വാട്‌സാപ്പ് 2018ൽ അവതരിപ്പിച്ച പ്രധാന ഫീച്ചറുകൾ

വാട്‌സാപ്പ്

വാട്‌സാപ്പ് കൂടുതൽ ഫീച്ചറുകൾ അവരുടെ ആപ്പിൽ അവതരിപ്പിച്ച വർഷമായിരുന്നു 2018. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പാണ് വാട്‌സാപ്പ്. ഏതൊരു സാധാരണക്കാരനും എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന ലളിതമായ യൂസർ ഇന്റർഫേസ് ആണ് വാട്‌സാപ്പിന്റേത്. ഈയൊരു ലാളിത്യം നിലനിർത്തിയാണ് വാട്‌സാപ്പിലേക്ക് പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്നതും.

വ്യാജവാര്‍ത്തകള്‍, നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ പ്രചാരണം എന്നിവ വാട്‌സാപ്പിന് വെല്ലുവിളിയായതും കഴിഞ്ഞ വര്‍ഷമാണ്. വാട്‌സാപ്പിന്റെ ഐഒഎസ് ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ കൊണ്ടുവന്ന പ്രധാന ഫീച്ചറുകളാണ് താഴെ നൽകിയിരിക്കുന്നത്.

വാട്‌സാപ്പ് മെസ്സേജ് ഫോര്‍വേഡ് പരിധി കുറച്ചു

വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെ എണ്ണം കൂടിയപ്പോൾ അതിന് ഒരു തടയിടാൻ ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം അഞ്ച് ആക്കി കുറച്ചു. ഒരു സന്ദേശം ഒരു തവണ ഫോര്‍വേഡ് ചെയ്യുമ്പോള്‍ അഞ്ച് കോണ്‍ടാക്റ്റുകളിലേക്ക് മാത്രമേ അയക്കാന്‍ സാധിക്കൂ. ഇതുവഴി സന്ദേശങ്ങൾ അനാവശ്യമായി പ്രചരിക്കുന്നത് തടയാൻ കഴിഞ്ഞു.

വാട്‌സാപ്പ് സ്റ്റിക്കര്‍

ഇമോജികളെ പോലെ സന്ദേശങ്ങളുടെ ആശയം നന്നായി പ്രകടിപ്പിക്കാൻ സഹായിക്കുന്ന ഇമേജുകൾ ആണ് സ്റ്റിക്കര്‍. ടെലിഗ്രാം, ഫേസ്ബുക് മെസഞ്ചർ തുടങ്ങിയ അപ്പുകളിൽ വളരെ മുന്നേ തന്നെ ഈ ഫീച്ചർ ഉണ്ട്. കുറച്ചു വൈകി ആണേലും വാട്‌സാപ്പിലും സ്റ്റിക്കർ എത്തി. ദീപാവലിയോട് അനുബന്ധിച്ചാണ് ഇന്ത്യയില്‍ വാട്‌സാപ്പിൽ സ്റ്റിക്കര്‍ അവതരിപ്പിച്ചത്. വളരെ വേഗം തന്നെ ഇതിന് ജനസ്വീകാര്യത ലഭിച്ചു. 14 സ്റ്റിക്കര്‍ പായ്ക്കുകളാണ് വാട്‌സാപ്പ് നല്‍കുന്നത്. അവ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. സ്റ്റിക്കർ നിർമ്മിക്കുന്ന ആപ്പുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന സ്റ്റിക്കറുകൾ ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ട്.

ഫോര്‍വേഡ് ലേബല്‍

നമ്മൾക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്ത് വരുന്നവയാണോയെന്ന് തിരിച്ചറിയുന്നതിനുള്ള അടയാളമാണിത്. സന്ദേശങ്ങളുടെ ആധികാരികത മനസിലാക്കാൻ ഇത് സഹായിക്കുന്നു. നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ പ്രചാരണം കുറക്കാനും ഇത് സഹായിച്ചു.

ഗ്രൂപ്പ് കോളിങ്

ഓഡിയോ വീഡിയോ ഗ്രൂപ്പ് കോളിങ് സൗകര്യമാണ് പോയവര്‍ഷം അവതരിപ്പിച്ച മറ്റൊരു പ്രധാന ഫീച്ചർ. നാല് പേര്‍ക്ക് ഒരേ സമയം വീഡിയോകോള്‍ ചെയ്യാനും ഓഡിയോ കോള്‍ ചെയ്യാനും ഇതുവഴി സാധിക്കും. ഐഒഎസ് ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.

പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്

നമുക്ക് സന്ദേശമായി ലഭിക്കുന്ന യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം വീഡിയോ ലിങ്കുകള്‍ വാട്​സാപ്പിൽ നിന്നും പുറത്തുപോവാതെ തന്നെ പ്ലേ ചെയ്ത് കാണാൻ സഹായിക്കുന്ന ഫീച്ചറാണിത്. ഈ ലിങ്ക് തുറക്കുമ്പോൾ ഒരു വീഡിയോ പ്ലെയര്‍ വിന്‍ഡോ തുറന്നുവരും. വീഡിയോ കണ്ടുകൊണ്ടു തന്നെ ചാറ്റിങ് തുടരാന്‍ കഴിയും.

Leave a Reply