നോക്കിയ അഞ്ച് പുതിയ ഫോണുകൾ പുറത്തിറക്കി – നഷ്ടപ്രതാപം തിരിച്ചെടുക്കുവാൻ ഇവക്കാകുമോ?

ബാഴ്‌സലോണയിൽ വച്ച് നടന്ന മൊബൈൽ വേൾഡ് കോൺഫറൻസിൽ (MWC) എച്ച് എം ഡി ക്കു കീഴിലുള്ള നോക്കിയ അഞ്ച് പുത്തൻ ഫോണുകളുമായാണ് എത്തിയത്. ഇവയിൽ ഒന്നും തന്നെ വിപണിയിൽ പുതു സാങ്കേതിക വിദ്യകൾ കൊണ്ട് വന്നില്ലെങ്കിലും തങ്ങളും ഇനി മുതൽ സ്മാർട്ട്ഫോൺ വിപണിയിൽ പോരാട്ടത്തിനുണ്ടെന്നു അറിയിക്കുന്നവയാണ്.

നോക്കിയ 8 സിറോക്കോ, നോക്കിയ 7 പ്ലസ്, നോക്കിയ 6 (2018), നോക്കിയ 1, നോക്കിയ 8110 4 ജി എന്നിങ്ങനെ 5 ഫോണുകളാണ് പുറത്തിറക്കിയത്. നോക്കിയ 8 സിറോക്കോ, നോക്കിയ 7 പ്ലസ്, നോക്കിയ 6 (2018) എന്നീ ഫോണുകൾ ആൻഡ്രോയിഡ് വൺ അടിസ്ഥാനമാക്കി ഉള്ളതാണ്. നോക്കിയ 1 നിർമിച്ചിരിക്കുന്നത് ആൻഡ്രോയിഡ് ഗോ അടിസ്ഥാനമാക്കിയാണ്. നോക്കിയ 8110 4 ജി ഫോൺ നോക്കിയയുടെ തന്നെ പഴയ ഓർമകളിലൊന്നായ നോക്കിയ 8110 ന്റെ പുതു രൂപമാണ്.


Source: Reuters

നോക്കിയ 8 സിറോക്കോ

മുന്നിലും പുറകിലും ഗൊറില്ല ഗ്ലാസ് 5 കൊണ്ട് സുരക്ഷ ഉറപ്പുവരുത്തിയ സ്റ്റൈൻലെസ് സ്റ്റീൽ ഫ്രയ്മിൽ ആണ് നോക്കിയ സിറോക്കോ നിർമിച്ചിരിക്കുന്നത്. വെള്ളത്തിലും പൊടിയിലും നിന്നുള്ള സംരക്ഷണങ്ങൾക്ക് വേണ്ടിയുള്ള ഐ പി 67 സെർട്ടിഫിക്കറ്റുമായാണ് ഈ ഫോൺ വരുന്നത്.

5.5 ഇഞ്ച് വലിപ്പമുള്ള പി-ഓലെഡ് (P-OLED) കപ്പാസിറ്റിവ് ഡിസ്‌പ്ലേ ആണ് സിറോക്കോവിനുള്ളത്. 16:9 അനുപാതത്തിൽ 2560 x 1440 പിക്സൽ റെസൊല്യൂഷൻ ഉപയോഗിച്ച് വളരെ മികവാർന്ന സ്ക്രീൻ ഈ ഫോണിന്റെ മറ്റൊരു സവിശേഷത ആണ്.


Source: Nokia Mobile

ക്വാൽകോം സ്നാപ്ഡ്രാഗൺ 835 ശ്രേണിയിലുള്ള ഒക്റ്റാ കോർ സിപിയു ആണ് സിറോക്കോവിനു കരുത്തേകുന്നത്. ഈ 8 കോറുകളിൽ 4 എണ്ണം 2.5 GHz വേഗതയിലും ബാക്കി നാലെണ്ണം 1.8 GHz വേഗതയിലുമാണ് പ്രവർത്തിക്കുന്നത്. ഗ്രാഫിക്സിന് വേണ്ടി അഡ്രിനോ 540 ചിപ്സെറ്റ് ആണുപയോഗിച്ചിരിക്കുന്നത്.

പ്രധാന ക്യാമറക്കു വേണ്ടി ഉപയോഗിച്ചിരിക്കുന്നത് ഇരട്ട ക്യാമറ സംവിധാനമാണ്. എഫ് /1.75 അപ്പേർച്ചർ ഉള്ള ഒരു 12 എംപി ലെൻസും എഫ്/2.6 അപ്പേർച്ചർ ഉള്ള മറ്റൊരു 12 എംപി ലെൻസുമാണ് സിറോക്കോ വിനുള്ളത്. മുന്നിലത്തെ ക്യാമറക്കു എഫ്/2.0 അപ്പേർച്ചർ ഉള്ള 5 എംപി ലെൻസ് ആണുള്ളത്.

ഫോണിൽ ആൻഡ്രോയിഡ് ഗോ അടിസ്ഥാനമാക്കിയുള്ള ഓറിയോ 8.0 സ്റ്റോക്ക് ഒഎസ് ആണുപയോഗിച്ചിരിക്കുന്നത്. അതിനാൽ എല്ലാ ആൻഡ്രോയിഡ് അപ്ഡേറ്റുകളും നോക്കിയ 8 സിറോക്കോവിന് ആദ്യമേ ലഭിക്കും.

6 ജിബി റാമും 128 ജിബി നിർമിത മെമ്മറിയുമായാണ് സിറോക്കോ എത്തുന്നത്. രണ്ടാമത്തെ സിം സ്ലോട്ട് ഉപയോഗിച്ച് മെമ്മറി 256 ജിബി വരെ ഉയർത്താവുന്നതാണ്. 3260 mAh ബാറ്ററി ഉപയോഗിച്ചാണ് സിറോക്കോവിന്റെ ജീവൻ നില നിർത്തുന്നത്.

2018 ഏപ്രിലോടു കൂടി നോക്കിയ 8 സിറോക്കോ ആഗോള വിപണിയിൽ വിൽപ്പനക്കെത്തും. ഏകദേശം 60000 ഇന്ത്യൻ രൂപ ആണ് വില വരുന്നത്.

നോക്കിയ 7 പ്ലസ്

അലുമിനിയം 6000 ശ്രേണിയിൽ പെട്ട ബോഡി ഉപയോഗിച്ച് നിർമിച്ചതാണു നോക്കിയ 7 പ്ലസ്. ഫോണിന്റെ എല്ലാ അറ്റങ്ങളും കോപ്പർ ഉപയോഗിച്ച് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. സ്ക്രീൻ സംരക്ഷണത്തിനായി ഗൊറില്ല ഗ്ലാസ് 3 ആണുപയോഗിച്ചിരിക്കുന്നത്.

6 ഇഞ്ച് വലിപ്പമുള്ളതും 18:9 അനുപാതത്തിൽ 2160 x 1080 പിക്സൽ റെസൊല്യൂഷൻ ഉള്ള ഐ പി എസ് എൽ സി ഡി ഡിസ്‌പ്ലേ ആണ് നോക്കിയ 7 പ്ലസിനുള്ളത്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 660 ഒക്റ്റാ കോർ സിപിയു ആണ് നോക്കിയ 7 പ്ലസിന് കരുത്തേകുന്നത്. ഇതിൽ നാലെണ്ണം 2.4 GHz വേഗതയിലും ബാക്കി നാലെണ്ണം 1.8 GHz വേഗതയിലുമാണ് പ്രവർത്തിക്കുന്നത്. ഗ്രാഫിക്സിനു വേണ്ടി അഡ്രിനോ 512 ജിപിയു സഹായിക്കുന്നു.


Source: Nokia Mobile

സിറോകോവിനുള്ളത് പോലെ അതേ ക്യാമറ സംവിധാനം ആണ് നോക്കിയ 7 പ്ലസിനുള്ളത്. എഫ് /1.75 അപ്പേർച്ചർ ഉള്ള ഒരു 12 എംപി ലെൻസും എഫ്/2.6 അപ്പേർച്ചർ ഉള്ള മറ്റൊരു 12 എംപി ലെൻസുമടങ്ങുന്ന ഇരട്ട ക്യാമറ സംവിധാനം. എന്നാൽ മുന്നിലത്തെ ക്യാമറക്കു എഫ്/2.0 അപ്പേർച്ചർ ഉള്ള 16 എംപി ലെൻസ് ആണുപയോഗിച്ചിരിക്കുന്നത്.

ആൻഡ്രോയിഡ് ഓറിയോ 8.0 അധിഷ്ടിതമാക്കി ഉള്ള ആൻഡ്രോയിഡ് വൺ സ്റ്റോക്ക് ഒഎസ് തന്നെയാണ് ഈ ഫോണിനും. റാം 4 ജിബി ആണ്. 64 ജിബി നിർമിത മെമ്മറിയുണ്ട്, സിം 2 സ്ലോട്ട് ഉപയോഗിച്ച് 256 ജിബി വരെ ഉയർത്താവുന്നതുമാണ്.

ഊരി എടുക്കാൻ കഴിയാത്ത 3800 mAh ബാറ്ററി ആണ് 7 പ്ലസിനുള്ളത്. ഏകദേശം 30000 ഇന്ത്യൻ രൂപയ്ക്കു ഏപ്രിൽ 2018ഓടെ 7 പ്ലസ് വാങ്ങാവുന്നതാണ്.

നോക്കിയ 6 (2018)

2017 ൽ ഇറക്കിയ നോക്കിയ 6 ന്റെ പിൻഗാമി ആണ് നോക്കിയ 6 (2018) പതിപ്പ്. 6000 ശ്രേണിയിൽ പെട്ട അലൂമിനിയം ഉപയോഗിച്ചുള്ള ബോഡി ആണ് ഇതിനുമുള്ളത്. സ്ക്രീൻ സുരക്ഷക്ക് വേണ്ടി കോർണിങ് ഗൊറില്ല ഗ്ലാസ് 3 മത്തെ പതിപ്പ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

5.5 ഇഞ്ച് വലിപ്പമുള്ളതും 16:9 അനുപാതത്തിൽ 1080 x 1920 പിക്സൽ റെസൊല്യൂഷനിൽ പ്രവർത്തിക്കുന്ന ഐ പി എസ് എൽ സി ഡി ഡിസ്‌പ്ലേ ആണ് ഉള്ളത്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 630 ഒക്റ്റാ കോർ സിപിയു ആണ് ഈ ഫോണിന് കരുത്തേകുന്നത്. എട്ടു കോറുകളും 2.2 GHz വേഗതയിൽ പ്രവർത്തിക്കുന്ന കോർട്ടക്സ് എ53 ചിപ്സെറ്റ് ആണുപയോഗിക്കുന്നത്. ഗ്രാഫിക്സിനു വേണ്ടി അഡ്രിനോ 508 ജിപിയുവും ഉപയോഗിച്ചിരിക്കുന്നു.

പ്രധാന ക്യാമറ ആയി എഫ്/2.0 അപ്പേർച്ചർ ഉള്ള 16 എംപി ലെൻസും മുന്നിലത്തെ ക്യാമറക്കു വേണ്ടി അതേ അപ്പേർച്ചർ ഉള്ള 8 എംപി ലെൻസുമാണ് ഉപയോഗിച്ചിരിക്കുന്നത്.

3 ജിബി / 4 ജിബി റാം അതിനൊപ്പം 32 ജിബി / 64 ജിബി നിർമിത മെമ്മറി എന്നിങ്ങനെ ആണ് നോക്കിയ 6 വരുന്നത്. സിം 2 സ്ലോട്ട് ഉപയോഗിച്ച് 256 ജിബി വരെ മെമ്മറി ഉയർത്താവുന്നതാണ്.

ബാറ്ററി 3000 mAh ആണ്. ആൻഡ്രോയിഡ് വൺ ഓറിയോ 8.0 ആണ് ഒഎസ്. മറ്റു ഫോണുകളെ പോലെ ഇതും ഏപ്രിലിൽ വാങ്ങാവുന്നതാണ്. ഏകദേശം 23000 ഇന്ത്യൻ രൂപ ആണ് വില വരുന്നത്.

നോക്കിയ 1

മുന്നേ പറഞ്ഞ 3 ഫോണുകളും ആൻഡ്രോയിഡ് വൺ അധിഷ്ടിതമാക്കി ഉള്ളതാണെങ്കിൾ നോക്കിയ 1 നിർമിച്ചിരിക്കുന്നത് ആൻഡ്രോയിഡിന്റെ മെമ്മറി കുറച്ചുപയോഗിക്കുന്ന ആൻഡ്രോയിഡ് ഗോ ഓ എസ് ആണ്. ഈ ഫോൺ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത് പുതു പുത്തൻ സാങ്കേതിക വിദ്യകൾ എന്നതിലുപരി ആൾക്കാർ സ്മാർട്ട് ഫോൺ ഉപയോഗിക്കുക എന്നതിനാണ്.

പ്ലാസ്റ്റിക് ബോഡി ഉപയോഗിച്ചാണ് നോക്കിയ 1 നിർമിച്ചിരിക്കുന്നത്. 4.5 ഇഞ്ച് വലിപ്പമുള്ളതും 16:9 അനുപാതത്തിൽ 480 x 854 പിക്സൽ റെസൊല്യൂഷനിൽ പ്രവർത്തിക്കുന്ന ഐ പി എസ് എൽ സി ഡി ഡിസ്‌പ്ലേ ആണ് നോക്കിയ 1 നുള്ളത്.

മീഡിയടെക്ക് എംറ്റി6737എം എന്ന നാല് കോറുള്ള സിപിയു ആണ് ഉള്ളത്. ഈ നാല് കോറുകളും 1.1 GHz വേഗതയിലാണ്. ഗ്രാഫിക്സ് ജിപിയു ആയി മാലി റ്റി 720 ആണുള്ളത്.

പ്രധാന ക്യാമറ ആയി ഒരു 5 എംപി ലെൻസും മുന്നിലത്തെ ക്യാമറ ആയി 2 എംപി ലെൻസുമാണ് ഉള്ളത്. 1 ജിബി റാമും 8 ജിബി നിർമിത മെമ്മറിയും സിം 2 സ്ലോട്ട് ഉപയോഗിച്ച് 128 ജിബി വരെ ഉയർത്താവുന്ന മെമ്മറിയും 2150 mAh ബാറ്ററിയുമാണ് ഫോണിനുള്ളത്.

മറ്റു ഫോണുകളെ പോലെ തന്നെ ഏപ്രിലോടു കൂടി ഈ ഫോണും വിപണിയിലെത്തുന്നതാണ്, ഏകദേശ വില 6000 ഇന്ത്യൻ രൂപ ആണ്.

നോക്കിയ 8110 4 ജി

നോക്കിയയുടെ പ്രൗഡി കാലത്തു ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഫോണുകളിൽ ഒന്നാരുന്നു നോക്കിയ 8110. ആ ഫോണിനെ പുതു തലമുറക്കു പരിചയപ്പെടുത്തുവാനും പഴയ തലമുറക്ക് ഓർമ പുതുക്കുവാനും വേണ്ടി ആണ് പഴയ രൂപകല്പനയിൽ തന്നെ പുതിയ സാങ്കേതിക വിദ്യകൾ ഉൾകൊള്ളിച്ചു കൊണ്ട് നോക്കിയ 8110 4 ജി ഇറക്കി ഇരിക്കുന്നത്.

സാങ്കേതിക വിദ്യകൾ ശ്രദ്ധിക്കുന്നതിലുപരി രൂപകല്പനക്ക് പ്രാധാന്യം നൽകി ആണ് നോക്കിയ 8110 4 ജി നിർമിച്ചിരിക്കുന്നത്. 2.4 ഇഞ്ച് വലിപ്പമുള്ള 240 x 320 പിക്സൽ റെസൊല്യൂഷനുള്ള റ്റി എഫ് റ്റി ഡിസ്‌പ്ലേ ആണ് നോക്കിയ 8110 4 ജിക്കുള്ളത്.

512 എം ബി റാമും 4 ജിബി നിർമിത മെമ്മറിയുമാണ് നോക്കിയ 8110 4 ജിക്കുള്ളത്. ഇത് മെമ്മറി കാർഡ് ഉപയോഗിച്ച് 64 ജിബി വരെ ഉയർത്താവുന്നതാണ്.

2 എംപി ക്യാമറയും 1500 mAh ബാറ്ററിയും ഫ്ലാഷ് ലൈറ്റും 8110 4 ജിയിൽ ഉണ്ട്. 2018 മേയിലാണ് ആഗോള വിപണിയിൽ വില്പനക്ക് വരുന്നത് എന്നാണ് നോക്കിയ പറയുന്നത്. ഏകദേശം 6000 ഇന്ത്യൻ രൂപ ആണ് വില വരുന്നത്.

ഉപസംഹാരം

5 ഫോണുകൾ ഇറക്കി എങ്കിലും ഇവയിൽ ഒന്നും തന്നെ സ്മാർട്ട് ഫോൺ വിപണിയിൽ പുതുതായി മാറ്റങ്ങൾ ഒന്നും സൃഷ്ടിച്ചിട്ടില്ല. എന്നാൽ ഒരു കാലത്ത് ഫോൺ വിപണി മൊത്തം തങ്ങളുടെ പോക്കറ്റിലായിരുന്ന നോക്കിയയെ പാടേ നിലം പരിശാക്കി ആണ് സാംസങും ആപ്പിളും വിപണി കീഴടക്കിയത്. എന്നാൽ ഇപ്പോൾ അവർക്കിടയിലേക്ക് ഞങ്ങൾ ഇപ്പോഴും ഇവിടെ ഉണ്ടെന്നും അടുത്ത് വച്ച് തന്നെ ഞങ്ങളും നിങ്ങൾക്ക് എതിരാളികളായി ഒപ്പത്തിനൊപ്പം മത്സരിക്കാൻ കാണും എന്നൊരു താക്കീത് ആയി തന്നെ ഈ 5 നോക്കിയ ഫോണുകളെയും കണക്കാക്കാം.

Leave a Reply