ഷവോമിയുടെ 2018 ലെ വിസ്മയങ്ങളിലൊന്നായി പറയാവുന്നതാണു നോട്ട് ശ്രേണിയിലുള്ള റെഡ്മി നോട്ട് 5 പ്രോ. 2018 ഫെബ്രുവരി 14നു ഡൽഹിയിൽ വെച്ച് നടന്ന ഒരു ചടങ്ങിൽ ഷവോമി – റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ പിന്നെ എംഐ ടിവി 4 എന്നിങ്ങനെ മൂന്ന് ഉല്പന്നങ്ങൾ പുറത്തിറക്കി.
സാധാരണക്കാരന്റെ സ്മാർട്ട് ഫോൺ ശ്രേണിയിൽ വിസ്മയങ്ങൾ കാഴ്ച വച്ച ചരിത്രമാണ് ഷവോമിക്കുള്ളത്. പ്രത്യേകിച്ചും റെഡ്മി നോട്ട് ശ്രേണിക്ക് ഇന്ത്യൻ വിപണിയിൽ വലിയ വരവേൽപാണ് ലഭിക്കുന്നത്. റെഡ്മി നോട്ട് 3 യിലൂടെ ഷവോമി ബെഞ്ച് മാർകിങ് പട്ടികയിൽ ഒരു വലിയ മാറ്റമാണ് സൃഷ്ടിച്ചത്.
ആ പതിവ് ഇപ്പോൾ വീണ്ടും ആവർത്തിച്ചിരിക്കുകയാണ് റെഡ്മി നോട്ട് 5 പ്രോ യിലൂടെ. റെഡ്മി നോട്ട് 5 പ്രോ വീണ്ടും ബെഞ്ച് മാർകിങ് പട്ടികയിൽ വൻ മാറ്റവും സൃഷ്ടിച്ചു കൊണ്ടാണ് വന്നിരിക്കുന്നത്. ഷവോമി റെഡ്മി നോട്ട് 5 പ്രോ നെ ഇന്ത്യയുടെ ക്യാമറ ഭീകരൻ എന്നാണ് വില ഇരുത്തുന്നത്.
രൂപകല്പന
ഒരു മുഴു നീള മെറ്റൽ ബോഡിക്കു പകരം മുൻഭാഗത്തു മുകളിലും താഴെയുമായി ചെറിയ രണ്ടു പ്ലാസ്റ്റിക് ഭാഗങ്ങൾ ഉപയോഗിച്ചാണ് റെഡ്മി നോട്ട് 5 പ്രോ നിർമിച്ചിരിക്കുന്നത്. എന്നാൽ എംഐ എ1 മുഴു നീള മെറ്റൽ ബോഡി ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു.
പുറകു ഭാഗത്ത് ഐഫോൺ എക്സിന്റെ രൂപകല്പനയെ കണക്കിലെടുത്തു 2 ക്യാമറ അടങ്ങുന്ന സംവിധാനം കുറുകെ സ്ഥാപിക്കുന്നതിന് പകരം നെടുകെ സ്ഥാപിച്ചിരിക്കുന്നു. മുൻഗാമിയായ റെഡ്മി നോട്ട് 4 ൽ ഉള്ള ഹാർഡ്‌വെയർ കീകൾ ഉപേക്ഷിച്ചു പകരം സോഫ്റ്റ് വെയർ കീകൾ ആണ് റെഡ്മി നോട്ട് 5 പ്രോ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ കീഴ് ഭാഗത്തു ഹെഡ്‍ഫോൺ ജാക്കും മൈക്കും യു എസ് ബി പോർട്ടും സ്പീക്കർ ഗ്രില്ലും അടങ്ങിയിരിക്കുന്നു. മുകൾ ഭാഗത്ത് ഷവോമിയുടെ ഐ ആർ ബ്ലാസ്റ്ററും ഉണ്ട്.
ഡിസ്പ്ലേ / സ്ക്രീൻ
5.99 ഇഞ്ച് വലിപ്പമുള്ള ഐപിഎസ് എൽസിഡി കപ്പാസിറ്റിവ് ടച്ച് സ്ക്രീൻ ആണ് റെഡ്മി നോട്ട് 5 പ്രോക്കുള്ളത്. 18:9 അനുപാതത്തിൽ 1080 x 2160 പിക്സൽ ഉള്ളത് കൊണ്ട് വളരെ വലുപ്പത്തിൽ ഭംഗിയായി റെഡ്മി നോട്ട് 5 പ്രോ ആസ്വദിക്കാവുന്നതാണ്. സ്ക്രീൻ സംരക്ഷണത്തിനായി കോർണിങ് ഗൊറില്ല ഗ്ലാസും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രോസസ്സർ
റെഡ്മി നോട്ട് 5 പ്രോ യിൽ ഉള്ളത് സ്നാപ്പ് ഡ്രാഗൺ 636 പ്രോസസ്സർ ആണ്. ക്വാൽകോം കമ്പനിയുടെ നിർമിതിയിൽ ഉള്ള സ്നാപ്ഡ്രാഗൺ പ്രോസെസ്സറിലെ 600 ശ്രേണിയിലുള്ള ഏറ്റവും പുതിയ പ്രോസസ്സർ ആണിത്. നോട്ട് 5 പ്രോ അതുപയോഗിച്ചു പുറത്തു വരുന്ന ആദ്യത്തെ ഫോണും.
സ്നാപ്ഡ്രാഗൺ 636 ൽ ഉപയോഗിച്ചിരിക്കുന്നത് സ്നാപ്ഡ്രാഗണിന്റെ വില കൂടിയ ശ്രേണികളിൽ മാത്രം ഉപയോഗിച്ചിട്ടുള്ള അവരുടെ സ്വന്തം നിർമിതിയിലുള്ള ക്രയോ (Kryo) സി പി യു ആണ്. മൊത്തം 8 കോറുകൾ. ഇതെല്ലാം തന്നെ 1.8 GHz വേഗതയുള്ള ക്രയോ 260 കോറുകളാണ്. ഈ 8 കോറുകളിൽ നാലെണ്ണം പ്രവർത്തന ശേഷിക്കും (performance) ബാക്കി നാലെണ്ണം കാര്യക്ഷമതക്കും (efficiency) വേണ്ടി ആണ്.
ഗെയിം കളിക്കുവാനാണേലും ഭാരിച്ച ഗ്രാഫിക്സ് ജോലികൾക്കും ഈ പ്രോസസ്സർ തന്നെ ധാരാളം. എന്നാൽ അതിന്റെ ശക്‌തി കൂട്ടാനായി ജി പി യു ആയി ഉപയോഗിച്ചിരിക്കുന്നത് അഡ്രിനോ 509 (Adreno 509) ആണ്. ഇത് കാരണം ബെഞ്ച് മാർക്കിൽ 109692 എന്ന സ്ഥാനം പിടിക്കുവാനായി. ഈ വില ശ്രേണിയിൽ ഇന്നേ വരെ ഒരു നിർമാതാവും ഈ ബെഞ്ച് മാർക്ക് സ്ഥാപിച്ചിട്ടില്ല എന്നുള്ളതും ശ്രേദ്ധേയം.
ക്യാമറ
ഷവോമിയുടെ വാക്കുകൾ പ്രകാരം റെഡ്മി നോട്ട് 5 പ്രോ ഇന്ത്യയുടെ ക്യാമറ ഭീകരൻ ആണ്. ക്യാമറയുടെ സവിശേഷതകൾ നോക്കുമ്പോൾ ഏറെ കുറെ അത് സത്യവുമാണ്.
പ്രധാന ക്യാമറ ആയി 2 എണ്ണമാണുള്ളത്. ഒരെണ്ണം f/2.2 അപ്പേർച്ചർ ഉള്ള 12 മെഗാ പിക്സൽ ലെൻസും രണ്ടാമത്തേത് 5 മെഗാ പിക്സൽ ഉള്ളതുമാണ്. ഇങ്ങനെ 2 ക്യാമറ ഉള്ളത് കൊണ്ട് മികവാർന്ന പോർട്രൈറ്റ് ഫോട്ടോകൾ നിഷ്പ്രയാസം എടുക്കാൻ സാധിക്കും. 12 മെഗാ പിക്സൽ ഉള്ള ലെൻസ് ആണ് ഫോട്ടോ എടുക്കാൻ പ്രധാനമായി ഉപയോഗിക്കുന്നത് എന്നിരിക്കെ ഈ 5 മെഗാ പിക്സൽ ലെൻസ് ആ ഫോട്ടോയുടെ വ്യാപ്തം അളക്കാൻ വേണ്ടി ഉള്ളതാണ്.
പ്രധാന ക്യാമറക്കു വേണ്ടി ഉപയോഗിച്ചിരിക്കുന്ന സെൻസർ സോണിയുടെ പ്രീമിയം ശ്രേണിയിൽ പെട്ട സോണി ഐ എം എക്സ് 486 (Sony IMX 486) എന്നുള്ളത് എടുത്ത് പറയേണ്ട ഒരു കാര്യം ആണ്. റെഡ്മി നോട്ട് 5 പ്രോയിൽ ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (Electronic Image Stabilization, EIS) സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറമെ ഷവോമിയുടെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) ഉണ്ട്. ഈ രണ്ട് സാങ്കേതിക വിദ്യകളും റെഡ്മി നോട്ട് 5 പ്രോയുടെ ക്യാമറയെ ഒരു പടി മുന്നിൽ നിർത്തുന്നു.
മുന്നിലുള്ള സെൽഫി ക്യാമറയിൽ f/2.2 അപ്പേർച്ചർ ഉള്ള 20 മെഗാ പിക്സൽ ലെൻസ് ആണുപയോഗിച്ചിരിക്കുന്നത്. ഇത് കൂടാതെ ഒരു സെൽഫി ലൈറ്റും ക്യാമറക്കു സമീപം ഉണ്ട്. ഷവോമിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സെൽഫി ഫോട്ടോകളിലും പ്രോട്രൈറ്റ് സവിശേഷത നോട്ട് 5 പ്രോ ഉറപ്പ് വരുത്തുന്നു.
ഫേസ് അൺലോക്ക്
20 മെഗാ പിക്സൽ സെൽഫി ക്യാമറയും ഷവോമിയുടെ ശക്തിയേറിയ എ ഐ യും ഉപയോഗിച്ച് ഇനി മുതൽ ഫിംഗർ പ്രിന്റോ പാസ്സ്‌വേർഡോ ഉപയോഗിക്കാതെ വെറും മുഖം ഉപയോഗിച്ച് ഫോൺ തുറക്കാം എന്നുള്ളതും ഈ ഫോണിന്റെ പ്രത്യേകത ആണ്.
സോഫ്റ്റ്‌വെയർ
ആൻഡ്രോയിഡ് നൊഗട്ട് 7.1.2 അടിസ്ഥാനാമാക്കിയുള്ള എം ഐ യു ഐ 9 ആണ് റെഡ്മി നോട്ട് 5 പ്രോക്ക് ജീവൻ നൽകുന്നത്. ഇത് കൂടാതെ തന്നെ ഷവോമിയുടെ സ്വന്തം ആപ്ലിക്കേഷനുകളായ എംഐ റിമോട്ട്, എംഐ ഫയൽ എക്സ്പ്ലോറർ, എംഐ സെക്യൂരിറ്റി, എംഐ ക്ലീനർ, എംഐ ഡ്രോപ്പ്, തീം സ്റ്റോർ, ആപ് ലോക്ക് എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊതുവായ ചില സവിശേഷതകൾ
റെഡ്മി നോട്ട് 5 പ്രോ രണ്ട് തരത്തിലാണ് വരുന്നത്. ഒന്നാമത്തേത് 4 ജിബി റാമും 64 ജിബി ഇന്‍റെര്‍ണല്‍ മെമ്മറിയും രണ്ടാമത്തേത് 6 ജിബി റാമും 64 ജിബി ഇന്‍റെര്‍ണല്‍ മെമ്മറിയും.
ബ്ലൂടൂത്ത് 5.0, പുറകിൽ സ്ഥാപിച്ചിട്ടുള്ള വിരലടയാള സെൻസർ, ഫാസ്റ്റ് ചാർജിങ് സംവിധാനം, 4000 mAh ബാറ്ററി, 2 നാനോ സിം അറകൾ അതിൽ രണ്ടാമത്തേതിൽ 128 ജിബി വരെ ഉള്ള മെമ്മറി കാർഡ് ഇടാൻ സാധിക്കും.
വിലയും ലഭ്യതയും
കറുപ്പ്, ഗോൾഡ്, റോസ് ഗോൾഡ്, നീല എന്നീ നിറങ്ങളിൽ ആണ് നോട്ട് 5 പ്രോ ലഭിക്കുന്നത്. 4 ജിബി റാമുള്ള പതിപ്പിന് 13,999 രൂപയും 6 ജിബി റാമുള്ള പതിപ്പിന് 16,999 രൂപയുമാണ് വില വരുന്നത്.
2018 ഫെബ്രുവരി 22 മുതൽ എംഐ സ്റ്റോറിലും ഫ്ലിപ്കാർട്ടിലും തിരഞ്ഞെടുക്കപ്പെട്ട ചില സ്റ്റോറുകളിലും റെഡ്മി നോട്ട് 5 പ്രോ ലഭിക്കുന്നതാണ്.
സവിശേഷതകൾ ഒറ്റനോട്ടത്തിൽ
ഡിസ്പ്ലേ | 5.99 ഇഞ്ച് ഐ പി എസ് എൽ സി ഡി ഫുൾ എച്ച്ഡി ഡിസ്പ്ലേ (1080 x 2160 പിക്സൽസ്), 2.5D കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം |
പ്രോസസ്സർ | 1.8 GHz 64 ബിറ്റ് ഒക്റ്റാ കോർ സ്നാപ്പ്ഡ്രാഗൺ 636 പ്രോസസ്സർ, ക്രയോ 260 കോറുകൾ, അഡ്രിനോ 509 ഗ്രാഫിക്സ് പ്രോസസ്സർ |
ഒഎസ്സ് | ആൻഡ്രോയ്ഡ് 7.1.2 നൊഗട്ട്, എം ഐ യു ഐ 9 |
മെമ്മറി, സ്റ്റോറേജ് | 4 ജിബി റാം, 64 ജിബി നിർമ്മിത സ്റ്റോറേജ്. 6 ജിബി റാം, 64 ജിബി നിർമ്മിത സ്റ്റോറേജ്. മൈക്രോ എസ് ഡി കാർഡ് ഉപയോഗിച്ച് മെമ്മറി 128 ജിബി വരെ ഉയർത്താവുന്നതാണ്. |
പിൻ ക്യാമറ | 12 മെഗാപിക്സൽ wide angle ലെൻസ് + 5 മെഗാപിക്സൽ telephoto ലെൻസ് (ഇരട്ട ക്യാമറ), ഫ്ലാഷ് |
മുൻ ക്യാമറ | 20 മെഗാപിക്സൽ, എൽ ഇ ഡി ഫ്ലാഷ്. |
കണക്റ്റിവിറ്റി , സിം | ഇരട്ട സിം, രണ്ടിലും 4G VoLTE സപ്പോർട്ട് , വൈഫൈ, ബ്ലൂടൂത്ത് 5.0, ഇൻഫ്രാ റെഡ് ബീം |
സെൻസറുകൾ | കോമ്പസ്, പ്രോക്സിമിറ്റി, ഗൈറോ, ആക്സിലറോമീറ്റർ, ജിപിസ്, ഫിംഗർപ്രിന്റ് |
ബാറ്ററി | 4000 mAh |
നിറങ്ങൾ | ബ്ലാക്ക്, ഗോൾഡ്, റോസ് ഗോൾഡ്, ലേക്ക് ബ്ലൂ |
ഫിംഗർപ്രിന്റ് സെൻസർ | ഫോണിന്റെ പിൻഭാഗത്ത് |
വില | 4 ജിബി റാമുള്ളതിന് – Rs. 13,999/- 6 ജിബി റാമുള്ളതിന് – Rs. 16,999/- |
ഉപസംഹാരം
എതിരാളികൾ എന്ന് പേരിനെങ്കിലും പറയാൻ സാധിക്കുന്നത് ഹോണർ 9 ലൈറ്റ് ആണ് എന്നാൽ റെഡ്മി നോട്ട് 5 പ്രോ തീർത്തും ഒരു വലിയ മത്സരമാണ് ഹോണറിനു നേരെ തയ്യാറാക്കിയിരിക്കുന്നത്.
ഈ വില ശ്രേണിയിൽ മറ്റാരും തരാത്ത സാങ്കേതിക വിദ്യകളും മാറ്റങ്ങളും കൊണ്ടാണ് റെഡ്മി നോട്ട് 5 പ്രോ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. അത് കൊണ്ട് തന്നെ റെഡ്മി നോട്ട് 5 നേക്കാൾ ഇത്തിരി വില കൂടുതലാണേലും ആ വിലക്ക് റെഡ്മി നോട്ട് 5 പ്രോ എന്ത് കൊണ്ടും അർഹനാണ്.