ആദ്യ 5ജി ഫോൺ ഇറങ്ങുന്നതിന് മുൻപേ രണ്ടാം തലമുറ 5ജി സ്മാർട്ട്ഫോൺ ചിപ്പ് തയ്യാറാക്കി ക്വാൽകോം

ആദ്യ 5ജി സ്മാർട്ട്ഫോൺ ഇതുവരെ വിപണിയിൽ ഇറങ്ങിയിട്ടില്ല, പക്ഷെ അതിന് മുൻപേ രണ്ടാം തലമുറ 5ജി സ്മാർട്ട്ഫോൺ ചിപ്പ് സ്നാപ്ഡ്രാഗൺ X55 പ്രഖ്യാപിച്ച് ക്വാൽകോം. അടുത്ത ആഴ്ച സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കാനിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2019(MWC 2019)ന് മുന്നെയാണ് ഈ പ്രഖ്യാപനം.

ക്വാൽകോം 5ജി ചിപ്പ്

സ്നാപ്ഡ്രാഗൺ X50യുടെ പിൻഗാമിയാണ് സ്നാപ്ഡ്രാഗൺ X55. ക്വാൽകോമിന്റെ രണ്ടാമത്തെ 5ജി ചിപ്പാണിത്. ക്വാൽകോമിന്റെ പങ്കാളികളായ സ്മാർട്ടഫോൺ നിർമ്മാതാക്കൾക്ക് അടുത്ത മാസംമുതൽ പുതിയ ചിപ്പ് ലഭിക്കും. 2019 അവസാനത്തോടെ ഈ ചിപ്പിൽ പ്രവർത്തിക്കുന്ന ഫോൺ ഇറങ്ങും എന്നാണ് ക്വാൽകോം പറയുന്നത്. ആഗോള 5ജി മാനദണ്ഡങ്ങൾ അനുസരിക്കുന്ന ചിപ്പാണ് X55.

2ജി, 3ജി, 4ജി കൂടെ പുതിയ വേഗതയേറിയ 5ജി നെറ്റ്‌വർക്കുകൾ X55 ചിപ്പ് സപ്പോർട്ട് ചെയ്യും. X50 ചിപ്പ് 5ജി നെറ്റ്‌വർക്ക് മാത്രമേ സപ്പോർട്ട് ചെയ്യൂ. അതിനാൽ സ്മാർട്ടഫോൺ നിർമ്മാതാക്കൾക്ക് 2ജി, 3ജി, 4ജി കണക്ടിവിറ്റിക്കായി രണ്ടാമതൊരു ചിപ്പ്കൂടെ ഉൾപ്പെടുത്തേണ്ടതുണ്ടായിരുന്നു.

X55ന്റെ വരവോടെ കംബനികൾക്ക് വിവിധ നെറ്റ്‌വർക്കുകൾക്കായി ഇനി ഒരു ചിപ്പ് വാങ്ങിയാൽ മതി. X50യെ അപേക്ഷിച്ച്‌ X55, ഫോണിന്റെ കട്ടിയും, നീളവും കുറക്കാൻ സഹായിക്കും. വിവിധ നെറ്റ്‌വർക്കുകൾ ഒരു ചിപ്പ് മതിയെന്നതിനാൽ ഫോണിന്റെ വിലയും കുറയും.

7 ജിഗാബിറ്റ്‌സ്/സെക്കന്റ് വേഗതയോടെയുള്ള ഡാറ്റ ട്രാൻസ്ഫർ X55ൽ സാധ്യമാകുമെന്നാണ് ക്വാൽകോം അവകാശപ്പെടുന്നത്. X50യുടെ വേഗത 5 ജിഗാബിറ്റ്‌സ്/സെക്കന്റ് ആയിരുന്നു. വേഗതയിൽ 40% വർദ്ധനവാണ് ഉള്ളത്. എന്നിരുന്നാലും X55ക്ക് X50യെക്കാൾ കുറഞ്ഞ പവർ മതി പ്രവർത്തിക്കാൻ.

X50 അടിസ്ഥാനമാക്കിയുള്ള 5ജി സ്മാർട്ടഫോണുകളുടെ ഒരു നിര തന്നെയാണ് വരും മാസങ്ങളിൽ ഇറങ്ങാനിരിക്കുന്നത്. X55 5ജി ഫോണുകൾക്ക് 2019 അവസാനം വരെ കാത്തിരിക്കേണ്ടി വരും.