സ്മാർട്ട് ഫോണുകളിൽ പുതിയ തരംഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

അതിശക്തമായ മത്സരം നേരിടുന്ന മൊബൈല്‍ഫോണ്‍ വിപണിയിലെ ഏറ്റവും പുതിയ താരമാണ് AI എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. കൃത്രിമബുദ്ധി അഥവാ നിര്‍മ്മിതബുദ്ധി എന്ന് മലയാളീകരിക്കാവുന്ന AI, ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള ശാസ്ത്രവും എൻജിനീയറിങ്ങുമാണെന്ന് ഒറ്റ വാചകത്തില്‍ പറയാം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

റോബോട്ടുകളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ശൈശവദശയിലാണെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ഏറെ പ്രതീക്ഷയുണര്‍ത്തുന്ന സാങ്കേതികവിദ്യ മൊബൈല്‍ ഫോണുകളുടെ പ്രധാന സവിശേഷതയായി തരംഗമാവുകയാണ്.

ചൈനീസ് കമ്പനിയായ ഹ്വാവേയാണ് ന്യൂറല്‍ പ്രോസസിംഗ് യൂണിറ്റ് (NPU) ഉള്‍ക്കൊള്ളിച്ച കിരിന്‍ 970 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന മേറ്റ്‌ 10 ശ്രേണിയിലൂടെ AI എന്ന സാങ്കേതികവിദ്യ ലോകത്തിന് മുന്നില്‍ ആദ്യം പരിചയപ്പെടുത്തിയത്. ഉപയോക്താവിന്‍റെ ശൈലിക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കല്‍, വിവിധ ഭാഷകള്‍ തിരിച്ചറിയാനും പരിഭാഷപ്പെടുത്താനും ഉള്ള കഴിവ്, ക്യാമറ ആപ്പില്‍ ഫ്രെയിമിലെ വസ്തുക്കളെ തിരിച്ചറിഞ്ഞു അനുയോജ്യമായ സെറ്റിംഗുകള്‍ തീരുമാനിക്കല്‍ തുടങ്ങിയവയാണ് മേറ്റ്‌ 10 അവതരിപ്പിച്ചത്.

തൊട്ടു പിന്നാലെ A11 ബയോണിക് എന്നു പേരിട്ട, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റെലിജന്‍സിനെ പിന്തുണയ്ക്കുന്ന ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിളിന്‍റെ പത്താം വാര്‍ഷിക സ്പെഷ്യല്‍ ഫോണ്‍ പതിപ്പായ ഐഫോണ്‍ X എത്തി. AI അല്‍ഗോരിതത്തില്‍ അധിഷ്ഠിതമായ ഫേസ്ഐഡി, ഉപയോക്താവിന്‍റെ മുഖചലനങ്ങളും, ഭാവങ്ങളും അനുകരിക്കുന്ന ആനിമോജി, ചുറ്റും ഒരു മായികപ്രപഞ്ചം തന്നെ സൃഷ്ടിക്കുന്ന ഓഗ്മെന്‍റഡ് റിയാലിറ്റി എന്ന സാങ്കേതികവിദ്യ തുടങ്ങിയവയാണ് ആപ്പിള്‍ അവതരിപ്പിച്ചത്.

ഗൂഗിള്‍ അവരുടെ സ്മാർട്ട് ഫോണിൻറെ ഓരോ പതിപ്പിലും AI യുടെ കൂടുതല്‍ സാധ്യതകള്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നു. ഏറ്റവും അവസാനം പുറത്തിറക്കിയ പിക്സല്‍ 2 ഫോണില്‍ AI ക്കു വേണ്ടി മാത്രമായി പ്രത്യേക ഹാര്‍ഡ്‌വെയറുകള്‍ ഇല്ലെങ്കില്‍ കൂടി ക്യാമറ സോഫ്റ്റ്‌വെയര്‍, ഓഎസ് ഇന്‍റഗ്രെഷന്‍ എന്നിവയില്‍ AI യുടെ സാദ്ധ്യതകളെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ ഒരു പാട്ടു കേട്ടുകൊണ്ടിരിക്കെ Shazam തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കാതെ തന്നെ പിക്സല്‍ 2 ഫോണ്‍ ആ ഗാനം തിരിച്ചറിഞ്ഞ് നോട്ടിഫിക്കേഷന്‍ നല്‍കുന്നതാണ് ഇതിന് ഏറ്റവും മികച്ച ഉദാഹരണം.

വിപണിയില്‍ ലഭ്യമായ ഏറ്റവും പുതിയ ചിപ്പായ സ്നാപ്ഡ്രാഗന്‍ 845 ഇല്‍ AI യെ പിന്തുണയ്ക്കുന്ന ഹാര്‍ഡ്‌വെയര്‍ കൂട്ടിച്ചേര്‍ക്കുക വഴി മൊബൈല്‍ പ്രോസസര്‍ നിര്‍മ്മാണരംഗത്തെ അതികായന്മാരായ ക്വാല്‍കോമും കളിക്കളത്തില്‍ സജീവമായിട്ടുണ്ട്. സാംസംഗ് ഏറ്റവും അവസാനം ഇറക്കിയ S9/S9 പ്ലസ് ഫോണുകള്‍ സ്നാപ്ഡ്രാഗന്‍ 845 ഇല്‍ പ്രവര്‍ത്തിക്കുന്നവയാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിവിധ നിര്‍മ്മാതാക്കള്‍ സമീപകാലത്ത് പുറത്തിറക്കിയ ഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രധാന പ്രത്യേകതകള്‍ എന്തൊക്കെയെന്നു നോക്കാം.

നവീകരിച്ച ക്യാമറ സോഫ്റ്റ്‌വെയര്‍

ക്യാമറ മോഡ്, ഫ്രെയിമിലെ വസ്തുക്കള്‍, ലൈറ്റിംഗ് എന്നിവ തിരിച്ചറിഞ്ഞു ഏറ്റവും മികച്ച ഫോട്ടോ തന്നെ നല്‍കുന്ന രീതിയില്‍ സെറ്റിംഗ്സ് സ്വയം ക്രമീകരിക്കാനുള്ള കഴിവ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനാല്‍ മൊബൈല്‍ ഫോണ്‍ ക്യാമറക്ക് കൈവരും. കൂടാതെ ഒരാളുടെ പ്രോട്രെയിറ്റ് ഫോട്ടോ ആണ് എടുക്കുന്നതെങ്കില്‍ ഫ്രെയിമില്‍ ഉള്ള ആളുടെ മുഖഭാവം അനുസരിച്ച് ചിത്രത്തിന്‍റെ മൂഡ്‌ ക്രമീകരിക്കും വിധം സെറ്റിംഗ്സില്‍ മാറ്റം വരുത്താന്‍ ഫോണിനാകും.

ഭാഷകള്‍ പ്രശ്നമല്ല

വിവിധരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഭാഷ അറിയാത്തതിനാല്‍ അപരിചിതരുടെ സഹായം തേടി അപകടത്തില്‍ പെടുമോയെന്ന പേടിയിനി വേണ്ട. നിര്‍ദ്ദേശങ്ങള്‍, ബോര്‍ഡുകള്‍ എന്നിവയിലേക്ക് നിങ്ങളുടെ ഫോണ്‍ ക്യാമറ ചൂണ്ടുകയേ വേണ്ടൂ, ഞൊടിയിടയില്‍ വിവരങ്ങള്‍ നിങ്ങളുടെ സ്വന്തം ഭാഷയിലേക്ക് പരിഭാഷ ചെയ്ത് ഫോണ്‍ സ്ക്രീനില്‍ കാണിച്ചു തരും. ഇന്‍റെര്‍നെറ്റ് സഹായത്തോടെ നിലവില്‍ പരിമിതമായി പ്രവര്‍ത്തിക്കുന്ന ഈ സൗകര്യം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ വരവോടെ ഇന്‍റെര്‍നെറ്റ് ആവശ്യമില്ലാതെ തന്നെ ഫോണില്‍ അതിവേഗത്തിലും, കണിശതയോടെയും ലഭ്യമാകും എന്നതാണ് നേട്ടം.

യൂസറുടെ സ്വഭാവമനുസരിച്ച് പെരുമാറുന്ന ഫോണ്‍

ദൈനംദിനജീവിതത്തില്‍ നിങ്ങള്‍ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങള്‍ വിലയിരുത്തി ഫോണ്‍ സ്വയം പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തും. ഉദാഹരണമായി സ്ഥിരമായി ഓഫീസിലെത്തുമ്പോള്‍ നിങ്ങള്‍ ഫോണ്‍ നിശബ്ദമാക്കുന്നു, കാറില്‍ കയറിയ ഉടനെ ബ്ലൂടൂത്ത് കാറിലെ മ്യൂസിക് സിസ്റ്റവുമായി കണക്റ്റ് ചെയ്ത് പാട്ടു കേള്‍ക്കുന്നു തുടങ്ങിയ നിങ്ങളുടെ സ്ഥിരം ശീലങ്ങളെ മനസ്സിലാക്കി കണ്ടറിഞ്ഞു ഫോണ്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും.

ഉയര്‍ന്ന സുരക്ഷ

മുഖരോമങ്ങളുടെ വളര്‍ച്ച, കണ്ണട, കോണ്ടാക്റ്റ് ലെന്‍സ്‌ എന്നിവയുടെ ഉപയോഗം, പ്രായം കൂടുക തുടങ്ങിയവക്കനുസൃതമായി ഉപയോക്താവിന്‍റെ മുഖത്തിനുണ്ടാകുന്ന സ്വഭാവിക മാറ്റങ്ങള്‍ എന്നിവ മനസ്സിലാക്കി ഫോണിലെ സെക്യൂരിറ്റി അല്‍ഗോരിതം സ്വയം ക്രമീകരിച്ചു ഫേസ്ഐഡി പോലെയുള്ള അണ്‍ലോക്കിംഗ് രീതികള്‍ ഉപയോഗിക്കുന്നവര്‍ക്ക് പരമാവധി സുരക്ഷ ലഭ്യമാകും.

കീശയില്‍ ഒരു പേര്‍സണല്‍ അസിസ്റ്റന്റ്റ്

ആപ്പിളിന്‍റെ സിരി, സാംസംഗ് അവതരിപ്പിച്ച ബിക്സ്ബി , ഗൂഗിള്‍ അസിസ്റ്റന്‍റ് , ആമസോണ്‍ അലക്സ തുടങ്ങിയ ശബ്ദം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന പേര്‍സണല്‍ അസിസ്റ്റന്‍റ് പ്രോഗ്രാമുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടും. വെറും സര്‍ച്ച് റിസള്‍ട്ടുകള്‍ നല്‍കുക എന്നതിലുപരി സന്ദേശങ്ങള്‍ വായിച്ചു കേള്‍പ്പിക്കുക, ടൈപ് ചെയ്യുക, ശബ്ദനിര്‍ദ്ദേശങ്ങളിലൂടെ ഷോപ്പിംഗ് നടത്തുക തുടങ്ങി ഒരു യഥാര്‍ത്ഥ പേര്‍സണല്‍ അസിസ്റ്റന്റ്റ് പ്രവര്‍ത്തിക്കുന്ന തലത്തിലേക്ക് മൊബൈല്‍ ഫോണിനെ ഉയര്‍ത്താന്‍ AI യുടെ പ്രചാരം സഹായകരമായേക്കും.

അതുകൊണ്ട് നിസ്സംശയം പറയാം – ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണു താരം !

Leave a Reply