കേംബ്രിഡ്ജ് അനലിറ്റിക്ക എങ്ങിനെ ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ വിവരങ്ങൾ വിറ്റ് കാശാക്കി ?

2014 ൽ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന റിസർച്ച് കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അലക്സാണ്ടർ കോഗൻ ആളുകളുടെ വ്യക്തിത്വം ഏതു തരത്തിലാണ് എന്ന് കണ്ടു പിടിക്കാൻ വേണ്ടി ഒരു ഫെയ്‌സ്ബുക്ക് ആപ്പ് തയ്യാറാക്കി

ഈ ആപ്പ്ളിക്കേഷൻ ഉപയോഗിച്ചവരും ആപ്പ്ളിക്കേഷൻ ഉപയോഗിക്കാത്ത അവരുടെ കൂട്ടുകാർ അടക്കം 50 മില്യൺ ഫേസ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങൾ അലക്സാണ്ടർ കോഗണിനു ലഭിച്ചു.

ഈ വിവരങ്ങൾ ഉപയോഗിച്ചു വലിയ രീതിയിൽ ലോക രാഷ്ട്രീയ ശക്തികളിൽ മാറ്റം വരുത്താൻ സാധിക്കും എന്നത് ഭയാനകമായ ഒരു അറിവാണ്. കിംവദന്തി എന്തെന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിജയത്തിന് പിന്നിലും കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഈ ഡാറ്റ സമാഹാരം സഹായിച്ചിട്ടുണ്ട് എന്നാണ്.

എന്താണ് സംഭവിച്ചത്

ഇപ്പോൾ ഫെയ്‌സ്ബുക്കിൽ ധാരാളം മൂന്നാം കക്ഷി (Third party) ആപ്പുകൾ ലഭ്യമാണ്. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിൽ അല്ലാതെ ലോകത്തുള്ള ഡെവലപ്പേഴ്‌സ് സ്വന്തമായി നിർമിച്ച് ഫേസ്ബുക്കിന്റെ അനുമതിയോടെ പുറത്തിറക്കുന്നവയാണ് ഈ പറഞ്ഞ തേർഡ് പാർട്ടി ആപ്പുകൾ.

ഇങ്ങനെ നിർമിക്കുന്നത് കൊണ്ട് ഡെവലപ്പേഴ്സിന് ലഭിക്കുന്ന നേട്ടം എന്തെന്നാൽ ധാരാളം പരസ്യങ്ങൾ ആപ്പുകളിൽ ഉണ്ടായിരിക്കും. ആ പരസ്യങ്ങൾ മൂലം പണം സമ്പാദിക്കാം എന്നതാണ്.

ഫെയ്‌സ്ബുക്ക് മുഖേന ആണ് ഈ ആപ്പ്ളിക്കേഷൻ പ്രവർത്തിക്കുന്നത് എന്ന് മുന്നേ പറഞ്ഞല്ലോ. അത് കൊണ്ട് തന്നെ ഉപഭോക്താവ് ആ ആപ്പിനുള്ളിൽ പോകുമ്പോൾ തങ്ങളുടെ അടിസ്ഥാന വിവരവും ഇമെയിൽ അഡ്രസ്സും, ഫ്രണ്ട്‌സ് ലിസ്റ്റും, ലൈക്കുകളും ആപ്പ്ളിക്കേഷൻ ഡെവലപ്പറുമായി പങ്കു വക്കുന്നു.

ഇങ്ങനെ ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച് ഓരോ ഉപഭോക്താവിനെ കുറിച്ചും അവർക്കു സ്വയം അറിയാവുന്നതിനേക്കാൾ നന്നായി മെഷീൻ ലേർണിംഗ് എന്ന വിദ്യ ഉപയോഗിച്ച് മനസിലാക്കുവാൻ സാധിക്കും.

ഇതു നമ്മുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. ഫെയ്‌സ്ബുക്ക് സ്വകാര്യതാനയം (privacy policy) പ്രകാരം നമ്മുടെ വിവരങ്ങളൊന്നും തന്നെ മറ്റിതര ഡെവലപ്പേഴ്‌സുമായി പങ്കു വെക്കില്ല എന്നാണ്.

എന്നാൽ “നിങ്ങൾ വളർന്നു കഴിഞ്ഞാൽ എങ്ങനെ ഇരിക്കും?” “നിങ്ങക്കുള്ളിലെ സിനിമ നടൻ അല്ലെങ്കിൽ നടി ആര്?” തുടങ്ങിയ തലകെട്ടോടു കൂടി വരുന്ന ആപ്പുകൾ നമ്മൾ ഫെയ്‌സ്ബുക്കിൽ കണ്ടിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ തന്നെ അവർ ചോദിക്കുന്നുണ്ട് നിങ്ങളുടെ വിവരങ്ങൾ പങ്കു വക്കാൻ സമ്മതമാണോ എന്ന്.

ആകാംക്ഷ കാരണം നമ്മൾ എല്ലാവരും ഇത് നിസ്സാരമായി കണക്കാക്കി ആപ്പിന് അനുവാദം നൽകുന്നുമുണ്ട്.

ഫെയ്‌സ്ബുക്കിന് എന്ത് പങ്കാണുള്ളത്

2014 ൽ ഫെയ്‌സ്ബുക്കിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ ഉണ്ടായിരുന്ന പഴുത് കണ്ടെത്തിയാണ് അലക്സാണ്ടർ കോഗൻ തന്റെ ആപ്പ്ളിക്കേഷൻ നിർമിച്ചതും അത് വഴി വിവരങ്ങൾ ചോർത്തിയതും.

ഒരു ഉപഭോക്താവ് അലക്സാണ്ടർ കോഗണിന്റെ ആപ്പ്ളിക്കേഷൻ ഉപയോഗിക്കുമ്പോൾ അയാളുടെ അടിസ്ഥാന വിവരങ്ങളും മറ്റും മാത്രമല്ല കോഗണിന് ലഭിച്ചത്. അത് കൂടാതെ അയാളുടെ ഫ്രണ്ട് ലിസ്റ്റിലുള്ള മുഴുവൻ ആൾക്കാരുടെയും വിവരങ്ങളാണ് ലഭിച്ചത്.

ഇങ്ങനെ 27 ലക്ഷം ഉപഭോക്താക്കൾ വഴി 50 മില്യൺ ആൾക്കാരുടെ ഫേസ്ബുക് വിവരങ്ങൾ കോഗണിനു ലഭിച്ചു. ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് അവരുടെ റിസേർച്ചിനായി ഉപയോഗിച്ചത് കേംബ്രിഡ്ജ് അനലിറ്റിക്കയെ ആയിരുന്നു.

അത് കൊണ്ട് തന്നെ ഇവർക്ക് ലഭ്യമായ ഫേസ്ബുക് ഡാറ്റ ഉപയോഗിച്ചാണ് ട്രംപ് പ്രസിഡന്റ് ആയതെന്നാണ് കരുതുന്നത്.

അധികം താമസിയാതെ തന്നെ ഫെയ്‌സ്ബുക്ക് ടെക്‌നിഷ്യനുകൾ ഈ പഴുത് തിരഞ്ഞു കണ്ടു പിടിച്ചെങ്കിലും അപ്പോഴേക്കും വൈകി പോയിരുന്നു. 2016 ൽ കേംബ്രിഡ്ജ് അനലിറ്റികയുമായി ഫെയ്‌സ്ബുക്ക് ഭാരവാഹികൾ ബന്ധപ്പെടുകയും അവരുടെ കൈവശമുള്ള ഡാറ്റ ഡിലീറ്റ് ചെയ്യും എന്നുള്ള ഉറപ്പും വാങ്ങിയിരുന്നു.

എന്നാൽ ശ്രീലങ്കൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു കേംബ്രിഡ്ജ് അനലിറ്റിക്ക ഭാരവാഹികൾ വീണ്ടും ഈ ഡാറ്റ ഉപയോഗിച്ച് വില പേശിയപ്പോഴാണ് ഈ അഴിമതി പുറം ലോകം അറിഞ്ഞത്.

ഇതെങ്ങനെ നമ്മളെ ബാധിക്കും

നമ്മൾ മലയാളികൾ സ്വാഭാവികമായും ചിന്തിക്കുന്ന ഒരു കാര്യം ഇതായിരിക്കും. സംഭവം നടന്നത് അമേരിക്കയിൽ അല്ലെ? ഇതൊന്നും ഇവിടെ സംഭവിക്കില്ല എന്നായിരിക്കും.

എന്നാൽ നാമറിയാതെ തന്നെ നമ്മുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി അതിനു പറ്റിയ പരസ്യ കാമ്പയിനുകളിലൂടെ തിരഞ്ഞെടുപ്പ് ഫലം മറ്റിതര രാഷ്ട്രങ്ങളുടെ കൈക്കുള്ളിലാകും.

ഇതിൽ നിന്നും സുരക്ഷ നേടാൻ നമ്മൾ ഓരോരുത്തരും ഒറ്റ കെട്ടായി പ്രവർത്തിക്കേണ്ടി ഇരിക്കുന്നു. ഇനി മുതൽ ഫേസ്ബുക്കിൽ അനാവശ്യ ആപ്പ്ളിക്കേഷനുകൾ കാണുമ്പോൾ ചാടി കയറി അത് പരീക്ഷിക്കാൻ നിൽക്കാതെ അതിൽ നിന്നും പിന്മാറുക.

ആ ആപ്പുകളിൽ പറയുന്നത് ഒന്നും തന്നെ നടക്കില്ല എന്ന് ഉറപ്പുണ്ടായിട്ടും എന്തിനു വേണ്ടി ആണ് വെറുമൊരു ജിജ്ഞാസയുടെ പേരിൽ നാം നമ്മുടെ വിലപ്പെട്ട വിവരങ്ങൾ അടിയറവ് വയ്ക്കുന്നത്?

നമ്മുടെ ഏതേങ്കിലും കൂട്ടുകാർ ഇത് പോലെ ആപ്പ്ളിക്കേഷൻ ഉപയോഗിച്ചാൽ അവരെ പറഞ്ഞ് മനസിലാക്കേണ്ടത് നമ്മുടെ കടമ ആണ്. എന്തെന്നാൽ അവരുടെ ഫ്രണ്ട് ലിസ്റ്റിൽ നമ്മളും ഉണ്ട്.

ഫേസ്ബുക്കിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ഈ സുരക്ഷാ പഴുതുകളെല്ലാം തന്നെ ഇപ്പോൾ പരിഹരിച്ചിട്ടുണ്ട് എന്നാണ്. എന്നാൽ നമുക്കൊരിക്കലും തന്നെ ഉറപ്പ് പറയാൻ സാധിക്കുകയില്ല.

ഉപസംഹാരം

ഫെയ്‌സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് ഔദ്യോകികമായി മാപ്പ് ചോദിക്കുകയും ആ പഴുത് യാഥാർഥ്യമാണെന്നു സമ്മതിക്കുകയും ചെയ്തു. കേംബ്രിഡ്ജ് അനലിറ്റിക്ക അവരുടെ സിഇഒ യെ ഈ വിഷയത്തെ തുടർന്ന് പുറത്താക്കുകയും ചെയ്തു.

കേംബ്രിഡ്ജ് അനലിറ്റിക്ക വിഷയം പുറത്ത് വന്നതിനെ തുടർന്ന് വാട്സ്ആപ്പ് കോ ഫൗണ്ടർ ഇന്ന് ഒരു പ്രസ്താവന ഇറക്കി – “എല്ലാ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളും ഉടൻ തന്നെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടതാണ്”

ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് നാം വിചാരിക്കുന്നതിലും അപ്പുറമാണ് ഈ ഡാറ്റ കൾക്കുള്ള ശക്തി. ഫേസ്ബുക് ഡിലീറ്റ് ചെയ്യാൻ സാധിക്കാത്തവർ പരമാവധി തേര്‍ഡ് പാർട്ടി ആപ്പ്ളിക്കേഷനുകളുടെ ഉപയോഗം പാടെ കുറക്കുക.

Leave a Reply