ഗൂഗിൾ ക്യാമറ ആപ്പ് – ഗൂഗിളിന്റെ കിടിലൻ ക്യാമറ ആപ്പ്

ഗൂഗിൾ ക്യാമറ ആപ്പ്, കിടിലൻ ഫോട്ടോകൾ എടുക്കാൻ ഗൂഗിളിൽ നിന്നും ഒരു കിടിലൻ ആപ്പ്. ഈ ആപ്പ് ഒരുപാട് ഓപ്ഷനുകൾ നിരത്തി നമ്മളെ ആശയ കുഴപ്പത്തിലാക്കില്ല, പകരം ഏറ്റവും ലളിതമായ യൂസർ ഇന്റർഫേസ് ആണ് ഇതിനുള്ളത്. ഏതൊരു സാധാരണക്കാരനും എളുപ്പം ഉപയോഗിക്കാം. ഗൂഗിൾ നിർമ്മിക്കുന്ന ഫോണുകൾക്ക് വേണ്ടി മാത്രമാണ് ഗൂഗിൾ ഈ ക്യാമറ ആപ്പ് ഇറക്കുന്നത്.

എന്നാൽ വിവിധ തരം മാറ്റങ്ങൾ ഒരു ആപ്ലിക്കേഷനിൽ വരുത്താൻ വിദഗ്ധരായ എക്സ്ഡിഎ(XDA) ഡെവലപ്പേഴ്‌സ് ഇന്റർനെറ്റ് കൂട്ടായ്മ മറ്റു ഫോണുകളിലേക്കും ഗൂഗിൾ ക്യാമറ ആപ്പ് കൊണ്ട് വരാൻ വഴി കണ്ട് പിടിച്ചു. ഗൂഗിൾ ക്യാമറ ആപ്ലിക്കേഷന്റെ സവിശേഷതകൾ എന്താണെന്നും അതെങ്ങനെ മറ്റു ആൻഡ്രോയിഡ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാം എന്ന് നോക്കാം.

ഗൂഗിൾ ഇറക്കിയ പിക്സൽ 1 ഫോണുകൾ വളരെ പെട്ടന്നാണ് ഉപയോക്താക്കൾക്കിടയിൽ ഏറ്റവും മികച്ച ക്യാമറ ഫോൺ എന്ന തലക്കെട്ടോടെ ഇടം പിടിച്ചത്. അതിന് ശേഷം 2017 ഒക്ടോബറിൽ അവർ പിക്സൽ 2 സ്മാർട്ട് ഫോണുകൾ കൊണ്ട് വന്നു. താമസിയാതെ അതും സ്മാർട്ട് ഫോണുകളിൽ ഏറ്റവും മികച്ച ക്യാമറ എന്ന സവിശേഷത സ്വന്തമാക്കി. ഫോണിലെ ഹാർവെയറിന്റെ ഗുണമേന്മ കൂടാതെ ഇതിൽ ഗൂഗിൾ ക്യാമറ ആപ്പിനും ഒരു പ്രധാന പങ്കുണ്ട്

ഗൂഗിൾ ക്യാമറ ആപ്പ്

ഗൂഗിളിന്റെ ക്യാമറകളെല്ലാം തന്നെ മികച്ചതാകാനുള്ള പ്രധാന കാരണം അവരുടെ ക്യാമറ ഹാർഡ്‌വെയർ എന്ന് തന്നെ പറയാം. എന്നാൽ അതിലേറെ ഗൂഗിൾ പ്രാധാന്യം നൽകിയത് ഉപയോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന ആപ്പിലാണ്.

ലോകത്തെ മികച്ച സ്മാർട്ട് ഫോൺ ക്യാമറ ആയി പിക്സൽ ഫോണുകളെ നിലനിർത്തുന്നതിൽ ഗൂഗിൾ ക്യാമറ ആപ്പ് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ഗൂഗിൾ ക്യാമറ ആപ്പ് സാധാരണ ആൻഡ്രോയിഡ് ക്യാമറ ആപ്ലിക്കേഷനെക്കാൾ മികവുറ്റതും വളരെ അധികം നവീന സാങ്കേതിക വിദ്യകളാൽ അനുഗ്രഹീതവുമാണ്.

സവിശേഷതകൾ

സാധാരണ ആൻഡ്രോയിഡ് ക്യാമറ ആപ്ലിക്കേഷനിൽ നിന്നും ചില മാറ്റങ്ങളോടെയാണ് ഗൂഗിൾ ക്യാമറ ആപ്ലിക്കേഷന്റെ ഇന്റർഫേസ്. ആപ്ലിക്കേഷൻ തുറക്കുമ്പോൾ ഫോട്ടോ മോഡിലും വലത്തോട്ട് സ്വൈപ്പ് ചെയ്താൽ വീഡിയോ മോഡിലേക്കും മാറും. മുന്നിലത്തെ ക്യാമറയും പിന്നിലത്തെ ക്യാമറയും മാറ്റാനുള്ള ഒരു ബട്ടണും, ടൈമറും ഗ്രിഡ് ലൈനുകളും എച്ച് ഡി ആർ ഓണും ഓഫും ചെയ്യാനുള്ള ബട്ടണുകളും പ്രത്യക്ഷാ കാണാൻ സാധിക്കും.

ഗൂഗിൾ ക്യാമറ ആപ്ലിക്കേഷൻ ഉപയോഗിച്ചു ബഡ്ജറ്റ് ഫോണുകളിലും നമുക്ക് എച്ച്ഡിആർ സവിശേഷത കൊണ്ട് വരാൻ സാധിക്കും. ഗൂഗിളിന്റെ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ആണ് ഇതിനു വേണ്ടി സഹായിക്കുന്നത്.

ലെൻസ് ബ്ലർ (Lens Blur)

ഫോട്ടോ മോഡിൽ നിന്ന് കൊണ്ട് ഇടത്തോട്ട് സ്വൈപ്പ് ചെയ്താൽ വിവിധ തരം നവീന ഫോട്ടോ മാർഗങ്ങൾ കാണാൻ സാധിക്കും. അതിൽ പ്രത്യേകം എടുത്തു പറയേണ്ടവയിൽ ഒന്നാണ് ലെൻസ് ബ്ലർ (Lens Blur).

ആധുനിക സ്മാർട്ട് ഫോണുകളിൽ വളരെ അധികം പ്രാധാന്യം ലഭിച്ചു കൊണ്ടിരിക്കുന്ന ഫോട്ടോ രീതികളിൽ ഒന്നാണ് പോർട്രൈറ്റ് മോഡ്. പോർട്രൈറ്റ് മോഡ് എന്തെന്നാൽ ഏതെങ്കിലും ഒരു വസ്തുവിനെ മാത്രം കേന്ദ്രീകരിച്ച് ബാക്കി ഉള്ളതെല്ലാം അവ്യക്തമാക്കുന്ന രീതിയാണ്.

ചെറിയ രീതിയിൽ ഗൂഗിൾ ക്യാമറ ആപ്ലിക്കേഷനിലെ ലെൻസ് ബ്ലർ ഉപയോഗിച്ച് നമുക്കു പോർട്രൈറ്റ് മോഡ് പോലോത്തെ പ്രതീതി ഉണ്ടാക്കി എടുക്കുവാൻ സാധിക്കും.

ഫോട്ടോ സ്ഫിയർ (Photo Sphere)

സ്ഫിയർ അല്ലെങ്കിൽ ഗോളാകൃതിയിൽ ഫോട്ടോസ് എടുക്കാൻ ഉപകരിക്കുന്നതാണു ഫോട്ടോ സ്ഫിയർ. ആദ്യമായി നേരെ കാണുന്ന ഫോട്ടോ എടുക്കുക. അതിനു ശേഷം പതുക്കെ ഫോൺ വലത്തോട്ടും ഇടത്തോട്ടും മുകളിലേക്കും താഴേക്കും നീക്കി കൊണ്ട് ആ ഫോട്ടോ പൂർത്തീകരിക്കുക. ഒടുവിൽ ഗൂഗിൾ ക്യാമറ ആപ്പ് എടുത്ത ഫോട്ടോയുടെ അടിസ്ഥാനത്തിൽ ഒരു ഗോളാകൃതിയിൽ ഫോട്ടോ നമുക്ക് നിർമ്മിച്ച് നൽകുന്നതാണ്.

പനോരമ (Panorama)

ഡിഎസ്എൽആറിൽ നിന്നും വളരെ വേഗം സ്മാർട്ട് ഫോണുകളിലേക്ക് ചുവട് മാറ്റിയ ഒരു ഫോട്ടോ രീതി ആണ് പനോരമ മോഡ്. വളരെ നീളമുള്ള ഭൂദൃശ്യങ്ങൾ ഒരൊറ്റ ഫോട്ടോയിൽ പകർത്തിയെടുക്കുന്നതിനെ ആണ് പനോരമ മോഡ് എന്ന് പറയുന്നത്.

ഗൂഗിൾ ക്യാമറ ആപ്ലിക്കേഷനിൽ ഫിഷ് ഐ (Fish Eye) എന്ന നവീന രീതി അടക്കം നാല് പനോരമ മോഡുകളാണ് ഉള്ളത്. ഓരോ രീതിയിലും എങ്ങനെ ഫോട്ടോ എടുക്കാം എന്നുള്ളതിനെ കുറിച്ച് ഫോട്ടോ എടുക്കുന്ന സമയത്ത് തന്നെ ആപ്ലിക്കേഷൻ നമ്മോട് പറഞ്ഞു തരുന്നതാണ്.

ആൻഡ്രോയിഡ് പതിപ്പ് 4.4 മുതൽ ഗൂഗിൽ ക്യാം ആപ്ലിക്കേഷൻ ലഭ്യമാണ്. എന്നാൽ ഏറ്റവും പുതിയ സവിശേഷതകൾ അടങ്ങിയ ക്യാമറ ആപ്പ് ആൻഡ്രോയിഡ് പതിപ്പ് 7 നൗഗട്ട് മുതലാണുള്ളത്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 8 ഓറിയോ പതിപ്പിൽ മുകളിൽ പറഞ്ഞതിനേക്കാൾ പുതുമയുള്ള മാറ്റങ്ങളും നവീന ഫോട്ടോ രീതികളും ഉണ്ട്.

എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം?

4 കെ പിന്തുണ ഉള്ള ഫോണുകളിൽ ഗൂഗിൾ ക്യാമറ ആപ്ലിക്കേഷൻ ഉപയോഗിച്ച് 4 കെ വീഡിയോ റെക്കോർഡ് ചെയ്യാനും സാധിക്കും. സ്റ്റോക്ക് ഓഎസ് വരുന്ന ചില ഫോണുകളിൽ പ്ലേ സ്റ്റോറിൽ നിന്നും നേരിട്ട് ഗൂഗിൾ ക്യാമറ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

മറ്റിതര ഫോണുകളിലേക്ക് ഗൂഗിൾ ക്യാമറ ആപ്ലിക്കേഷൻ വേണം എന്നുണ്ടെങ്കിൽ പ്ലേ സ്റ്റോറിന് പുറത്തുള്ള കൂട്ടായ്മകളുടെ സഹായം തേടേണ്ടതുണ്ട്. താഴെ കാണുന്ന ലിങ്കിൽ നിന്നും നിങ്ങളുടെ ആൻഡ്രോയ്ഡ് പതിപ്പ് അനുസൃതം ഗൂഗിൾ ക്യാമറ ആപ്പ് ഡൗൺലോഡ് ചെയ്യുക.

ഡൗൺലോഡ് ചെയ്തതിനു ശേഷം ആൻഡ്രോയിഡ് സെറ്റിങ്സിൽ ഡിവൈസ് സെക്യൂരിറ്റിയുടെ കീഴിലുള്ള അറിയപ്പെടാത്ത ഉത്ഭവങ്ങൾ (Unknown Sources) ടിക്ക് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.

ഇത് കഴിഞ്ഞാൽ സാധാരണ ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നത് പോലെ നിങ്ങൾക്ക് ഗൂഗിൾ ക്യാമറ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാവുന്നതും ഉപയോഗിക്കാവുന്നതുമാണ്.

Leave a Reply