ഗൂഗിൾ നിങ്ങളുടെ സെർച്ച് ഹിസ്റ്ററി, ലൊക്കേഷൻ തുടങ്ങിയ സ്വാകാര്യ വിവരങ്ങൾ വിറ്റ് കാശാക്കുന്നത് നിങ്ങൾ അറിയുന്നുണ്ടോ?

ഗൂഗിൾ നിങ്ങളുടെ ഇഷ്ടങ്ങൾ, സെർച്ച് ഹിസ്റ്ററി, ജിമെയിൽ വഴി അയക്കുന്ന വിവരങ്ങൾ, ലൊക്കേഷൻ തുടങ്ങി നിങ്ങൾ ഗൂഗിളുമായി പങ്കുവെക്കുന്ന എല്ലാ വിവരങ്ങളും വിറ്റ് കാശാക്കുകയാണ്. ഇത്തരത്തിലുള്ള നമ്മുടെ വിവരങ്ങൾ എങ്ങിനെയാണ് തങ്ങളുടെ പരസ്യ വരുമാനം കൂട്ടാൻ ഗൂഗിൾ ഉപയോഗിക്കുന്നത് എന്ന് നമുക്ക് നോക്കാം.

ഗൂഗിൾ – ആമുഖം

ഗൂഗിളിനെ കുറിച്ചു ഒരു ചെറിയ മുഖവുര. 1998ൽ ഇന്റർനെറ്റ് മുഴുക്കെ തിരയാനള്ള വെറുമൊരു സെർച്ച് എൻജിൻ മാത്രമായിട്ടാരുന്നു തുടക്കം. പിന്നീടങ്ങോട്ട് വച്ചടി വച്ചടി കയറ്റമാരുന്നു. ഇന്ന് ഗൂഗിളിന്റെ വിവധ തരം സേവനങ്ങൾ ലഭ്യമാണ്. അതിൽ ഏറ്റവും പ്രധാനമുള്ളവ – മാപ്‌സ്, ആൻഡ്രോയിഡ്, പ്ലേ സ്റ്റോർ, ജി മെയിൽ, ഗൂഗിൾ പ്ലസ്, യൂട്യൂബ് തുടങ്ങിയവയാണ്.

മുകളിൽ എടുത്തു പറഞ്ഞ എല്ലാ സേവനങ്ങളും തന്നെ തികച്ചും സൗജന്യമായാണ് ഒരു ഉപയോക്താവിന് ലഭിക്കുന്നത്. സൗജന്യം എന്ന് കേട്ടാൽ തന്നെ മറ്റൊന്നും നോക്കാതെ അതിലേക്കു എടുത്തു ചാടുന്നവരാണ് നമ്മൾ. ഈ പറഞ്ഞ സേവനങ്ങൾ ലോകത്തുള്ള കോടാനുകോടി ജനങ്ങളിലേക്കു എത്തിക്കാൻ വളരെ ചെറുതല്ലാത്ത ഒരു തുകയും അത് പോലെ ഉപകരണങ്ങളും അനിവാര്യമാണ്.

അപ്പോൾ എങ്ങനെ അവർ ഈ സേവനങ്ങൾ നമുക്ക് സൗജന്യമായി നല്കുന്നു – ഒരു വലിയ ചോദ്യചിഹ്നമാണ്‌. കുറച്ചു പേർക്കെങ്കിലും അറിയാമാരിക്കും ഗൂഗിൾ പ്രവർത്തിക്കാനുള്ള വരുമാനം ലഭിക്കുന്നത് പരസ്യങ്ങളിലൂടെ (Ads) ആണെന്ന്.

ഗൂഗിൾ പരസ്യവും സാധാരണക്കാരനും തമ്മിലുള്ള ബന്ധം

അവർ ഇത്രയും വലിയ സേവനങ്ങൾ സൗജന്യമായി തരുന്നെങ്കിൽ ചില പരസ്യങ്ങൾ കാണിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്? ന്യായമായ ചോദ്യം. പ്രശ്നം പരസ്യം കാണിക്കുന്നതിലല്ല. അത് കാണിക്കാൻ വേണ്ടി ഗൂഗിൾ ഉപയോഗിക്കുന്ന സൂത്രത്തിലാണ്. എല്ലാ ഉപയോക്താക്കൾക്കും ഒരേ പരസ്യമല്ല കാണിക്കുന്നത്. ഓരോ ഉപയോക്താക്കൾക്കും വേറെ വേറെ പരസ്യങ്ങളായിരിക്കും.

ഗൂഗിൾ

ഉപയോക്താക്കൾ എന്തിനാണോ കൂടുതൽ ഗൂഗിളിൽ അന്വേഷിക്കുന്നത് ആ വിവരം ഉപയോഗിച്ച് ഓരോരുത്തർക്കും എന്ത് പരസ്യങ്ങൾ നല്കണം എന്ന് ഗൂഗിൾ തീരുമാനിക്കും. പുറമെ നിന്ന് കേൾക്കുമ്പോൾ ഒരു നല്ല കാര്യമായി ഇത് തോന്നാമെങ്കിലും പിന്നാമ്പുറം അത്ര സുഖകരമല്ല.

നമ്മൾ ഗൂഗിളിൽ തിരയുന്ന എല്ലാ വിവരങ്ങളും ഗൂഗിൾ നമ്മുടെ മെയിൽ ഐഡിക്കു കീഴിൽ സൂക്ഷിച്ചു വക്കും. അതിനനുസരിച്ചു ഓരോ സമയവും കാണിക്കുന്ന പരസ്യങ്ങളും വ്യത്യാസമാരിക്കും. ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും എങ്ങനെ ഞാൻ അന്വേഷിക്കാൻ ശ്രമിക്കുന്ന സാധനം വളരെ വ്യക്തമായി ഗൂഗിൾ എനിക്ക് മുന്നിൽ എത്തിച്ചു എന്നുള്ളത്.

ഇത് ഏറ്റവും കൂടുതൽ ഉപകരിക്കുന്നത് ഓൺലൈൻ കച്ചവടക്കാർക്കും, വിമാന കമ്പനിക്കാർക്കും അത് കൂടാതെ ഇന്റർനെറ്റ് വഴി എന്തൊക്കെ കച്ചവടം ചെയ്യുന്നുവോ അവർക്കെല്ലാമാണ്.

നമ്മളിൽ ചിലർ ചിന്തിക്കും, എന്റെ അന്വേഷണങ്ങൾ ശേഖരിച്ചു വച്ച് അത് മൂലം ഗുണം ഉണ്ടാകുന്നത് എനിക്ക് തന്നെ അല്ലെ എന്ന്. എന്നാൽ നിങ്ങൾക് മാത്രമല്ല ഇത് കൊണ്ട് ഗുണം ഉണ്ടാകുന്നത്. കാരണം, നമ്മൾ ഓരോരുത്തരും തിരയുന്ന വിവരങ്ങൾ ഒരുമിച്ചാക്കി ഇതര ഓൺലൈൻ കമ്പനികൾക് പണത്തിന്റെ അടിസ്ഥാനത്തിൽ വില്കുന്നുമുണ്ട്.

നമ്മുടെ തിരയൽ വിവരങ്ങൾ ഇതര കമ്പനികൾക്ക് എന്ത് ഗുണം എന്ന് ചോദിച്ചാൽ എല്ലാ വൻകിട ഓൺലൈൻ സംരംഭങ്ങൾക്കും ഈ വിവരങ്ങൾ പഠിക്കുവാൻ വേണ്ടി മാത്രമായി പ്രത്യേകം ശാഖകൾ തന്നെ ഉണ്ട്. ഈ വിവരങ്ങൾ സമാഹരിച്ച്‌ അവർ ഇനി അടുത്തത് എന്ത് നിർമിച്ചാൽ ഉപയോക്താവിന് ഇഷ്ടപെടും, എന്തൊക്കെ ആണ് അവർ നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത് തുടങ്ങി അനേകം കാര്യങ്ങൾ നിരൂപിക്കും.

100 ൽ 75 ശതമാനം ഉപയോക്താക്കളും പരസ്യത്തിന് എതിരല്ല എന്നതാണ് മറ്റൊരു സത്യം. ഗൂഗിളിന്റെ എല്ലാ സേവനങ്ങളും നമ്മൾ ആദ്യമായി ഉപയോഗിക്കുമ്പോൾ ഗൂഗിൾ തന്നെ നമ്മോട് ചോദിക്കും നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ പഠനാവശ്യങ്ങൾക്കായി ഉപയോഗിക്കട്ടെ എന്ന്. ഇത് വേണ്ട എന്ന് തിരഞ്ഞെടുത്താലും ഗൂഗിൾ അക്കൗണ്ടിൽ പോയി പ്രൈവസി ആൻഡ് സെക്യൂരിറ്റിയിൽ നോക്കിയാൽ എല്ലാവരും നിർബന്ധിതമായി ചില കാര്യങ്ങൾ ഗൂഗിളിന് നൽകുന്നുണ്ട്.

ശരി ആണ് പരസ്യങ്ങൾ കാരണം നമുക്ക് വല്യ പ്രശ്നങ്ങളൊന്നുമില്ലല്ലോ. ആകെ കൂടെ ഗൂഗിൾ എടുക്കുന്നത് നമ്മുടെ തിരയൽ വിവരങ്ങൾ മാത്രമാണല്ലോ. അവിടെയാണ് വീണ്ടും തെറ്റ് പറ്റിയിരിക്കുന്നത്. തിരയൽ വിവരങ്ങൾ മാത്രമല്ല സ്ഥല (location) വിവരങ്ങളും എടുക്കുന്നുണ്ട്.

ഗൂഗിൾ – സ്ഥല വിവരങ്ങൾ ഉപയോഗിച്ചുള്ള പരസ്യങ്ങൾ (Location based Ads)

നമ്മിൽ പലർക്കും ഇങ്ങനെ ഒരു സംവിധാനം ഉള്ളതായി അറിഞ്ഞിരിക്കാൻ വഴി ഇല്ല. എന്നാൽ ഇതാണ് ഏറ്റവും ഭയാനകമായിട്ടുള്ളവയിൽ ഒന്ന്. എന്തെന്നാൽ നമ്മൾ എവിടൊക്കെ പോകുന്നു, ഏത് സ്ഥലത്തു എത്ര സമയം ചിലവഴിക്കുന്നു, ഏത് യാത്ര മാർഗമാണ് ഉപയോഗിക്കുന്നത്, നമ്മുടെ വീടെവിടെയാണ്, എറ്റവുമധികം സമയം ചിലവഴിക്കുന്ന സ്ഥലം അങ്ങനെ ഒരു വിധം എല്ലാം ഗൂഗിൾ സൂക്ഷിക്കുന്നുണ്ട്.

നമ്മുടെ ജീവിതത്തിൽ ചില സ്ഥലങ്ങളും കാര്യങ്ങളും വളരെ സുരക്ഷിതമായി സൂക്ഷിക്കേണ്ട കാര്യങ്ങളിലൊന്നാണ്. ഉദാഹരണം – നമ്മുടെ വീട്, കുഞ്ഞുങ്ങൾ പഠിക്കുന്ന സ്കൂൾ തുടങ്ങിയവ. ഈ വിവരങ്ങൾ ആരുടെ എങ്കിലും കയ്യിൽ ലഭിച്ചാൽ അനാവശ്യമായി ധാരാളം പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.

85 ശതമാനം ഉപയോക്താക്കൾ ആൻഡ്രോയിഡ് ഉപയോഗിക്കുന്നവർ ആണ്. അതിനർത്ഥം ഗൂഗിളിന് ലോകത്തിന്റെ 85 ശതമാനത്തോളം ആൾക്കാരുടെ സ്വകാര്യ വിവരങ്ങൾ അറിയാമെന്നാണ്. ബാക്കി ഉള്ളവർ മറ്റിതര സേവനങ്ങൾ ആണ് ഉപയോഗിക്കുന്നത് എങ്കിലും ഗൂഗിൾ സെർച്ച് എൻജിനും, മാപ്‌സും, ജിമെയിലും ഉപയോഗിക്കാത്തവർ വിരളമാണ്.

അങ്ങനെ വിവിധ തരാം സേവനങ്ങൾ വഴി 100 ശതമാനം സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെ വിവരങ്ങൾ ഗൂഗിളിന്റെ കയ്യിൽ ഉണ്ട് എന്ന് നിരൂപിക്കാം. ഒരു ഉപഭോക്താവ് പുതിയ ഒരു സ്ഥലത്തു പോകുമ്പോൾ സൈബർ യുഗത്തിന് മുന്നേ ഉള്ള കാലത്ത് നേരിട്ട് ആൾക്കാരോട് സംസാരിച്ചാണ് ഏറ്റവും നല്ല ഹോട്ടൽ ഏതാണെന്നും മറ്റുമൊക്കെ അറിഞ്ഞിരുന്നത്. ഇന്ന് അതെല്ലാം സ്മാർട്ട് ഫോൺ കീഴടക്കി.

ഇപ്പോൾ നാം ഒരു പുതിയ സ്ഥലത്തു എത്തുമ്പോൾ ഗൂഗിൾ ഉടനെ തന്നെ അവിടെ നമുക്ക് എന്തൊക്കെ ആവശ്യങ്ങൾ വരാം എന്ന് കണക്കു കൂട്ടി നമുക്കുള്ള പരസ്യങ്ങൾ ചിട്ടപ്പെടുത്തും. അത് വഴി ഗൂഗിളും പരസ്യം നൽകിയ കമ്പനിയും ലാഭം ഉണ്ടാക്കുന്നു.

ഇങ്ങനെ നമ്മൾ സ്ഥിരം സഞ്ചരിക്കുന്ന അല്ലെങ്കിൽ വളരെ അതികം സുരക്ഷിതത്തോടെ എത്തിപ്പെടേണ്ട സ്ഥലങ്ങൾ എല്ലാം തന്നെ ഗൂഗിളിന് അറിയാൻ സാധിക്കും.

ഗൂഗിൾ സേവനങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ നാം സുരക്ഷിതരാണോ?

ഇതെല്ലാം കേട്ടതിനു ശേഷം ഗൂഗിളിന്റെ ഒരു സേവനവും ഉപയോഗിക്കാതിരുന്നാൽ നമ്മുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാം എന്ന് കരുതുന്നുണ്ടോ? ശരി ആണ്, ഒരു സേവനവും ഉപയോഗിച്ചില്ല എങ്കിൽ സുരക്ഷിതരാണ്.

ഈ പറഞ്ഞ സേവനത്തിൽ ആൻഡ്രോയിഡ്ഉം ഉൾപെടും. അതായത് ഒരു സ്മാർട്ട് ഫോൺ ഉള്ള ആളാണെന്നുണ്ടെങ്കിൽ അയാൾ സഞ്ചരിക്കുന്ന വഴികൾ, എത്ര സമയം എവിടെ നിന്നു, ഏത് മാർഗമാണ് യാത്ര ചെയ്തത് തുടങ്ങി എല്ലാം ഗൂഗിളിന് അറിയാൻ സാധിക്കും. ഇത് വിശ്വസിക്കാൻ കുറച്ച് പ്രയാസമായിരിക്കും.

എന്നാൽ ഇത് തെളിയിക്കുന്ന ധാരാളം വീഡിയോകൾ ഇൻറർനെറ്റിൽ ലഭ്യമാണ്. അതിൽ ഒരു പ്രമുഖ വീഡിയോയിൽ 2 സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നുണ്ട്.

ഒന്നിൽ ഗൂഗിളിന്റെ ഒരു ആപ്ലിക്കേഷനും തുറന്നിട്ടേയില്ല മാത്രമല്ല ഇന്റർനെറ്റും ലഭ്യമല്ല. മറ്റേ ഫോൺ എയർ പ്ലെയ്ൻ മോഡിലും (Air Plane Mode). എയർ പ്ലെയ്ൻ മോഡ് പ്രവർത്തിക്കുന്ന സമയത്ത് ഫോണിൽ നിന്ന് യാതൊരു വിവരങ്ങളും അകത്തേക്കോ പുറത്തേക്കോ പോകുന്നില്ല.

ഈ 2 ഫോണുകളും കൊണ്ട് ഒരാൾ ഒരു നഗരം മുഴുവൻ കറങ്ങി, കുറച്ചു ഭാഗങ്ങൾ നടന്നും കുറച്ച്‌ ഭാഗങ്ങൾ കാറിലും. ഒടുവിൽ 4 മണിക്കൂറിനു ശേഷം തിരിച്ച് വന്നു 2 ഫോണുകളും ചെക്ക് ചെയ്തപ്പോൾ, ഇന്റർനെറ്റ് ഉമായി ബന്ധം സ്ഥാപിച്ച ഉടൻ തന്നെ 2 ഫോണുകളും ഏതൊക്കെ സ്ഥലങ്ങളിൽ പോയി എന്നും എത്ര സമയം ചിലവഴിച്ചു എന്നും ഏതു മാർഗമാണ് യാത്രക്ക് സ്വീകരിച്ചത് എന്നും തുടങ്ങി എല്ലാ വിവരങ്ങളും ഗൂഗിളിന് നൽകി.

ചുരുക്കി പറഞ്ഞാൽ നിങ്ങൾ ഒരു ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഉപഭോക്താവ് ആണെങ്കിൽ. അതിൽ ഇന്റർനെറ്റ് ലഭ്യമല്ല, മറ്റിതര ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കുന്നില്ല, എയർ പ്ലെയ്ൻ മോഡ് ആണ് ഉപയോഗിക്കുന്നത്. ഇതൊക്കെ ആണെങ്കിലും ഗൂഗിളിനു നമ്മുടെ സമ്പൂർണ വിവരങ്ങൾ ചോർത്താൻ കഴിയും.

ഗൂഗിൾ സേവനങ്ങൾക്കു പകരം അവരുടെ എതിരാളികളെ ഉപയോഗിച്ചാലോ?

ഗൂഗിൾ മാത്രമല്ല ഈ പറഞ്ഞ കാര്യങ്ങളൊക്കെ ചോർത്തുന്നത്. ഇവരുടെ എതിരാളികളെല്ലാം ഇത് ചെയ്യുന്നുണ്ട്. ആപ്പിളിന്റെ ഐഫോണും ഇത് പോലെ തന്നെ ഉപഭോക്താക്കളെ നിരീക്ഷിക്കുന്നുണ്ട്. ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവർ വിരളമാണ്.

സോഷ്യൽ മീഡിയ യിൽ ഭീമനായ ഫേസ് ബുക്കിന്റെ കീഴിലാണ് ഇന്ന് ഇൻസ്റ്റഗ്രാമും വാട്സ് ആപും. അതിനർത്ഥം അവർക്കും നമ്മുടെ വിവരങ്ങൾ വളരെ സുലഭമായി ലഭിക്കുന്നു എന്നാണ്. ഗൂഗിൾ ഒരിത്തിരി കഷ്ടപ്പെടുകയും ഉപഭോകതാക്കളോട് ഒരു പരിധി വരെ വിവരങ്ങൾ എടുക്കട്ടേ എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയ സൈറ്റുകളിൽ അതില്ല എന്ന് കൂടെ നാം മനസ്സിലാക്കേണ്ടതുണ്ട്.

കേവലം $1000 നു ഒരു സാധാരണക്കാരന് നമ്മുടെ വിവരങ്ങൾ ലഭിക്കും

അടുത്തിടെ നടന്ന ഒരു പഠനത്തിൽ നിന്ന് അറിയാൻ കഴിഞ്ഞത് കേവലം 1000 ഡോളർ ഉപയോഗിച്ചു ഒരു സാധാരണക്കാരനു നമ്മുടെ സ്ഥല വിവരങ്ങളും നമ്മൾ ഉപയോഗിക്കുന്ന ആപ്പ്ളിക്കേഷനുകളും ഏതാണെന്നു അറിയാൻ സാധിക്കും. എങ്ങനെ എന്നാൽ ഇന്ന് നിലവിലുള്ള എല്ലാ സോഷ്യൽ മീഡിയ ആപ്പുകളും അത് കൂടാതെ ഒഴിച്ച് കൂടാൻ പറ്റാത്ത ആപ്പുകളിലും ഉപയോഗിക്കുന്ന ഒരു നവീന സാങ്കേതിക വിദ്യ ആണ് “ഹൈപ്പർ ലോക്കൽ ആഡ്” എന്നുള്ളത്.

ഹൈപ്പർ ലോക്കൽ ആഡ് ചെയ്യുന്നത് എന്തെന്നാൽ നാമിപ്പോൽ ഏത് സ്ഥലത്താണുള്ളത് എന്ന് മനസിലാക്കി അതിനു തക്കതായ, ഉപകരിക്കുന്ന ആഡ് ഉകൾ കാണിക്കും. ഈ ആഡ് ഉകൾ നമ്മൾ തുറന്നു നോക്കീലെങ്കിൽ തന്നെയും നമ്മുടെ വിവരങ്ങളില്ലാം ശേഖരിച്ചു വെക്കുന്നുണ്ട്. ഈ വിവരങ്ങളാണ് വെറും 1000 ഡോളറിനു ഏതൊരു സാധാരണക്കാരനും എടുക്കാൻ പറ്റുന്നത്.

ഉപസംഹാരം

ഗൂഗിളിന്റെ കണ്ണ് വെട്ടിച്ചു ഒരു സ്വകാര്യ ജീവിതം നയിക്കണമെന്നുണ്ടെങ്കിൽ പ്രാജീന കാലത്തെ ജീവിത രീതി സ്വീകരിക്കേണ്ട അവസ്ഥയിൽ ആണ് നാമിന്നുള്ളത്. സ്മാർട്ട് ഫോണിലെ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നാണ് ചിന്തിക്കുന്നതെങ്കിൽ ലോകത്തിലെ കോടീശ്വരന്മാരിൽ ഒരാളായ വാറൻ ബുഫേ ഇപ്പോഴും ഒരു സാധാരണ ഫ്ളിപ് ഫോൺ ആണുപയോഗിക്കുന്നത്.

എന്നിരുന്നാലും നമുക്ക് വാറൻ ബുഫേ നെ പോലെ ആകാൻ പറ്റില്ല എന്നറിയാം. അതിനാൽ ചെയ്യാൻ പറ്റുന്ന ഒരേ ഒരു കാര്യം കഴിയുന്നതും നാം തന്നെ മുൻകരുതലുകൾ എടുക്കുക. മനസിലാക്കുക എന്തൊക്കെ വിവരങ്ങളാണ് ഗൂഗിൾ എടുക്കുന്നത് എന്നും അത് തടയാൻ എന്തെങ്കിലും വഴി ഉണ്ടോ എന്നും. ഒരു പരിധി വരെ നമുക്ക് ഗൂഗിൾ എടുക്കുന്ന വിവരങ്ങൾ നിയന്ത്രിക്കാൻ പറ്റും. ഇതിനായി ഗൂഗിൾ അക്കൗണ്ടിൽ കയറി പ്രൈവസി ആൻഡ് സെക്യൂരിറ്റിയിൽ ആവശ്യമനുസരിച്ചു മാറ്റങ്ങൾ വരുത്തുക.

Leave a Reply