ആമസോൺ പ്രൈം മ്യൂസിക് – ഇന്ത്യക്കാരെ പാട്ടുകേൾപ്പിക്കാൻ ഇനി ആമസോണും

ആമസോൺ പ്രൈം മ്യൂസിക് സേവനം ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യയിലും അവതരിപ്പിച്ചു. ആമസോണിന്റെ പ്രൈം ഉപഭോകതാക്കൾക്ക് മാത്രമാണ് പ്രൈം മ്യൂസിക് ലഭ്യമാകുക. ആമസോൺ പ്രൈം മ്യൂസിക് സേവനം music.amazon.com എന്ന വെബ്സൈറ്റ് വഴിയോ, ആൻഡ്രോയിഡ് ആപ്പ് ഉപയോഗിച്ചോ അല്ലെങ്കിൽ ഐഒഎസ് ആപ്പ് വഴിയോ ലഭിക്കും.

ആമസോൺ പ്രൈം മ്യൂസിക്

ഇതിനു മുന്നേ പ്രൈം മ്യൂസിക് ആമസോണിന്റെ എക്കോ സ്‌പീക്കറുകളുടെ (Echo Speaker) കൂടെ മാത്രം ലഭിക്കുന്ന ഒരു സേവനമായിരുന്നു. എന്നാൽ ഇനി മുതൽ എല്ലാ പ്രൈം ഉപയോക്താക്കൾക്കും പ്രൈം മ്യൂസിക് ഉപയോഗിക്കാവുന്നതാണ്.

ആമസോൺ അലക്സാ (Amazon Alexa) ഉപയോഗിക്കുന്നവർക്ക് അലക്സാ വഴി നേരിട്ടു പ്രൈം മ്യൂസിക് ഉപയോഗിക്കാവുന്നതാണ്. അലക്സാ ഓൺ ആക്കിയതിനു ശേഷം ഏതു പാട്ടു വേണമെന്നോ അല്ലെങ്കിൽ ഏതു പ്ലേലിസ്റ്റ് ആണോ കേൾപ്പിക്കേണ്ടത് എന്ന് പറഞ്ഞു കൊടുത്താൽ മതി ആകും.

ആദ്യമായി ആമസോൺ പ്രൈം മ്യൂസിക് തുറക്കുമ്പോൾ തന്നെ നമ്മൾ ഏതു തരത്തിലുള്ള മ്യൂസിക് ആണ് ഇഷ്ടപ്പെടുന്നത് എന്ന് തിരഞ്ഞെടുക്കേണ്ടതാണ്. അതിനനുസൃതമായി ആമസോൺ പ്രൈം മ്യൂസിക് തങ്ങളുടെ മ്യൂസിക് ഇന്റർഫേസ് മാറ്റങ്ങൾ വരുത്തും.

പ്രൈം മ്യൂസിക് ആൻഡ്രോയിഡ് ആപ്പ്

ആമസോൺ പ്രൈം മ്യൂസിക്, പ്രൈം അംഗത്വം ഉള്ളവർക്കു മാത്രമേ ലഭ്യമായുള്ളു. ആമസോൺ പ്രൈം അംഗത്വത്തിന് വർഷം തോറും 999 രൂപ ആണ് ചിലവ് വരുന്നത്. പ്രൈം അംഗത്വം എടുത്ത് കഴിഞ്ഞാൽ ആമസോൺ ഇ-കോമേഴ്സ് വെബ്സൈറ്റിലും ചില ഗുണങ്ങൾ ഉണ്ട്.

ഇന്ത്യയിൽ ആമസോൺ പ്രൈം മ്യൂസിക്കിന്റെ പ്രധാന എതിരാളികൾ ഗാന, ആപ്പിൾ മ്യൂസിക്, ഗൂഗിൾ പ്ലേ മ്യൂസിക്, ഹൻഗാമ തുടങ്ങിയവരാണ്. ഗാന ഒരു വർഷത്തേക്ക് ഈടാക്കുന്നത് 1020 രൂപയും, സാവൻ 1050 രൂപയും, ആപ്പിൾ മ്യൂസിക് 1200 രൂപയും ആണ്.

പ്രൈം മ്യൂസിക്കിന്റെ ചിലവ് എതിരാളികളേക്കാൾ കുറവാണെന്ന് മാത്രമല്ല ആ തുകക്ക് ആമസോൺ പ്രൈം വീഡിയോ സേവനവും കൂടാതെ അവരുടെ ഇ-കൊമേഴ്സ് സേവനം വഴി വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ സൗജന്യ ഡെലിവറിയും ഉണ്ടാകും. ഇത്ര കുറഞ്ഞ ചിലവിൽ ഈ സേവനങ്ങൾ എത്ര കാലത്തേക്ക് ലഭിക്കും എന്നറിയില്ല.

മലയാളം ഉൾപ്പെടെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലെയും പാട്ടുകൾ ഇതിൽ ലഭിക്കും. മറ്റിതര മ്യൂസിക് സേവനങ്ങൾ പോലെ ആമസോൺ പ്രൈം മ്യൂസിക്കിൽ ആഡ് അഥവാ പരസ്യങ്ങൾ ഒന്നും തന്നെ ഇല്ല. നമുക്ക് ഇഷ്ടമുള്ള പാട്ടുകൾ യാതൊരു തടസ്സവുമില്ലാതെ കേൾക്കാം.

പ്രൈം മ്യൂസിക് ഇന്ത്യ

ആമസോൺ പ്രൈം മ്യൂസിക്കിൽ എത്രത്തോളം പാട്ടുകൾ ഉണ്ട് എന്നത് ഇനിയും വ്യക്തമല്ല. എന്നാൽ പുതിയ സിനിമയിലെ പാട്ടുകളൊക്കെ കേൾക്കാൻ സാധിച്ചിരുന്നു. ഏകദേശം 2 മില്യൺ പാട്ടുകൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കെടുപ്പ്

പ്രൈം ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം മ്യൂസിക്കും ആമസോൺ പ്രൈം വിഡിയോയും ഇ-കോമേഴ്സ് വെബ്സൈറ്റിലുള്ള മറ്റിതര സേവനങ്ങളും ചേർത്ത് നോക്കുമ്പോൾ എന്ത് കൊണ്ടും ആമസോൺ പ്രൈം മ്യൂസിക് ഒരു പടി മുന്നിൽ നിൽക്കുന്നു.

Leave a Reply