മൊബൈൽ ഇന്റർനെറ്റ് ഡാറ്റാ പെട്ടന്ന് തീരുന്നോ? എങ്കിൽ തീർച്ചയായും ഗൂഗിൾ ഡാറ്റാലി ആപ്പ് ഉപയോഗിക്കണം

മൊബൈൽ ഇന്റർനെറ്റ് ഡാറ്റ ഉപയോഗം കുറക്കുവാൻ വേണ്ടി ഗൂഗിളിൽ നിന്നുള്ള ഒരുഗ്രൻ ആപ്പ് ആണ് ഡാറ്റാലി. ഗൂഗിളിന്റെ നെക്സ്റ്റ് ബില്ല്യൻ യൂസേഴ്സ് (Next Billion Users) പദ്ധതിക്ക് കീഴിൽ നിർമിച്ച ഡാറ്റാലി സാധാരണ ഉപഭോക്താവിന്റെ അനാവശ്യ ഡാറ്റ ഉപയോഗത്തെ പടിക്ക് പുറത്തു നിർത്തുവാൻ വളരെ അധികം സഹായിക്കുന്നു.

ആദ്യം ഹൈ സ്പീഡ് ഇന്റർനെറ്റും ഒരു പരിധി കഴിഞ്ഞാൽ സ്പീഡ് കുറഞ്ഞ അൺലിമിറ്റഡ് ഇന്റർനെറ്റും നൽകുന്ന സംവിധാനത്തെ ത്രോട്ട്ലിങ് (throttling) എന്ന് വിളിക്കുന്നു. ഇങ്ങനെ ഉള്ള ഡാറ്റ കണക്ഷൻ ഉപയോഗിക്കുന്ന സിം ഉപഭോക്താക്കൾക്ക് ഡാറ്റാലി ഉപയോഗിച്ച് താൻ എത്രത്തോളം ഡാറ്റ ഉപയോഗിച്ചു എന്ന് വ്യക്തമായി അറിയുവാൻ സാധിക്കും.

ഡാറ്റാലി

നിലവിൽ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കു മാത്രമാണ് ഡാറ്റാലി ലഭിക്കുന്നത്. വെറും 5 എംബി മാത്രമുള്ള ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

ആർക്കൊക്കെ ഉപയോഗപ്രദം

ഇന്റർനെറ്റ് ഡാറ്റക്ക് വളരെ അധികം വില നൽകേണ്ടി വരുന്ന രാജ്യങ്ങളിലും ഇന്റർനെറ്റ് കണക്റ്റിവിറ്റി വളരെ കുറവ് ലഭ്യമായ സ്ഥലങ്ങളിലും ഈ ആപ്പ് ഉപയോഗപ്രദമാണ്. ഇത് കൂടാതെ വികസിത രാജ്യങ്ങളിൽ ത്രോട്ട്ലിങ് സംവിധാനത്തിൽ ഡാറ്റ ഉപയോഗിക്കുന്നവർക്കും ഈ ആപ്പ് കൂടിയേ തീരു.

ഡാറ്റാലി എങ്ങനെ പ്രവർത്തിക്കുന്നു

നമ്മുടെ ഫോണുകളിലുള്ള എല്ലാ ആപ്പിന്റെയും പെരുമാറ്റം നിരീക്ഷിച്ചതിനു ശേഷം അവയിൽ ഏതൊക്കെ ആണ് നാമറിയാതെ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ച് ഡാറ്റ ഉപയോഗിക്കുന്നത് എന്ന് നമുക്ക് കാണിച്ച് തരുന്നു.ഈ ആപ്പുകളെ നമ്മുടെ ഇഷ്ടപ്രകാരം ബ്ലോക്ക് ചെയ്യാൻ സാധിക്കും.

ഇങ്ങനെ ബ്ലോക്ക് ചെയ്യുന്നത് വഴി അനാവശ്യ ഡാറ്റ ഉപയോഗം കുറയുന്നു. ഇത് കൂടാതെ ഡാറ്റാലി ഉപയോഗിക്കുന്നതിനു മുന്നേ ഗൂഗിൾ നമ്മളോട് ഒരു വിപിഎൻ (VPN) സജ്ജമാക്കുവാൻ വേണ്ടി അനുവാദം ചോദിക്കും.

ഈരീതിയിൽ വിപിഎൻ സജ്ജമാക്കിയാൽ മാത്രമേ ഡാറ്റാലിയുടെ മുഴുവൻ ഗുണമേന്മകളും നമുക്ക് ആസ്വദിക്കാൻ കഴിയുകയുള്ളു. വിപിഎൻ സജ്ജമാക്കി കഴിഞ്ഞാൽ നമ്മുടെ ഡാറ്റ ഉപയോഗം വിപിഎൻ മൂലമായിരിക്കും കൈമാറ്റം ചെയ്യപ്പെടുക.

എന്നാൽ സാധാരണ വിപിഎൻ പോലെ നമ്മുടെ ഐപി അഡ്രസ്സിൽ മാറ്റങ്ങൾ ഒന്നും തന്നെ വരുത്തുന്നില്ല. പകരം ഡാറ്റ എല്ലാം ഈ വിപിഎൻ വഴി ഗൂഗിൾ സെർവർ മുഖേന കൈമാറ്റം ചെയ്യപ്പെടുന്നു എന്ന് മാത്രം.

ഈ വിപിഎൻ ഗൂഗിളിന്റെ തന്നെ ഒരു പ്രോക്സി സെർവർ ആണ്. ഗൂഗിളിന്റെ അവകാശ വാദം ഈ വിപിഎൻ ഉപയോഗിക്കുന്നത് വഴി ഉപഭോക്താവിന്റെ ഒരു വിവരങ്ങളും ഗൂഗിൾ സ്റ്റോർ ചെയ്യുന്നില്ല എന്നാണ്. അത് കൊണ്ട് തന്നെ സാധാരണ ഉപഭോക്താക്കൾക്കു വിശ്വസിച്ച് ഉപയോഗിക്കാം.

എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം

ഡൗൺലോഡ് ലിങ്ക് https://play.google.com/store/apps/details?id=com.google.android.apps.freighter&hl=en

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡാറ്റാലി ഇൻസ്റ്റാൾ ചെയ്യുക. ഇൻസ്റ്റാൾ ആയി കഴിഞ്ഞു ആദ്യമായി ആപ്പ് തുറക്കുമ്പോൾ ഫോൺ, എസ്എംഎസ്, യൂസേജ് അക്‌സെസ് പെർമിഷനുകൾ ചോദിക്കും. ഈ പെർമിഷനുകൾ നൽകിയാൽ മാത്രമേ ഡാറ്റാലി പ്രവർത്തിക്കുകയുള്ളു.

ഗൂഗിളിന്റെ ആപ്പ് ഇമ്പ്രൂവ്മെന്റ് പ്രോഗ്രാമിൽ ചേരണോ വേണ്ടയോ എന്ന ഒരു ചോദ്യം വരും. താല്പര്യം ഉണ്ടെങ്കിൽ എസ് ഓപ്ഷൻ സെലക്ട് ചെയ്യുക. ഗൂഗിൾ ആപ്പ് ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം എന്തെന്നാൽ നമ്മുടെ ആപ്പ് ഉപയോഗം നമ്മൾ ആരാണെന്നറിയാതെ ഗൂഗിളിന് അയച്ചു കൊടുക്കും. ഗൂഗിളിലെ എഞ്ചിനീയറുകൾ അവയെ പഠിച്ച് വിശകലനം ചെയ്തു അപ്ലിക്കേഷന്റെ ഉപയോഗക്ഷമത കൂടുതൽ മെച്ചപ്പെടുത്തി കൊണ്ടിരിക്കും.

ഇതിനു ശേഷം ഈ ആപ്പ് വിപിഎൻ സജ്ജമാക്കുവാനുള്ള അനുവാദം ചോദിക്കും. വിപിഎൻ സജ്ജമാക്കി കഴിഞ്ഞാൽ ഡാറ്റാലിയുടെ പ്രധാന സ്ക്രീൻ നമുക്ക് കാണുവാൻ സാധിക്കും. എത്രത്തോളം ഡാറ്റ നമ്മുടെ ഫോണിൽ ഉപയോഗിച്ചു എന്നറിയുവാൻ ഒരു ഡാറ്റ കൗണ്ടറും, അതിനു തൊട്ടു താഴെയായി ഡാറ്റ സേവർ ഓപ്ഷൻ ഓൺ ആക്കാനും ഓഫ് ആക്കാനുമുള്ള ബട്ടണും കാണാം.

മാനേജ് ഡാറ്റ ബട്ടൺ അമർത്തി കഴിഞ്ഞാൽ ഓരോ ആപ്പിനും എത്ര മാത്രം ഡാറ്റ ഉപയോഗിച്ചു എന്ന് വ്യക്തമായി കാണുവാൻ സാധിക്കും. ഇവിടെ നിന്ന് കൊണ്ട് തന്നെ ഏതൊക്കെ ആപ്പുകൾ ഡാറ്റ ഉപയോഗിക്കണം, വേണ്ട എന്ന് തീരുമാനിക്കാൻ സാധിക്കും.

ഓരോ ദിവസത്തെയോ അല്ലെങ്കിൽ ഒരാഴ്ചയിലെയോ അതുമല്ലെങ്കിൽ ഒരു മാസത്തെയോ ഡാറ്റ ഉപയോഗം എത്ര ആണെന്നും അതിൽ എത്ര ഡാറ്റ ഉപയോഗം കുറച്ചുവെന്നും ഇത് വഴി അറിയുവാൻ സാധിക്കും.

ഫൈൻഡ് വൈഫൈ ബട്ടൺ ഉപയോഗിച്ച് ഉപഭോക്താവിന്റെ അടുത്ത് ഏതൊക്കെ ഫ്രീ അല്ലെങ്കിൽ ഗൂഗിൾ വൈഫൈ ഹോട്സ്പോട്ടുകൾ ഉണ്ടെന്നു അറിയുവാൻ സാധിക്കും.

ഡാറ്റ സേവർ ഓൺ ആക്കിയതിനു ശേഷം മാനേജ് ഡാറ്റ ഓപ്ഷനിൽ ചെന്നാൽ ഓരോ ആപ്പിനും സമീപത്തു ഒരു ലോക്ക് ബട്ടൺ കാണാം. ലോക്ക് ബട്ടൺ ഓൺ ആണെങ്കിൽ ആ ആപ്പിന് ഡാറ്റ ഉപയോഗം കിട്ടില്ല. എന്നാൽ ലോക്ക് ബട്ടൺ ഓഫ് ആണെങ്കിൽ ഡാറ്റ ഉപയോഗം ലഭിക്കും.

ഉപസംഹാരം

ഡാറ്റാലി ഉപയോഗിച്ച് 30 ശതമാനം ഡാറ്റ ഉപയോഗം കുറക്കാം എന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്. വൈഫൈക്കും, മൊബൈൽ ഡാറ്റക്കും ഈ ആപ്പ് ഉപയോഗിക്കാം എന്നത് മറ്റൊരു പ്രത്യേകത ആണ്. ആൻഡ്രോയിഡ് 5+ വേർഷൻ മുതലുള്ള ഫോണുകൾക്കാണ് ഡാറ്റാലി ഇപ്പോൾ ലഭ്യമായുള്ളത്.

നിങ്ങളും ഡാറ്റ ഉപയോഗം കുറക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഡാറ്റാലി എന്ത് കൊണ്ടും ഒരു നല്ല തീരുമാനമാണ്.

Leave a Reply