ഗൂഗിൾ ആൻഡ്രോയിഡ് ഗോ ഒഎസ് എന്താണെന്ന് അറിയാമോ ?

ആൻഡ്രോയിഡ് ഗോ ഒഎസ്, ഏറ്റവും വില കുറഞ്ഞ സ്മാർട്ട് ഫോണുകളിലും ആൻഡ്രോയിഡിനെ എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടി ഗൂഗിൾ അവതരിപ്പിച്ച പുതിയ ആൻഡ്രോയിഡ് പതിപ്പ് ആണ്. ആൻഡ്രോയിഡ് ഗോ ലഭ്യമാകുന്നത് ആൻഡ്രോയിഡ് ഓറിയോ 8.0 വേർഷൻ മുതലാണ്.

ആൻഡ്രോയിഡ് ഗോ

മെയ് 2017 ൽ ആണ് ആദ്യമായി ഗൂഗിൾ ഈ ഒഎസിനെ പറ്റി അറിയിച്ചത്. ഗോ ഒരു സ്റ്റോക്ക് ഒഎസ് ആയതിനാൽ എല്ലാ ആൻഡ്രോയിഡ് അപ്ഡേറ്റുകളും ആദ്യം തന്നെ ഇതിൽ ലഭിക്കും.

ഇന്ത്യ, ആഫ്രിക്ക പോലോത്ത വികസ്വര രാജ്യങ്ങളിൽ മൊബൈൽ ഫോണുകൾക്കും,ഇന്റർനെറ്റ് ഡാറ്റക്കും നൽകേണ്ടുന്ന വില വളരെ അധികമാണ്. മാത്രവുമല്ല നിരന്തരമായ ഇന്റർനെറ്റ് കണക്ഷൻ ഈ ഇടങ്ങളിൽ ലഭ്യവുമല്ല. ലോകത്തുള്ള മുഴുവൻ ആളുകളും ആൻഡ്രോയിഡിലേക്ക് മാറുക എന്ന ഒരു ഉദ്ദേശ്യവും ഗൂഗിളിന് പണ്ട് മുതൽക്കേ ഉണ്ട്.

ഗൂഗിളിന്റെ കണക്ക് പ്രകാരം അടുത്ത സംവത്സരത്തിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ സ്മാർട്ട് ഫോൺ വരിക്കാർ ആകാൻ പോകുന്നത് ഇന്ത്യയിൽ നിന്നാണ്.

1 ജിബി റാമും, 8 ജിബി നിർമിത സ്റ്റോറേജും, ക്വാൽകോം സ്നാപ്ഡ്രാഗണിന്റെ 200 ശ്രേണിയിലുള്ള സിപിയുവും ഉപയോഗിച്ച് വെറും 50 ഡോളറിൽ ഒതുങ്ങുന്ന സ്മാർട്ട് ഫോണുകൾ നിർമിക്കുവാൻ സാധിക്കും. എന്നാൽ ഈ ഫോണുകളിൽ സാധാരണ ആൻഡ്രോയിഡ് ഇൻസ്റ്റാൾ ചെയ്താൽ ഫോണിന്റെ പകുതിയിൽ കൂടുതൽ മെമ്മറിയും ആൻഡ്രോയിഡ് കരസ്ഥമാക്കും. മാത്രവുമല്ല അപ്പ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ ഹാങ്ങ് ആകാനുള്ള സാധ്യതകളും വളരെ കൂടുതൽ ആണ്.

എന്നാൽ ഈ ഫോണുകളിൽ ആൻഡ്രോയിഡ് ഗോ ഇൻസ്റ്റാൾ ചെയ്താൽ സാധാരണ ആൻഡ്രോയിഡിന് വേണ്ടുന്നതിന്റെ പകുതി സ്റ്റോറേജ് മതി ആകും. ഉദാഹരണം പറയുകയാണെങ്കിൽ 8 ജിബി നിർമിത സ്റ്റോറേജ് ഉള്ള ഫോണിൽ ആൻഡ്രോയിഡ് ഓറിയോ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഏകദേശം 6 ജിബിയോളം മെമ്മറി ആൻഡ്രോയ്‌ഡിന്‌ വേണ്ടി മാത്രം പോകുന്നു. ശേഷിക്കുന്ന 2 ജിബി മാത്രമേ ഉപഭോക്താവിന് ലഭിക്കുന്നുള്ളൂ.

എന്നാൽ ആൻഡ്രോയിഡ് ഗോ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഏകദേശം 3 ജിബി മെമ്മറി മാത്രമേ ഫോണിന്റെ നിർമിത സ്റ്റോറേജിൽ നിന്ന് എടുക്കുന്നുള്ളു.

ഗോ ആപ്പ്ളിക്കേഷനുകൾ

വളരെ പരിമിതമായ സ്റ്റോറേജ് ഉപയോഗിച്ച് പ്രവർത്തിക്കാൻ ഉതകുന്ന രീതിയിൽ ആണ് ആൻഡ്രോയിഡ് ഗോയുടെ ഘടന. ഗോ ആപ്പ്ളിക്കേഷനുകളും ഇതേ ഘടന തന്നെ ആണ് പിന്തുടരുന്നത്. അത് കൊണ്ട് തന്നെ ആൻഡ്രോയിഡ് ഗോ ആപ്പ്ളിക്കേഷനുകൾക്കെല്ലാം സാധാരണ ആപ്പ്ളിക്കേഷനുകളേക്കാൾ പകുതി സ്റ്റോറേജ് മതി.

ഗൂഗിളിന്റെ ആപ്പ്ളിക്കേഷനുകളായ ജിമെയിൽ, യൂട്യൂബ്, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ മാപ്‌സ്, ജിബോർഡ് (ഗൂഗിൾ കീബോർഡ്) തുടങ്ങിയവക്കെല്ലാം ഗോ പതിപ്പുകൾ ലഭ്യമാണ്. ഇവയെല്ലാം ആൻഡ്രോയിഡ് ഗോ യിൽ ആദ്യമേ തന്നെ ഇൻസ്റ്റാൾ ചെയ്താണ് വരുന്നത്.

ഇതിനു പുറമെ നമ്മുടെ ഫൈലുകളിൽ ഏതാണ് ഏറ്റവും കൂടുതൽ സ്റ്റോറേജ് എടുക്കുന്നത് എന്നറിയുവാനും അവയെ എല്ലാം അടുക്കും ചിട്ടയോടും കൂടി സൂക്ഷിക്കുവാനും വേണ്ടി ഫൈൽസ് ഗോ എന്നൊരു ആപ്പ്ളിക്കേഷനും ഗൂഗിൾ ആൻഡ്രോയിഡ് ഗോ യിൽ ചേർത്തിട്ടുണ്ട്.

ആദ്യമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് അതിന്റെ ഉപയോഗം എളുപ്പമാക്കുന്നതിനു വേണ്ടി ഗൂഗിൾ ഗോ എന്നൊരു ആപ്പ്ളിക്കേഷനും ആൻഡ്രോയിഡ് ഗോയിൽ ഉണ്ട്. ആളുകൾ ഏറ്റവും കൂടുതൽ തവണ പരിശോധിക്കുന്ന വെബ്സൈറ്റുകളും ലിങ്കുകളും പ്രധാന സ്‌ക്രീനിൽ ആദ്യമേ തന്നെ കാണിച്ച് തരുന്നു എന്നതാണ് ഗൂഗിൾ ഗോയുടെ പ്രത്യേകത.

ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇപ്പോൾ കുറച്ച് ഗോ ആപ്പ്ളിക്കേഷനുകൾ കാണാൻ സാധിക്കുന്നതാണ്. ലോകത്തുള്ള മുഴുവൻ ഡെവലപ്പറുകളുമായി കൈ കോർത്ത് കൊണ്ട് കൂടുതൽ ഗോ ആപ്പ്ളിക്കേഷനുകൾ നിർമിക്കാൻ ഗൂഗിൾ ആഹ്വാനം ചെയ്യുന്നുണ്ട്.

ഡാറ്റ സേവർ

ഡാറ്റ ഉപയോഗം കുറക്കുന്നതിനും എത്ര മാത്രം ഡാറ്റ ഉപയോഗിച്ചു എന്നൊരു വ്യക്തമായ ധാരണ കിട്ടുന്നതിനും വേണ്ടിയുള്ള സജ്ജീകരണങ്ങൾ ആൻഡ്രോയിഡ് ഗോയിൽ ഉണ്ട്. ഡാറ്റ സേവർ ഓപ്ഷൻ ഓൺ ആയിട്ടാണ് ആൻഡ്രോയിഡ് ഗോ ആദ്യമേ എത്തുന്നത്.

ഗൂഗിളിന്റെ പ്രോക്സി സെർവറിൽ കൂടി ഡാറ്റ കടത്തി വിട്ടാണ് ആൻഡ്രോയിഡ് ഗോ ഒരു പരിധി വരെ ഡാറ്റ ഉപയോഗം കുറക്കുന്നത്. ഇത് കൂടാതെ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ആപ്പ്ളിക്കേഷനുകൾക്ക് ഡാറ്റ നൽകാതെയും ഡാറ്റ ഉപയോഗം കുറക്കുന്നു. മാത്രവുമല്ല നമുക്ക് തീരുമാനിക്കാം ഏതൊക്കെ ആപ്പ്ളിക്കേഷനുകൾക്ക് ഡാറ്റ ഉപയോഗം നൽകണം എന്നുള്ളത്.

ഉപസംഹാരം

ഗോ ഒഎസ് ഗൂഗിളിനെ സംബന്ധിച്ചിടത്തോളം വലിയ ഒരു ചുവടുവെപ്പാണ്. വെറും 50 ഡോളറിൽ നിർമിച്ച സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയിഡ് ഓറിയോ വേർഷൻ പ്രവർത്തിപ്പിക്കുക എന്നുള്ളത് സ്വപ്ന തുല്യമാണ്.

വികസ്വര രാജ്യങ്ങളിൽ ആൻഡ്രോയിഡ് ഗോ തീർച്ചയായും ഒരു പുതുചലനം സൃഷ്ടിക്കും എന്ന് നിസ്സംശയം പറയാം. പ്രമുഖ ബ്രാൻഡുകളായ നോക്കിയ, അൽകാടെൽ, ZTE എന്നിവർ ആൻഡ്രോയിഡ് ഗോ ഫോണുകൾ വിപണിയിൽ ഇറക്കി കഴിഞ്ഞു.

Leave a Reply