സാംസങ് ഗാലക്സി എസ് 9, സാംസങ് ഗാലക്സി എസ് 9 പ്ലസ് ഫോണുകൾ സാംസങ് അവതരിപ്പിച്ചു

സ്പെയിനിലെ ബാഴസലോണയിൽ വെച്ചു നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ സാംസങ് അവരുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുളായ സാംസങ് ഗാലക്സി എസ് 9, സാംസങ് ഗാലക്സി എസ് 9+ അവതരിപ്പിച്ചു.

സാംസങ് ഗാലക്സി എസ് 9 പ്ലസ്

2018 ലെ ഏറ്റവും പ്രതീക്ഷ അർപ്പിച്ച ഫോണികളിലൊന്നാണ് സാംസങ് ഗാലക്സി എസ് 9 ഉം എസ് 9 പ്ലസും. ഉപഭോക്താക്കൾക്ക് എന്നും പ്രിയപ്പെട്ടതാണ് സാംസങിന്റെ എസ് ശ്രേണി സ്മാർട്ട് ഫോണുകൾ. ഐഫോൺ പത്തിനുള്ള മറുപടി ആയാണ് എല്ലാവരും സാംസങിന്റെ ഗാലക്സി എസ് 9 ഉം എസ് 9 പ്ലസിനെയും കാണുന്നത്.

ഗൂഗിൾ പിക്സൽ 2 സ്മാർട്ട് ഫോണുകളോട് കിടപിടിക്കാൻ പോന്ന തരത്തിലാണ് സാംസങ് ഗാലക്സി എസ് 9, എസ് 9 പ്ലസ് ഫോണുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഗൂഗിൾ പിക്സൽ 2 കൂടാതെ ഐഫോൺ പത്തും എസ് 9 ന്റെ എതിരാളികൾ എന്ന് പറയാവുന്നതാണ്.

രൂപകല്പന

സാധാരണയായി സാംസങ് ഓരോ പുതിയ എസ് ശ്രേണിയിലും രൂപകൽപന മാറ്റം വരുത്താറുള്ളതാണ്. എന്നാൽ ഇത്തവണ ആപ്പിളിനെ പോലെ സാംസങും രൂപകല്പനയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ വരുത്തീട്ടില്ല. ആപ്പിൾ ഐഫോൺ 6 ൽ ഉപയോഗിച്ച അതേ രൂപകൽപന തന്നെയാണ് ഐഫോൺ 8 വരെയും ഉപയോഗിച്ചത്.

എന്നാൽ സാംസങ് അവകാശപ്പെടുന്നത് അവർ എസ് 9 ശ്രേണിയുടെ ഡിസ്പ്ലേ ബെസൽ മുകളിലും താഴെയുമായി കുറച്ചിട്ടുണ്ട് എന്നാണ്. ഇതിനർത്ഥം 90 ശതമാനത്തിൽ കൂടുതൽ ഡിസ്പ്ലേ – ബോഡി അനുപാതം ഉണ്ടെന്നാണ്.

സാംസങ് ഗാലക്സി എസ് 9ഉം എസ് 9 പ്ലസും നിർമിച്ചിരിക്കുന്നത് 7000 ശ്രേണിയിലുള്ള പോളിഷ് ചെയ്ത അലൂമിനിയം ബോഡിയിലാണ്. മറ്റുള്ള സാംസങ് ഫോണുകളേക്കാൾ എസ് 9നും എസ് 9 പ്ലസിനും കരുത്തും സംരക്ഷണവും കൂടുതലാണ്.

മുന്നിലും പിന്നിലും ഗൊറില്ല ഗ്ലാസ് 5 കൊണ്ടുള്ള അധിക സംരക്ഷണവും ഉണ്ട്. വെള്ളത്തിലും പൊടിയിലും നിന്നുള്ള സംരക്ഷണങ്ങൾക്ക് വേണ്ടിയുള്ള ഐ പി 68 സെർട്ടിഫിക്കറ്റും എസ് 9 ഫോണുകൾക്കുണ്ട്.

പുറകിലുള്ള ക്യാമറയുടെ വലത് വശത്തായി എൽഇഡി ഫ്ലാഷ് ലൈറ്റും ഹൃദയമിടിപ്പും രക്തസമ്മർദവും അളക്കാനുള്ള ഒരു സെൻസറും ഉണ്ട്. ക്യാമറക്കു തൊട്ട് താഴെയായി വിരലടയാള സെൻസറും ഉണ്ട്. ഇത് ഉപഭോകതാക്കൾക്ക് വളരെ അധികം ആശ്വാസമാകും.

ഗാലക്സി നോട്ട് 8 ലും എസ് 8 ശ്രേണിയിലും സാംസങ് ഏറെ പഴി കേട്ടത് വിരലടയാള സെൻസറിന്റെ അശാസ്ത്രീയമായ ഘടനായായിരുന്നു. അത് മാറ്റുവാൻ സാംസങ് എസ് 9 ശ്രേണിയിൽ ശ്രമിച്ചത് പ്രശംസനീയമാണ്.

ഗൂഗിൽ അസ്സിസ്റ്റന്റിനു പകരമായി നിർമിച്ച സാംസങിന്റെ സ്വന്തം അസിസ്റ്റന്റ് ആയ ബിക്സ്ബി എസ് 9 ഫോണുകളിൽ ഒരു ബട്ടൺ വിളിപ്പാടകലെ സജ്ജമാണ്. ഫോണിന്റെ ഇടത് ഭാഗത്ത് ശബ്ദം നിയന്ത്രിക്കാനുള്ള ബട്ടണുകൾക്ക് താഴെ ആയാണ് ബിക്സ്ബി ബട്ടണിന്റെ സ്ഥാനം.

2017 അവസാനത്തോടു കൂടി കാണാതായി കൊണ്ടിരിക്കുന്ന ഒന്നാണ് ഹെഡ്‍ഫോൺ ജാക്ക്. എന്നാൽ സാംസങ് ഗാലക്സി എസ് 9 ഫോണുകളിൽ ഹെഡ്‍ഫോൺ ജാക്കുകൾക്ക് ഒരു മാറ്റവും വന്നിട്ടില്ല.

ഡിസ്പ്ലേ

സാംസങ് എന്നും മികച്ചു നിന്നത് തങ്ങളുടെ ഡിസ്‌പ്ലേയിലും ക്യാമറയിലുമാണ് എന്നുള്ളത് തർക്കമില്ലാത്ത വിഷയമാണ്. സാംസങ് ഗാലക്സി എസ് 9 ഉം എസ് 9 പ്ലസും ആ ഖ്യാതി നിലനിർത്തി എന്ന് നിസ്സംശയം പറയാം.

5.8 ഇഞ്ച് വലിപ്പമുള്ള സൂപ്പർ അമോലെഡ് ഇൻഫിനിറ്റി (Super AMOLED Infinity) ഡിസ്‌പ്ലേ ആണ് സാംസങ് ഗാലക്സി എസ് ഒൻപതിന് ഉള്ളത്. എന്നാൽ 6.2 ഇഞ്ച് വലിപ്പമുള്ള സൂപ്പർ അമോലെഡ് ഇൻഫിനിറ്റി (Super AMOLED Infinity) ഡിസ്‌പ്ലേ ആണ് സാംസങ് ഗാലക്സി എസ് 9 പ്ലസിനുള്ളത്.

എസ് 9 ഉം എസ് 9 പ്ലസും എച്ച് ഡി ആർ അനുസൃതമായി പ്രവർത്തിക്കുന്നവയാണ്. 2960 x 1440 പിക്സൽ റെസല്യൂഷനും എസ് 9 നു 568 പി പി ഐ ഉം എസ് 9 പ്ലസിന് 531 പി പി ഐ യുമാണുള്ളത്.

എച്ച് ഡി ആറിന്റെയും 2 കെ പിക്സൽ റെസല്യൂഷന്റെയും സഹായത്തോടെ വളരെ മികവാർന്നതും അതിശയിപ്പിക്കുന്നതുമായ ഡിസ്‌പ്ലേയുമായാണ് 2 ഫോണുകളും നമ്മുടെ മുന്നിലെത്തുന്നത്.

ഹാർഡ്‌വെയർ

ഓരോ രാജ്യങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടു തരം സി പി യു ആണ് എസ് 9 ശ്രേണിയിലുള്ള ഫോണുകൾക്കുള്ളത്. ഏറ്റവും ജനപ്രിയമായത് എട്ടു കോറുകൾ ഉള്ള ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 845 സി പി യു ആണ്.

ഈ എട്ടു കോറുകളിൽ നാലെണ്ണം 2.4 GHz വേഗതയേറിയ ക്രയോ 385 ഗോൾഡ് (Kryo 385 Gold) ചിപ്സെറ്റും ബാക്കി നാലെണ്ണം 1.7 GHz വേഗതയേറിയ ക്രയോ 385 സിൽവർ (Kryo 385 Silver) ചിപ്സെറ്റുമാണ്. അഡ്രിനോ 630 ജി പി യു ആണ് ഗ്രാഫിക്സിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.

രണ്ടാമത്തേതും എട്ടു കോറുകൾ ഉള്ള എക്സിനോസ് 9810 സി പി യു ആണ്. എക്സിനോസ് സി പി യു നിർമിക്കുന്നത് സാംസങ് തന്നെയാണ്. എന്നാൽ ക്വാൽകോമിന്റെ അത്ര പ്രശസ്തി നേടാൻ എക്സിനോസിന് കഴിഞ്ഞില്ല.

എക്സിനോസ് 9810 യിൽ ഉള്ള എട്ട് കോറുകളിൽ നാലെണ്ണം 2.8 GHz വേഗതയുള്ള മൂന്നാം തലമുറയിൽ ഉള്ള മംഗൂസ് (3rd Gen Mongoose) ചിപ്സെറ്റും ബാക്കി നാലെണ്ണം 1.7 GHz വേഗതയേറിയ കോർട്ടക്സ് എ 55 (Cortex A55) ചിപ്സെറ്റുമാണ്. ഗ്രാഫിക്സിനു വേണ്ടി മാലി-ജി72 എം പി18 (Mali-G72 MP18) ജി പി യു ആണുപയോഗിച്ചിരിക്കുന്നത്.

ക്യാമറ

രൂപകല്പനയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ വരുത്തിയിട്ടില്ല എങ്കിലും ഹാർഡ്‌വെയറിലും ക്യാമറയിലും കാര്യമായ മാറ്റങ്ങൾ സാംസങ് ഗാലക്സി എസ് 9 ഫോണുകളിൽ ഉണ്ട്. ക്യാമറയിൽ എടുത്ത് പറയേണ്ട ഒന്നാണ് ആവശ്യാനുസൃതം മാറ്റുവാൻ കഴിയുന്ന അപ്പേർച്ചർ. സാംസങ് ഈ ക്യാമറയെ വിശേഷിപ്പിക്കുന്നത് സൂപ്പർ സ്പീഡ് ഡ്യൂവൽ പിക്സൽ ക്യാമറ എന്നാണ്.

അക്ഷരാർത്ഥത്തിൽ സൂപ്പർ സ്പീഡ് എന്ന് വിശേഷിപ്പിക്കാവുന്ന ക്യാമറ തന്നെയാണിത്. സാധാരണയായി എല്ലാ ഫോണുകളും ഫോട്ടോ എടുത്ത് കഴിഞ്ഞാൽ ബാക്കിയുള്ള പ്രക്രിയകളെല്ലാം ചെയ്യുന്നത് ഫോണിന്റെ റാം ഉപയോഗിച്ചാണ്. എന്നാൽ എസ് 9 ഫോണുകളിൽ ഇതിനു വേണ്ടി മാത്രമായി വേറൊരു റാം തന്നെയുണ്ട്. ഇതിനെ ഡിറാം എന്ന് വിളിക്കുന്നു. ഡിറാം ഉപയോഗിച്ച് ഫോട്ടോകളെല്ലാം തന്നെ വളരെ വേഗത്തിൽ എടുക്കുവാനും ആവശ്യമായ മാറ്റങ്ങൾ വരുത്തുവാനും സാധിക്കുന്നു.

ഇത് കൂടാതെ ആവശ്യാനുസരണം മാറ്റാവുന്ന അപ്പേർച്ചർ ആണ് എസ് 9 ഫോണുകളുടെ മറ്റൊരു പ്രത്യേകത. മറ്റുള്ള എല്ലാ ഫോണുകളിലും അപ്പേർച്ചർ മാറ്റി കൊണ്ടിരുന്നത് സോഫ്ട്‍വെയർ ഉപയോഗിച്ചാരുന്നു. എന്നാൽ എസ് 9 ഫോണുകളിൽ ഹാർഡ്‌വെയർ ആയി തന്നെ 2 അപ്പേർച്ചർ മോഡുകൾ ഉണ്ട്. എഫ്/1.5 (f/1.5) ഉം എഫ്/2.4 (f/2.4) ഉം.

കൂടുതൽ പ്രകാശമുള്ള സമയങ്ങളിൽ എഫ്/2.4 ലും കുറഞ്ഞ പ്രകാശമുള്ള സമയങ്ങളിൽ എഫ്/1.5 ലും മാറി ഫോട്ടോ എടുക്കുവാൻ എസ് 9 ഫോണുകൾക്ക് കഴിയും. അന്തിമ ഫലം എന്തെന്നാൽ വളരെ മികവാർന്ന ഫോട്ടോകൾ വെളിച്ചം കുറവായാലും കൂടുതലായാലും സുഖമായി എടുക്കാം എന്നുള്ളത് തന്നെ.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS), 30 എഫ് പി എസിൽ 2160 പിക്സലിലും 240 എഫ് പി എസിൽ 1080 പിക്സലും അടങ്ങുന്ന വീഡിയോ എടുക്കുന്നതും എസ് 9 നെ മികവുറ്റതാക്കുന്നതിൽ ചിലത് മാത്രം. സൂപ്പർ സ്ലോ മോ വീഡിയോ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ 960 എഫ് പി എസിൽ 720 പിക്സൽ അടങ്ങുന്ന വീഡിയോയും എസ് 9 ഫോണുകൾ കൊണ്ട് എടുക്കാൻ പറ്റും.

12 മെഗാ പിക്സൽ പിൻ ക്യാമറയാണ് സാംസങ് ഗാലക്സി എസ് 9 നുള്ളത്. എന്നാൽ എസ് 9 പ്ലസിന് ഇരട്ട ക്യാമറ സംവിധാനം ആണുള്ളത്. ഒരു 12 എംപി വൈഡ് ആംഗിൾ ലെൻസും പിന്നൊരു 12 എംപി ടെലിഫോട്ടോ ലെൻസുമാണുള്ളത്. ഈ ഇരട്ട ക്യാമറ സംവിധാനം ഉപയോഗിച്ച് വളരെ മികവാർന്ന പോർട്രൈറ്റ് ഫോട്ടോകളും ബൊക്കെ എഫ്ഫക്റ്റുകളും നിർമിക്കാൻ സാധിക്കും.

എസ് 9 ശ്രേണിയിൽ പെട്ട 2 ഫോണുകൾക്കും എഫ്/1.7 (f/1.7) അപ്പേർച്ചർ ഉള്ള 8 എംപി മുൻ ക്യാമറ ആണുള്ളത്. 30 എഫ് പി എസിൽ 1440 പിക്സലുള്ള വീഡിയോ ഈ സെൽഫി ക്യാമറ ഉപയോഗിച്ച് എടുക്കാവുന്നതാണ്.

സോഫ്റ്റ്‌വെയർ

സാംസങ് ഗ്രേസ് യുഎക്സ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡിന്റെ ഓറിയോ 8.0 ആണ് എസ് 9 ഫോണുകൾക്കുള്ളത്. സുരക്ഷാ സംവിധാനങ്ങൾ ഉറപ്പ് വരുത്താൻ സാംസങിന്റെ സുരക്ഷാ ആപ്ലിക്കേഷനായ ക്നോക്സ് (Knox) എസ് 9 ഫോണുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ അസിസ്റ്റന്റിനെ മാറ്റി സാംസങ് ബിക്സ്ബി ആണ് വിർച്വൽ അസിസ്റ്റന്റ് ആയി സ്ഥാനമേറ്റിരിക്കുന്നത്.

മെമ്മറിയും ബാറ്ററിയും

സാംസങ് എസ് 9 നു നാല് ജി ബി റാമും, 3000 എം എ എച്ച് ബാറ്ററിയുമാണ് വരുന്നത്. സാംസങ് എസ് 9 പ്ലസിന് വരുന്നത് ആറ് ജി ബി റാമും 3500 എം എ എച്ച് ബാറ്ററിയുമാണ്.

രണ്ടു തരം ഇന്റെർണൽ മെമ്മറി ഓപ്ഷനുകൾ ആണ് എസ് 9 ഫോണുകൾക്ക് ഉള്ളത് – 64 ജി ബി യും 128 ജി ബി യും. മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി 256 ജി ബി വരെ കൂട്ടാവുന്നതാണ്.

എ ആർ ഇമോജി

ആപ്പിളിന്റെ അനിമോജിക്കുള്ള ഉത്തരമായാണ് സാംസങ് എ ആർ ഇമോജി എന്ന് പേരിട്ടു വിളിക്കുന്ന മനുഷ്യ ഇമോജി സോഫ്റ്റ്‌വെയർ ഇറക്കി ഇരിക്കുന്നത്. രണ്ടു ഓപ്ഷനുകൾ എ ആർ ഇമോജിയിൽ ഉണ്ട്.

ഒന്നാമത്തേത് അതിൽ മുന്നേ തന്നെ തയ്യാറാക്കി വച്ചിട്ടുള്ള കഥാപാത്രം ഉപയോഗിച്ച് നമ്മുടെ കണ്ണും വായും അനുകരിക്കുക എന്നുള്ളത്. രണ്ടാമത്തേത് നമ്മുടെ ഫോട്ടോ ഉപയോഗിച്ച് സ്വന്തമായി ഒരു ഇമോജി ഉണ്ടാക്കുക എന്നതും.

ഐറിസ് സ്‌കാനർ / ഫേസ് അൺലോക്ക്

സാംസങ് എസ് 8 മുതൽ പുറത്തിറക്കിയ സാങ്കേതിക വിദ്യ ആണ് ഐറിസ് സ്കാനർ. നമ്മുടെ കണ്ണുകൾ സ്കാൻ ചെയ്ത് വിശ്വാസ്യത ഉറപ്പ് വരുത്തുന്ന രീതി ആണ് ഐറിസ് സ്കാനർ.

ആപ്പിൽ ഐഫോൺ കൊണ്ട് വന്ന ഫേസ് അൺലോക്ക് സാങ്കേതിക വിദ്യ എസ് 9 ഫോണുകളിൽ ഉണ്ടെങ്കിലും അവകാശപ്പെടാൻ പോന്നത്ര മാറ്റങ്ങൾ ഇതിൽ ഇല്ല എന്നതാണ് സത്യം.

സ്പീക്കർ

സാംസങ് എസ് 8 ഫോണുകളിലും നോട്ട് 8 ഫോണുകളിലും സ്‌പീക്കറുകൾ വളരെ മോശം ആയിരുന്നു. ഫോണിന്റെ കീഴിൽ നിർമിച്ചിരുന്ന ഒരൊറ്റ സ്പീക്കർ ശബ്ദ ഗുണം വളരെ മോശപെട്ടതാക്കി. എന്നാൽ എസ് 9 ഫോണുകളിൽ ഹർമാൻ സ്റ്റീരിയോ നിർമിച്ച എ കെ ജി ഡോൾബി അറ്റ് മോസ് സ്‌പീക്കറുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

വിലയും ലഭ്യതയും

ഇന്ത്യയിൽ ഇത് വരെ സാംസങ് ഔദ്യോഗികമായി എസ് 9 ഫോണുകൾ അറിയിച്ചിട്ടില്ല. എന്നാൽ യു കെ യിലും യു എസ്സിലും ഉള്ളവർക്കു മാർച്ച് 2 മുതൽ പ്രീ ബുക്ക് ചെയ്യാവുന്നതാണ്.

ഇന്ത്യൻ രൂപ ഏകദേശം 67000 ആണ് സാംസങ് ഗാലക്സി എസ് 9, 64 ജിബി ഫോണിന് വരുന്നത്. ഇന്ത്യൻ രൂപ ഏകദേശം 78000 ആണ് സാംസങ് ഗാലക്സി എസ് 9 പ്ലസ്, 128 ജിബി ഫോണിന് വരുന്നത്. ഇന്ത്യയിൽ എസ് 9 ഫോണുകൾ ഔദ്യോഗികമായി ഇറക്കുമ്പോൾ ഈ വിലകളിൽ മാറ്റം വരാം.

സവിശേഷതകൾ ഒറ്റനോട്ടത്തിൽ

എസ് 9 എസ് 9 പ്ലസ്
ഡിസ്പ്ലേ 5.8 ഇഞ്ച് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി, എച്ച് ഡി ആർ 10 അനുസൃതം 6.2 ഇഞ്ച് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി, എച്ച് ഡി ആർ 10 അനുസൃതം
ഹാർഡ്‌വെയർ ക്വാൽകോം സ്നാപ്ഡ്രാഗൺ 845 ഒക്റ്റാ കോർ സിപിയു, അഡ്രിനോ 630 ജിപിയു അല്ലെങ്കിൽ സാംസങ് എക്സിനോസ് 9810 ഒക്റ്റാ കോർ സിപിയു, മാലി ജി72 എംപി18 ജിപിയു ക്വാൽകോം സ്നാപ്ഡ്രാഗൺ 845 ഒക്റ്റാ കോർ സിപിയു, അഡ്രിനോ 630 ജിപിയു അല്ലെങ്കിൽ സാംസങ് എക്സിനോസ് 9810 ഒക്റ്റാ കോർ സിപിയു, മാലി ജി72 എംപി18 ജിപിയു
ഓഎസ് സാംസങ് ഗ്രേസ് യു എക്സ്, ആൻഡ്രോയിഡ് ഓറിയോ 8.0 സാംസങ് ഗ്രേസ് യു എക്സ്, ആൻഡ്രോയിഡ് ഓറിയോ 8.0
പിൻ ക്യാമറ 12 എംപി വൈഡ് ആംഗിൾ ലെൻസ്, എഫ്/1.5 – എഫ്/2.4, എൽ ഇ ഡി ഫ്ലാഷ് 12 എംപി വൈഡ് ആംഗിൾ ലെൻസ് + 12 എംപി ടെലിഫോട്ടോ ലെൻസ്, എഫ്/1.5 – എഫ്/2.4, എൽ ഇ ഡി ഫ്ലാഷ്
മുൻ ക്യാമറ 8 എംപി ലെൻസ്, എഫ്/1.7 8 എംപി ലെൻസ്, എഫ്/1.7
മെമ്മറി, സ്റ്റോറേജ് 4 ജിബി റാം, 64 ജിബി അല്ലെങ്കിൽ 128 ജിബി നിർമിത സ്റ്റോറേജ്. മെമ്മറി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് കൂട്ടാവുന്നതാണ് 6 ജിബി റാം, 64 ജിബി അല്ലെങ്കിൽ 128 ജിബി നിർമിത സ്റ്റോറേജ്. മെമ്മറി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് കൂട്ടാവുന്നതാണ്
ബാറ്ററി 3000 എം എ എച്ച് 3500 എം എ എച്ച്
വില ഏകദേശം 67000 ഇന്ത്യൻ രൂപ ഏകദേശം 78000 ഇന്ത്യൻ രൂപ

ഉപസംഹാരം

വില ഇത്തിരി കൂടുതൽ ആണെങ്കിലും സാംസങ് ഗാലക്സി എസ് 9 ഫോണുകൾ തീർച്ചയായും ഓരോ സ്മാർട്ട് ഫോൺ ഫോട്ടോഗ്രാഫറുടെയും സ്വപ്നമാണ്. എസ് 9 ഫോണുകളുടെ വരവോടെ സ്മാർട്ട് ഫോൺ ഫോട്ടോഗ്രാഫിക്ക് ഒരു പുതിയ അധ്യായം തന്നെ ഉണ്ടാകും.

Leave a Reply