ഇന്റർനെറ്റ് എക്സ്പ്ലോറർ ഉപേക്ഷിച്ച് പുതിയ വെബ് ബ്രൗസർ ഉപയോഗിക്കാൻ നിർദ്ദേശം നൽകി മൈക്രോസോഫ്റ്റ്

ഇന്റർനെറ്റ് ബ്രൗസ് ചെയ്യാൻ നിങ്ങൾ ഇപ്പോളും ഉപയോഗിക്കുന്നത് ഇന്റർനെറ്റ് എക്സ്പ്ലോറർ ആണോ? ആണെങ്കിൽ അതുപേക്ഷിച്ച് ഏതെങ്കിലും നവീന ബ്രൗസർ ഉപയോഗിക്കണം. ഇങ്ങനെ പറയുന്നത് മറ്റാരുമല്ല ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ സ്രഷ്‌ടാവ്‌ സാക്ഷാൽ മൈക്രോസോഫ്റ്റ് തന്നെ.

ഇന്റർനെറ്റ് എക്സ്പ്ലോറർ

മൈക്രോസോഫ്റ്റ് സൈബർ സെക്യൂരിറ്റി വിദഗ്‌ദ്ധന്‍ ക്രിസ് ജാക്സൺ മൈക്രോസോഫറ്റിന്റെ ടെക് കമ്മ്യൂണിറ്റി വെബ്സൈറ്റിലെ ബ്ലോഗ് വഴിയാണ് ബ്രൌസർ മാറ്റാനായി ആവശ്യപെട്ടിട്ടുള്ളത്. “The perils of using Internet Explorer as your default browser” എന്ന തലക്കെട്ടിലാണ് ബ്ലോഗ് എഴുതിയിരിക്കുന്നത്.

ഇന്റർനെറ്റ് എക്സ്പ്ലോറർ വളരെ കാലഹരണപ്പെട്ട ബ്രൗസറാണ്. പുതിയ വെബ് മാനദണ്‌ഡങ്ങൾ ഒന്നും തന്നെ എക്സ്പ്ലോറർ സപ്പോർട്ട് ചെയ്യുന്നില്ല. ഭൂരിഭാഗം പുതിയ വെബ്സൈറ്റുകൾ ഒന്നും അതിൽ പ്രവർത്തിക്കില്ല. തങ്ങൾ ഉണ്ടാക്കുന്ന വെബ്സൈറ്റുകൾ ഇന്റർനെറ്റ് എക്സ്പ്ലോററിന് വേണ്ടി ഒരു വെബ് ഡെവലപ്പർമാരും ടെസ്റ്റ് ചെയ്യുന്നില്ല. എക്സ്പ്ലോറർ മാറ്റി നവീന ബ്രൗസർ ഉപയോഗിക്കാൻ ഈ കാരണങ്ങൾ ആണ് മൈക്രോസോഫ്റ്റ് ബ്ലോഗിൽ പറഞ്ഞിട്ടുള്ളത്.

ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോററിന്റെ പകരക്കാരനായി മൈക്രോസോഫ്റ്റ് അവതരിപ്പിച്ച ബ്രൗസറാണ് മൈക്രോസോഫ്റ്റ് എഡ്ജ്. വിന്‍ഡോസ് 10ലെ ഡിഫാള്‍ട്ട് ബ്രൗസര്‍ മൈക്രോസോഫ്റ്റ് എഡ്ജ് ആണ്. പക്ഷെ വിൻഡോസ് 7, വിൻഡോസ് 8, വിൻഡോസ് എക്സ്പി എന്നിവക്ക് വേണ്ടി എഡ്ജ് ബ്രൗസർ മൈക്രോസോഫ്റ്റ് ഇറക്കിയിട്ടില്ല. ഈ മൂന്ന് ഒഎസുകൾ ചേർന്ന് ആണ് വിൻഡോസ് ഒഎസ് മാർക്കറ്റ് പങ്കാളിത്തത്തിന്റെ 50 ശതമാനവും കൈ അടക്കി വെച്ചിരിക്കുന്നത്.

എഡ്ജ് ബ്രൌസർ മൈക്രോസോഫ്റ്റ് കരുതിയപോലെ ഒരു വിജയമായിരുന്നില്ല. എഡ്ജ് എത്തിയപ്പോഴേക്കും ബ്രൗസർ വിപണിയുടെ സിംഹഭാഗവും ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ് എന്നിവർ കയ്യടക്കിയിരുന്നു.

സംഗതി ഇങ്ങനെ ആണെങ്കിലും മുകളിൽ പറഞ്ഞ ബ്ലോഗിൽ ഒരിക്കൽ പോലും ഇന്റർനെറ്റ് എക്സ്പ്ലോററിന് പകരം മൈക്രോസോഫ്റ്റ് എഡ്ജ് ഉപയോഗിക്കണമെന്ന് ക്രിസ് ജാക്സൺ പറഞ്ഞിട്ടില്ല. മാത്രമല്ല ഇന്റർനെറ്റ് എക്സ്പ്ലോററിനെ ഒരു compatibility solution ആയിട്ടാണ് കാണുന്നതെന്നും പറഞ്ഞു.