വിൻഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സൗജന്യ സെക്യൂരിറ്റി സപ്പോർട്ട് മൈക്രോസോഫ്റ്റ് 2020 ജനുവരി 14ഓടെ അവസാനിപ്പിക്കും. വിൻഡോസ് 7, 2009ലാണ് മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നത്. കംപ്യൂട്ടർ നിർമ്മാതാക്കൾക്കായി 2009 ജൂലൈ 22-നും പൊതു ജനങ്ങൾക്കായി 2009 ഒക്ടോബർ 22-നും പുറത്തിറക്കി.
വിൻഡോസ് വിസ്റ്റ പുറത്തിറങ്ങി 3 വർഷം കഴിഞ്ഞാണ് വിൻഡോസ് 7 മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നത്. ഇപ്പോൾ ഏകദേശം 10 വയസ്സായി. 2018 ഡിസംബറിലെ കണക്കുപ്രകാരം വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവരിൽ 36.9 ശതമാനം ആളുകളും 7 ആണ് ഉപയോഗിക്കുന്നത്.
വിൻഡോസ് 7ന്റെ ഒഫീഷ്യൽ സപ്പോർട്ട് 2015 ജനുവരിയിൽ മൈക്രോസോഫ്റ്റ് നിർത്തലാക്കിയിരുന്നു. പിന്നീട് സൗജന്യ സെക്യൂരിറ്റി സപ്പോർട്ട് കാലാവധി നീട്ടുകയായിരുന്നു. അതാണ് 2020 ജനുവരി 14ന് അവസാനിക്കുക. തുടർന്നും ഈ ഒഎസ് ഉപയോഗിക്കുന്നവർക്ക് സപ്പോർട്ട് വേണമെങ്കിൽ മൈക്രോസോഫ്റ്റിന് പണം നൽകേണ്ടി വരും.
വിൻഡോസ് 7ന്റെ എന്റർപ്രൈസ്, ബിസിനസ് ഉപഭോക്താക്കൾക്ക് സെക്യൂരിറ്റി അപ്ഡേറ്റ് 2023 വരെ ലഭിക്കും. പക്ഷെ സാധാരണ ഉപഭോക്താക്കൾക്ക് ലഭിക്കില്ല. 2020ഓടെ വിൻഡോസ് 10 ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാകും എന്നാണ് കരുതുന്നത്.