ഷവോമി എംഐയുഐ (MIUI) , ആൻഡ്രോയിഡ് വൺ ഇവയിൽ ഏത് റോമാണ് നല്ലത് ?

എംഐയുഐ ഷവോമിയുടെ സ്വന്തം ഇഷ്ടത്തിൽ യഥാർത്ഥ ആൻഡ്രോയിഡ്നു മേലെ ചില മാറ്റങ്ങൾ വരുത്തിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്. എന്നാൽ ആൻഡ്രോയിഡ് വൺ ഗൂഗിൾ നേരിട്ട് ഇറക്കുന്നതാണ്. ഇത് നേരിട്ട് ഗൂഗിളിൽ നിന്ന് വരുന്നത് കൊണ്ട് സ്റ്റോക്ക് ആൻഡ്രോയിഡ് അല്ലെങ്കിൽ സ്റ്റോക്ക് റോം എന്ന് വിശേഷിപ്പിക്കുന്നു.

എംഐയുഐ

എംഐയുഐ

ആദ്യമേ പറഞ്ഞത് പോലെ തന്നെ എം ഐ യു ഐ ഷവോമിയുടെ സ്വന്തം ഇഷ്ടത്തിൽ മാറ്റങ്ങൾ വരുത്തിയ ഒ എസ് ആണ്. ഗൂഗിളിന്റെ ആൻഡ്രോയിഡ് നിർമാതാക്കൾ സ്റ്റോക്ക് റോം അഥവാ യഥാർത്ഥ ആൻഡ്രോയിഡ് റോം എല്ലാ നിർമാതാക്കൾക്കും നൽകും. അവർ അതിൽ ആവശ്യമുള്ള മാറ്റങ്ങൾ വരുത്തിയതിനു ശേഷം അവരുടെ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നു.

ഇത് തന്നെ ആണ് എം ഐ യു ഐ യിലും സംഭവിക്കുന്നത്. എംഐയുഐ നിർമാതാക്കൾ സ്റ്റോക്ക് റോമിലേക്ക് തങ്ങളുടെ ആപ്ലിക്കേഷനുകളും സുരക്ഷാ ക്രമീകരണങ്ങളും ഉൾച്ചേർത്ത് അവരുടേതായ റോം ഉപയോക്താക്കൾക്ക് നൽകുന്നു.

എം ഐ യു ഐ ഗുണങ്ങൾ

ഒരു ഉപയോക്താവിന് എങ്ങനെ വളരെ നല്ല രീതിയിൽ ഫോൺ തീമിൽ മാറ്റങ്ങൾ വരുത്താൻ അറിയില്ല എന്നുണ്ടെങ്കിൽ അവർക്കു വേണ്ടി മാത്രമായി തന്നെ ഷവോമിയുടെ തീം ആപ്പ്ളിക്കേഷൻ ഉണ്ട്. ഇതിൽ വളരെ തന്മയത്വത്തോടെ നിർമിച്ച വിവിധ തരത്തിലുള്ള തീമുകൾ ഓരോരുത്തർക്കും ഉപയോഗിക്കാവുന്നതാണ്.

ഓരോ തീമിനുള്ളിൽ നിന്ന് കൊണ്ട് തന്നെ വീണ്ടും മാറ്റങ്ങൾ വരുത്താനുള്ള സ്വാതന്ത്ര്യവും ഉണ്ട് . ഉദാഹരണത്തിന് നിലവിലുള്ള തീമിലെ അക്ഷര ശൈലി മാറ്റി വേറെ ഒരു തീമിലുള്ള അക്ഷര ശൈലി ഉപയോഗിക്കണമെങ്കിൽ തീം ആപ്ലിക്കേഷനുള്ളിൽ ഇതിനുള്ള വഴി ഉണ്ട്.

ഇതിനു പുറമെ എംഐയുഐയിൽ ആപ്ലിക്കേഷൻ ഡ്രോവർ ഇല്ല. ആപ്ലിക്കേഷൻ ഡ്രോവർ എന്തെന്നാൽ നമ്മുടെ ഫോണിലുള്ള എല്ലാ ആപ്ലിക്കേഷനുകളും ഒരൊറ്റ നിരയിൽ കാണിച്ചു തരുന്ന രീതി ആണ്. സ്റ്റോക്ക് റോമുകളിലെല്ലാം ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ എം ഐ യു ഐ യിൽ ഐഫോണിലേത് പോലുള്ള രീതി ആണ് പിന്തുടർന്നിരിക്കുന്നത്. എല്ലാ ആപ്ലിക്കേഷനുകളും പ്രധാന സ്‌ക്രീനിൽ തന്നെ കാണിച്ചിരിക്കുന്നു.

എം ഐ യു ഐ യിൽ ഷവോമിയുടെ തന്നെ ഒരു ആന്റി വൈറസ് ആപ്ലിക്കേഷൻ വരുന്നുണ്ട്. ഇത് നമ്മുടെ ഫോണിലുള്ള ആപ്ലിക്കേഷനുകളെയും മറ്റുള്ള ഫയലുകളെയും സ്കാൻ ചെയ്ത് വൈറസ് ഉണ്ടോ ഇല്ലയോ എന്നുറപ്പു വരുത്തുന്നു.

ഇതിനു പുറമെ റാം ക്ലീനറും, കോൾ റെക്കോർഡറും എംഐയുഐ യിൽ ഉണ്ട്. നിലവിൽ എം ഐ യു ഐ 9 വേർഷനാണ് ഉള്ളത്.

എംഐയുഐ ദോഷങ്ങൾ

അപ്ഡേറ്റുകൾ വരാൻ സമയം കൂടുതൽ എടുക്കും എന്തെന്നാൽ ആദ്യം ഗൂഗിൾ അപ്ഡേറ്റ് പുറത്തിറക്കിയതിനു ശേഷം അത് എം ഐ യു ഐ യിനു കൈ മാറി അവർ അതിനു മുകളിലൂടെ മാറ്റങ്ങൾ വരുത്തി പരീക്ഷച്ചതിനു ശേഷം മാത്രമേ ഉപയോക്താക്കൾക്ക് നൽകുന്നുള്ളൂ.

ആൻഡ്രോയിഡ് പുതിയ പതിപ്പ് ഇറങ്ങി ചുരുങ്ങിയത് ഒരു കൊല്ലം എങ്കിലും കഴിഞ്ഞാൽ മാത്രമേ അതേ പതിപ്പ് എംഐയുഐൽ എത്തുകയുള്ളൂ. ഈയിടെ ഇറങ്ങിയ റെഡ്മി നോട്ട് 5 പ്രോ ഫോണിൽ ഇപ്പോളും ആൻഡ്രോയിഡ് നോഗട്ട് ആണ്.
ആൻഡ്രോയിഡ് ഓറിയോ കഴിഞ്ഞു ആൻഡ്രോയിഡ് പി ഇറങ്ങാൻ സമയം ആയി.

പ്രവർത്തന ശേഷി അഥവാ പെർഫോമൻസ് വച്ചു നോക്കുമ്പോൾ സ്റ്റോക്ക് റോം വളരെ നേരിയ രീതിയിൽ എം ഐ യു ഐ യിനേക്കാൾ മുന്നിലാണുള്ളത്. സ്റ്റോക്ക് റോമിൽ നമ്മുടെ സുരക്ഷയും ഡാറ്റ ശേഖരിക്കുന്നതും ഗൂഗിൾ ആണ് എന്നാൽ ഷവോമി ഒരു ചൈനീസ് കമ്പനി ആയത് കൊണ്ട് ഒരു നേരിയ സംശയം ഉണ്ടാവുക സ്വാഭാവികം.

ആൻഡ്രോയിഡ് വൺ

വികസ്വര രാജ്യങ്ങളിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ലക്ഷ്യം വച്ച് ഗൂഗിൾ ഇറക്കിയിട്ടുള്ള ആൻഡ്രോയിഡ് പതിപ്പാണ് ആൻഡ്രോയിഡ് വണ്‍. നേരിട്ട് ഗൂഗിളിൽ നിന്ന് വരുന്നത് കൊണ്ട് ഇതിനെ സ്റ്റോക്ക് റോം എന്ന് വിളിക്കുന്നു.

ആൻഡ്രോയിഡ് വൺ ഇറക്കാനുള്ള പ്രധാന കാരണം തന്നെ ഒരു ഉപയോക്താവിനും ആൻഡ്രോയിഡിന്റെ യഥാർത്ഥ രൂപം കാണാൻ സാധിക്കുന്നില്ല എന്ന പരാതി മുന്നിൽ കണ്ടു കൊണ്ടാണ്.

ചുരുക്കം ചില നിർമാതാക്കൾ മാത്രമേ അവരുടേതായ മാറ്റങ്ങൾ ഒന്നും വരുത്താതെ തന്നെ അത് പോലെ ആൻഡ്രോയിഡ് വേർഷൻ ഉപയോകതാക്കൾക്ക് നൽകുന്നുള്ളൂ. ബാക്കി ഉള്ള എല്ലാ നിർമാതാക്കളും യഥാർത്ഥ ആൻഡ്രോയ്‌ഡിന്‌ പുറമെ അവരുടെ ഇഷ്ടപ്രകാരമുള്ള ആപ്ലിക്കേഷനുകൾ (ബ്ലോട്ട് വെയർ – അനാവശ്യമായ ആപ്ലിക്കേഷനുകൾ) കൂടി ചേർത്താണ് നൽകുന്നത്.

ഇത് കാരണം നല്ലൊരു വിഹിതം മെമ്മറിയും റാമും നഷ്ടപ്പെടുന്നു. അത് കൂടാതെ തന്നെ ചില ബ്ലോട്ട് വെയറുകളിൽ വൈറസും കണ്ടു വരുന്നു. ഇതിനൊരു വിരാമം ആയിട്ടാണ് ഗൂഗിൾ ഫോൺ നിർമാതാക്കളുമായി നേരിട്ട് പങ്കു ചേർന്നു ആൻഡ്രോയിഡ് വൺ മാറ്റങ്ങളൊന്നുമില്ലാതെ ഉപയോക്താക്കൾക്ക് മുന്നിൽ അത് പോലെ എത്തിക്കുന്നത്.

പൊതുവേ എല്ലാ സ്റ്റോക്ക് റോമുകൾക്കുമുള്ള പ്രത്യേകതകൾ ആണ് ആൻഡ്രോയിഡ് വണ്ണിനും ഉള്ളത്. കസ്റ്റമൈസേഷൻ ഒന്നും തന്നെ ഇല്ല. മാറ്റങ്ങൾ നമ്മുടെ ഇഷ്ടാനുസരുണം വരുത്തണം എങ്കിൽ ഇതര ആപ്ലിക്കേഷന്റെ സഹായം അനിവാര്യമാണ്.

ആൻഡ്രോയിഡ് വൺ ഗുണങ്ങൾ

ലോകോത്തര സുരക്ഷാ ക്രമീകരണങ്ങൾ ആണ് സാധാരണയായി സ്റ്റോക്ക് റോമിൽ ഉണ്ടാകുന്നത്. ആൻഡ്രോയിഡ് വണ്ണിൽ കസ്റ്റമൈസേഷൻ അനുവദിക്കാത്തതും ഇത് നൽകുന്ന സുരക്ഷാ ക്രമീകരണങ്ങൾക്ക് വീഴ്ച ഉണ്ടാകും എന്ന് കരുതി ആണ്. ഇത് ഒരു പരിധി വരെ ശരിയും ആണ്. എന്നിരുന്നാലും ഉപയോക്താവ് ഉപയോഗിക്കുന്ന രീതി അനുസരിച്ചാണ് ഒരാൾ സുരക്ഷിതനാണോ അല്ലയോ എന്ന് ഉറപ്പ് വരുത്തുന്നത്.

ഫോണിൽ ആൻഡ്രോയിഡ് വൺ റോം ഉപയോഗിക്കണമെങ്കിൽ ഗൂഗിൾ നിശ്ചയിച്ചിട്ടുള്ള മിനിമം ഹാർഡ്‌വെയർ കോൺഫിഗറേഷൻ ഉണ്ടാകണം. അതിനാൽ ഫോണിൽ ഉപയോഗിച്ചിട്ടുള്ള ആൻഡ്രോയിഡ് പതിപ്പ് കഴിഞ്ഞു ഭാവിയിൽ ഇറങ്ങുന്ന രണ്ടു മൂന്ന് പതിപ്പുകൾ ഓടാനുള്ള ശേഷി ഫോണിന് ഉണ്ടാകും.

മറ്റേതൊരു റോമിനെ താരതമ്യം ചെയ്താലും സ്റ്റോക്ക് റോമിന്റെ പ്രവർത്തന ശേഷി അല്ലെങ്കിൽ പെർഫോമൻസ് എപ്പോഴും മുന്നിൽ തന്നെ ആയിരിക്കും. ബാക്കി ഉള്ള എല്ലാ റോമും സ്റ്റോക്ക് റോമിന് മുകളിലൂടെ മാറ്റങ്ങൾ വരുത്തി നിർമിച്ചതാണ് എന്നത് തന്നെ കാരണം.

ഗൂഗിളിന്റെ അല്ലാതെ അല്ലാതെ മറ്റൊരു കമ്പനിയുടെയും ആപ്ലിക്കേഷൻ ഇതിൽ മുന്നേകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകില്ല. അത്കൊണ്ട് ഇത് വളരെ അധികം വേഗത ഏറിയതും റാമും ബാറ്ററിയും ഇന്റെർണൽ മെമ്മറിയും കുറച്ചു ഉപയോഗിക്കുന്ന രീതിയിലുമാണ് നിർമിച്ചിട്ടുള്ളത്.

എല്ലാ അപ്ഡേറ്റുകളും ആദ്യം ലഭിക്കുന്നത് ആൻഡ്രോയിഡ് വൺ അല്ലെങ്കിൽ സ്റ്റോക്ക് റോമുകൾക്ക് ആയിരിക്കും. എന്തെന്നാൽ ഗൂഗിൾ എപ്പോഴാണോ അപ്ഡേറ്റ് ഇറക്കുന്നത് ആ സമയം തന്നെ മറ്റു മാറ്റങ്ങൾ ഒന്നും വരുത്താതെ നിങ്ങൾക്ക് അതിലേക്ക് മാറാം എന്നുള്ളത് ആണ്.

ആൻഡ്രോയ്ഡിന്റെ കീഴിൽ ഉള്ള ഗൂഗിൾ അസിസ്റ്റന്റും ഗൂഗിൾ ഫോട്ടോസും വീഡിയോ കോളിങ് ആപ് ആയ ഡ്യൂഓ യും ആൻഡ്രോയിഡ് വണ്ണിൽ യാതൊരു തടസ്സങ്ങളുമില്ലാതെ പ്രവർത്തിക്കും.

ഗൂഗിൾ പ്ലേയ് സ്റ്റോറിൽ ആൻഡ്രോയിഡിന്റെ തന്നെ ഗൂഗിൾ പ്ലേയ് പ്രൊട്ടക്ട് എന്ന സംവിധാനം ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യുന്ന എല്ലാ ആപ്ലിക്കേഷനുകളും സുരക്ഷിതമാണോ അല്ലയോ എന്നുള്ള മുന്നറിയിപ്പും നൽകുന്നുണ്ട്.

ആൻഡ്രോയിഡ് വൺ ദോഷങ്ങൾ

ഏറ്റവും വലിയൊരു ദോഷമായി ഒട്ടു മിക്ക ഉപയോക്താക്കളും കണക്കാക്കുന്നത് തീം കസ്റ്റമൈസേഷൻ ചെയ്യാൻ പറ്റില്ല എന്നുള്ളത് തന്നെ ആണ്. അത് കൂടാതെ എംഐയുഐ യിൽ ഉള്ള റാം ക്ലീനറും കോൾ റെക്കോർഡറും ആന്റി വൈറസും ആപ് ലോക്കും ഒന്നും തന്നെ സ്റ്റോക്ക് റോമായ ആൻഡ്രോയിഡ് വണ്ണിൽ ഇല്ല. ഇതിനെല്ലാം നാം പ്രത്യേകം ആപ്ലിക്കേഷനുകൾ ഉപയോഗിക്കേണ്ടി ഇരിക്കുന്നു.

ഉപസംഹാരം

പ്രവർത്തന ശേഷിയേക്കാൾ മാറ്റങ്ങൾ വരുത്താനുള്ള കഴിവിനാണ് നിങ്ങൾ ഊന്നൽ നൽകുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾക്കു പറ്റിയത് എം ഐ യു ഐ ആണ്. മറിച്ചാണെങ്കിൽ ആൻഡ്രോയിഡ് വണ്ണും.

ഷവോമി സെപ്റ്റംബർ 2017 വരെ ഇറക്കിയ എല്ലാ ഫോണുകളിലും എം ഐ യു ഐ ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഗൂഗിളുമായി പങ്കു ചേർന്ന് സെപ്റ്റംബറിൽ അവർ മി എ1 (Mi A1) എന്ന ഫോൺ ഇറക്കി. അതിൽ ഉപയോഗിച്ചിരിക്കുന്ന ഓ എസ് ആൻഡ്രോയിഡ് വൺ ആണ്.

അടുത്തിടക്ക് ഷവോമി തങ്ങളുടെ ട്വിറ്ററിൽ ഒരു തിരഞ്ഞെടുപ്പ് നടത്തിയിരുന്നു – എം ഐ യു ഐ ആണോ അതോ ആൻഡ്രോയിഡ് വൺ ആണോ നിങ്ങൾക്കു ഇഷ്ടം എന്ന്. ആ തിരഞ്ഞെടുപ്പിൽ വിജയിച്ചത് സ്റ്റോക്ക് റോം ആയ ആൻഡ്രോയിഡ് വൺ ആയിരുന്നു.

Leave a Reply