സ്പോട്ടിഫൈ മ്യൂസിക് സ്ട്രീമിങ് സേവനം ഇന്ത്യയിലും ആരംഭിച്ചു

സ്വീഡന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലോകത്തെ ജനപ്രിയ ഓൺലൈൻ മ്യൂസിക് സ്ട്രീമിങ് കമ്പനിയായ സ്പോട്ടിഫൈ അവരുടെ സേവനം ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിച്ചു. വെബ്, ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ സേവനം ഇന്ത്യയിൽ ഉപയോഗിക്കാം.

മുൻപ് സ്പോട്ടിഫൈ ഇന്ത്യയിൽ ലഭ്യമല്ലായിരുന്നു. ഇന്ത്യയിൽ വിപിഎൻ ഉപയോഗിച്ച് മാത്രമേ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഫെബ്രുവരി 27 മുതൽ വിപിഎൻ ഒന്നുമില്ലാതെ ആർക്കും അവരുടെ സേവനം ഉപയോഗിക്കാം.

നാല് കോടി ഗാനങ്ങളും ആയിരക്കണക്കിന് പ്ലേ ലിസ്റ്റുകളും ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് സ്‌പോട്ടിഫൈ പറഞ്ഞു. സ്‌പോട്ടിഫൈ സേവനം തുടങ്ങുന്ന 79മത്തെ രാജ്യമാണ് ഇന്ത്യ.

സ്പോട്ടിഫൈ

ഇന്ത്യക്ക് വേണ്ടി https://www.spotify.com/in എന്ന വിലാസത്തിൽ ഒരു വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട്. വെബ്‌സൈറ്റ് ഫെബ്രുവരി 27 രാവിലെ മുതൽ ലഭിക്കുന്നുണ്ട്. വെബ്‌സൈറ്റിൽ കൊടുത്തതു പ്രകാരം ഒരു മാസം ഒരു മാസത്തേക്ക് പ്രീമിയം സേവനം ഉപയോഗിക്കാൻ 119 രൂപ വേണം.

മുപ്പത് ദിവസത്തേക്ക് സ്പോട്ടിഫൈ പ്രീമിയം സൗജന്യമായി ഉപയോഗിക്കാം പക്ഷെ നമ്മുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകണം എന്ന് മാത്രം. 30 ദിവസം കഴിഞ്ഞാൽ പ്രതിമാസം 119 രൂപവെച്ച് കാർഡിൽ നിന്ന് പിടിക്കും. എപ്പോൾ വേണമെങ്കിലും ഈ സബ്സ്ക്രിപ്ഷൻ ക്യാൻസൽ ചെയ്യാനും പറ്റും.

പോസ്റ്റ്പെയ്ഡ് സബ്സ്ക്രിപ്ഷൻ പ്ലാനിന്‌ പുറമെ ഒരു ദിവസം, ഒരു ആഴ്ച്ച, ഒരു മാസം, ആറ് മാസം ഒരു വർഷം തുടങ്ങിയ പ്രീപെയ്ഡ് പ്ലാനുകളും ഉണ്ട്. ഇവക്ക് യഥാക്രമം 13, 39, 129, 389, 719, 1189 രൂപയാണ്.

വിദ്യാർഥികൾക്കായി പ്രത്യേക പ്രീമിയം പാക്കേജുകളും സ്പോട്ടിഫൈ അവതരിപ്പിച്ചിട്ടുണ്ട്. പ്രതിമാസ പോസ്റ്റ്പെയ്ഡ് സബ്സ്ക്രിപ്ഷൻ പ്ലാനിന്‌ 59 രൂപയും. 30 ദിവസ പ്രീപെയ്ഡ് പ്ലാനിന്‌ 66 രൂപയുമാണ്. 18 വയസ് കഴിഞ്ഞ അംഗീകൃത കോളേജ് അല്ലെങ്കിൽ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നവരാണ് ഈ പാക്കേജിന് അർഹർ.

സ്പോട്ടിഫൈ പ്രീമിയം ഉപയോഗിക്കുന്നവര്‍ക്ക് ഓഫ്‌ലൈന്‍ മോഡ്, മികച്ച ശബ്ദം, സ്‌പോട്ടിഫൈ കണക്റ്റ്, പരസ്യങ്ങളില്ലാതെ പാട്ട് കേള്‍ക്കുക തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. പ്രീമിയം പതിപ്പിന് പുറമെ സ്പോട്ടിഫൈയുടെ പരസ്യങ്ങളുള്ള സൗജന്യമായ മറ്റൊരു പതിപ്പും ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സൗജന്യ സേവനത്തിന് പരിമിതികളുണ്ടാവും.

ഹിന്ദി, ഇംഗ്ലീഷ്, മലയാളം, പഞ്ചാബി, തമിഴ്, കന്നഡ, ബംഗാളി തുടങ്ങി വിവിധ ഭാഷകളിലുള്ള പാട്ടുകള്‍ സ്‌പോട്ടിഫൈയില്‍ കേള്‍ക്കാം. നഗരങ്ങള്‍ക്ക് അനുസരിച്ചുള്ള ട്രെന്‍ഡിങ് ലിസ്റ്റും സ്‌പോട്ടിഫൈയിലുണ്ടാവും.

ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് ടെക്നോളജി ഉപയോഗിച്ച് ഉപയോക്താക്കളുടെ താത്പര്യം തിരിച്ചറിഞ്ഞ് പാട്ടുകള്‍ നിര്‍ദേശിക്കുന്ന സംവിധാനം സ്പോട്ടിഫൈലുണ്ട്.