുതിയ മാറ്റം ലഭ്യമാവുക. കൂടാതെ ഈ അപ്ഡേറ്റിൽ ഫുൾ എച്ച്ഡി വീഡിയോയും 60 എഫ്പിഎസിൽ എടുക്കാം.

പോകോ എഫ് വൺ 4കെ വീഡിയോ

നേരത്തെ 30 എഫ്പിഎസ് വീഡിയോ റെക്കോഡിങ് സൗകര്യം മാത്രമായിരുന്നു പോകോ എഫ് വണ്ണിൽ ഉണ്ടായിരുന്നത്. പോകോ ഇന്ത്യയുടെ ജനറല്‍ മാനേജര്‍ സി. മന്‍മോഹനാണ് പുതിയ അപ്ഡേറ്റിന്റെ കാര്യം ട്വീറ്റ് ചെയ്തത്. അധികം വൈകാതെ തന്നെ പുതിയ അപ്‌ഡേറ്റ് പോകോ എഫ് വണ്‍ ഫോണുകളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു മുന്നത്തെ മറ്റൊരു ബീറ്റാ അപ്ഡേറ്റിൽ നെറ്റ് ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോകള്‍ എച്ച്ഡി ഗുണമേന്മയില്‍ കാണാന്‍ സാധിക്കുന്ന വൈഡ് വൈന്‍ എല്‍വണ്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു.

പോകോ എഫ് വൺ ഫോണിൽ ഏറ്റവും ഒടുവിൽ ലഭിച്ച സ്‌റ്റേബിള്‍ അപ്‌ഡേറ്റ് എം.ഐ.യു.ഐ10.2.2.0 ആണ്. ഇതില്‍ 960 എഫ്പിഎസില്‍ സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോ എടുക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരുന്നു. കൂടാതെ ബാറ്ററി ലോ ലൈറ്റ് ഫോട്ടോഗ്രഫിയ്ക്ക് വേണ്ടി പ്രത്യേകം ലോ ലൈറ്റ് മോഡും ഇതിൽ വന്നിട്ടുണ്ട്.

എഐയുഐ 10 9.3.1 ബീറ്റ അപ്ഡേറ്റ് മാർച്ച് 1 2019നാണ് ഷവോമി ഇറക്കിയത്. നിങ്ങൾ എഐയുഐ ബീറ്റാ ടെസ്റ്റർ ആണെങ്കിൽ പുതിയ അപ്ഡേറ്റിന്റെ നോട്ടിഫിക്കേഷൻ നിങ്ങളുടെ പോകോ എഫ് വണ്ണിൽ ലഭിച്ചിട്ടുണ്ടാകും.

നിങ്ങൾ ഒരു ബീറ്റാ ടെസ്റ്റർ അല്ല, പക്ഷെ ബീറ്റാ ടെസ്റ്റിങ് നടത്താൻ താല്പര്യപെടുന്നുണ്ടെങ്കിൽ പോകോ എഫ് വണ്ണിനുവേണ്ടിയുള്ള എഐയുഐ 10 9.3.1 ബീറ്റ അപ്ഡേറ്റ് ഈ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.