വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വ്യക്തികളെ അവരുടെ അനുമതിയില്ലാതെ ചേര്‍ക്കുന്നത്തിന് നിയന്ത്രണം വരുന്നു

വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേയ്ക്ക് ആർക്ക് ആരേ വേണമെങ്കിലും ചേർക്കാമെന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. ഇക്കാരണത്താൽ പലപ്പോഴും നമ്മൾ ചേരാൻ ആഗ്രഹമില്ലാത്ത ഗ്രൂപ്പുകളിൽ നമ്മൾ അംഗങ്ങൾ ആകേണ്ടി വന്നിട്ടുണ്ടാകാം. ഇതിനൊക്കെയുള്ള ഒരു പരിഹാരം അണിയറയിൽ ഒരുക്കുകയാണ് വാട്ട്‌സ്ആപ്പ്.

പുതിയ ഫീച്ചറിലൂടെ വ്യക്തികളെ അവരുടെ അനുമതിയില്ലാതെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നതിനെ തടയാനുള്ള സൗകര്യമാണ് കമ്പനി ഒരുക്കുന്നത്. വാട്ട്‌സ്ആപ്പ് ബീറ്റ ഇൻഫോ എന്ന വെബ്‌സൈറ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പുതിയ ഫീച്ചറിന്റെ ബീറ്റ വേര്‍ഷന്‍ പരീക്ഷണ ഘട്ടത്തിലാണ്. വാട്ട്‌സ്ആപ്പിന്റെ ഐഫോൺ ആപ്പിലായിരിക്കും ഈ പരിഷ്‌കാരം ആദ്യം ലഭിക്കുക. ഇതിന് പിന്നാലെ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാക്കും.

വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് സെറ്റിങ്‌സില്‍ താഴെ പറയുന്ന മെനുവിൽ പോയാല്‍ ഇങ്ങനെ മാറ്റങ്ങള്‍ വരുത്താം. Settings > Account > Privacy > Groups

വാട്ട്‌സ്ആപ്പ്

എവരിവണ്‍(Everyone), മൈ കോണ്ടാക്ട്‌സ്(My Contacts), നോബഡി(Nobody) എന്നീ മൂന്ന് ഓപ്ഷനുകളാണ് ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് സെറ്റിങ്‌സ് വഴി ലഭ്യമാകുക. ഇതിലൂടെ ആരൊക്കെ തങ്ങളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കണമെന്നും വേണ്ടെന്നും ഉപഭോക്താക്കള്‍ക്ക് തന്നെ തീരുമാനിക്കാവുന്നതാണ്.

നിങ്ങൾ ‘എവരിവണ്‍’ എന്നാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍, ഒരു ക്ഷണം ആവശ്യമില്ലാതെ ആർക്കും നിങ്ങളെ ഒരു ഗ്രൂപ്പിലേക്ക് ചേര്‍ക്കാന്‍ സാധിക്കും. മൈ കോണ്ടാക്ട്‌സ് ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ നിങ്ങളുടെ കോണ്ടാക്ട്‌സ് ലിസ്റ്റിൽ ഉള്ളവർക്ക് നിങ്ങളെ അവരുടെ ഗ്രൂപ്പിലേക്ക് ചേർക്കാവുന്നതാണ്. മറ്റുള്ളവര്‍ നിങ്ങൾക്ക് ഒരു ക്ഷണം അയയ്‌ക്കേണ്ടി വരും, നിങ്ങൾക്ക് അത് സ്വീകരിക്കാനോ നിരസിക്കാനോ സാധിക്കും.

‘നോബഡി’ ഓപ്ഷനാണ് തെരഞ്ഞെടുത്തതെങ്കിൽ നിങ്ങളെ നേരിട്ട് ഒരു ഗ്രൂപ്പിലും അംഗമാക്കാന്‍ ആർക്കും സാധിക്കില്ല. ഗ്രൂപ്പില്‍ അംഗമാക്കണമെങ്കില്‍ അഡ്മിന്‍ നിങ്ങൾക്ക് ക്ഷണം നല്‍കണം. ഇങ്ങനെ അയക്കുന്ന ക്ഷണത്തിന് 72 മണിക്കൂറാണ് ആയുസ്സ്. 72 മണിക്കൂറിന് ശേഷം ഇങ്ങനെ ലഭിക്കുന്ന ക്ഷണം തന്നെ ഇല്ലാതാകും.