ഫാല്‍ക്കണ്‍ ഹെവി, ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു

ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ്, ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് വിക്ഷേപിക്കുക എന്ന ആ വലിയ ദൗത്യം എലന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്സ് വിജയകരമായി പൂർത്തിയാക്കി. എലന്‍ മസ്‌കിന്റെ ടെസ്‌ല മോട്ടോർസ് നിർമ്മിച്ച ഇലക്ട്രിക് കാറായ ടെസ്‌ല റോഡ്സ്റ്ററും വഹിച്ചാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.

ഫാല്‍ക്കണ്‍ ഹെവി

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39എ വിക്ഷേപണ തറയിൽ നിന്ന് ഇന്ത്യൻ സമയം ഫെബ്രുവരി 7ന് പുലർച്ചെ ആണ് ഫാല്‍ക്കണ്‍ ഹെവി വിക്ഷേപിച്ചത്. പുനരുപയോഗിക്കാവുന്ന മൂന്ന് എൻജിൻ ഉൾപ്പെടെ 27 എൻജിനുകളാണ് ഈ ഭീമൻ റോക്കറ്റിന് കരുത്ത് പകർന്നത്.

ഫാല്‍ക്കണ്‍ ഹെവി വിക്ഷേപണം

എന്താണ് സ്പേസ് എക്സ് ഫാൽക്കൺ ഹെവി റോക്കറ്റ്

സ്പേസ് എക്സ് സ്ഥാപകൻ എലോൺ മസ്കിന്റെ ചിര കാല സ്വപ്നങ്ങളിൽ ഒന്നാണ് ചൊവ്വയിലേക്ക് ആൾക്കാരെ എത്തിക്കുക എന്നുള്ളത്. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പാണ് ഫാൽക്കൺ നിരയിൽ പെട്ട ഫാൽക്കൺ 1, ഫാൽക്കൺ 9 ഇപ്പോൾ വിക്ഷേപിച്ച ഫാൽക്കൺ ഹെവി റോക്കറ്റുകൾ. നിരവധി പരാജയങ്ങൾക്കൊടുവിലാണ് ഫാല്‍ക്കണ്‍ 9 വിജയം കൈവരിച്ചത്. ഇപ്പോൾ ഉള്ളതിൽ ഏറ്റവും വലിയ പേലോഡ് ഭൂമിയുടെ ഓർബിറ്റിൽ എത്തിക്കാൻ കഴിയുന്നത് ഫാൽക്കൺ 9നു മാത്രമായിരുന്നു. അതിന്റെ റെക്കോർഡ് ആണ് ഫാൽക്കൺ ഹെവി തിരുത്തിയിരിക്കുന്നത്.

ഇത് വെറുമൊരു ടെസ്റ്റിംഗ് വിക്ഷേപണം മാത്രമാണ്. മസ്ക് പറയുന്നത് ഈ റോക്കറ്റ് ലാഞ്ച് പാഡിൽ നിന്ന് അപകടങ്ങൾ ഒന്നുമില്ലാതെ പൊങ്ങിയാൽ തന്നെ തനിക്കിത് ഒരു വിജയം എന്നാണ് കാരണം ഇതിനു മുന്നേ സെപ്റ്റംബർ 2016ൽ ഫാൽക്കൺ 9 വിക്ഷേപിച്ചപ്പോൾ അത് വിക്ഷേപണ തറയെ പാടേ തകർത്തു കളഞ്ഞു. അത് ശരിയാക്കാൻ ഒരു വർഷത്തിൽ അതികം സമയം എടുത്തു.

ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിന്റെ നിർമാണഘടന എന്തെന്നാൽ ഏറ്റവും മുകളിലായി നോസ് കോൺ (Nose Cone) ഭാഗമാണ്. അതിനുള്ളിലാണ് പേലോഡ് ഇരിക്കുന്നത്. അതിനു തൊട്ടു താഴെ രണ്ടാമത്തെ സ്റ്റേജ് ആണ്, അതിൽ ഒരു എൻജിൻ ആണുള്ളത്. ഈ എൻജിൻ ഉപയോഗിച്ചാണ് ഭൂമിയുടെ ഓർബിറ്റിലൂടെയുള്ള ചെറിയ ചലനങ്ങളും മറ്റും കൺട്രോൾ ചെയ്യുന്നത്. അതിനു താഴെ മൂന്ന് ത്രസ്റ്റേഴ്‌സ് ആണുള്ളത്.

ഓരോ ത്രസ്റ്ററിലും 9 വീതം എൻജിനുകൾ ഉണ്ടായിരിക്കും. ഈ 27 എൻജിനുകൾ ആണ് വിക്ഷേപണ തറയിൽ നിന്ന് ഭൂമിയുടെ ഓർബിറ്റിൽ എത്താൻ സഹായിക്കുന്നത്. ഭൂമിയുടെ ഓർബിറ്റിൽ എത്തി കഴിഞ്ഞാൽ പിന്നെ ഇതിലെ 2 ത്രസ്റ്ററുകൾ തിരിച്ചു ഭൂമിയിൽ തന്നെ ലാൻഡ് ചെയ്യും. (ഇത് കാരണം നല്ലൊരു തുക ത്രസ്റ്റർ നിർമിക്കുന്നതിൽ നിന്ന് ലാഭിക്കാൻ കഴിയും). ഫാല്‍ക്കണ്‍ ഹെവിക്കു ഏകദേശം 230 അടിയോളം ഉയരമുണ്ട്.

സ്പേസ് എക്സ് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് ഉപയോഗങ്ങൾ

ഫാല്‍ക്കണ്‍ ഹെവി ഇത്രയും ലോക ശ്രദ്ധ പിടിച്ചു പറ്റാനുള്ള കാരണം എന്തെന്നാൽ നാസയുടെ സാറ്റേൺ 5 റോക്കറ്റിനു ശേഷം അതിനേക്കാൾ വളരെ അതികം പേലോഡ് കൊണ്ട് പോകാൻ ശേഷി ഉള്ള റോക്കറ്റ് ആണിതെന്നുള്ളതാണ്. സാറ്റേൺ 5 ഉപയോഗിച്ചിരുന്നത് അപ്പോളോ മിഷനുകൾക്കു വേണ്ടി ആയിരുന്നു. എന്നാൽ ഫാല്‍ക്കണ്‍ ഹെവിയോട് കൂടി സാറ്റേൺ 5 ന്റെ റെക്കോർഡുകൾക്കു ഒരു വിരാമമാകും. ഏകദേശം 65000 കിലോഗ്രാം ഭാരം ഫാല്‍ക്കണ്‍ ഹെവിക്കു ഉയർത്താനാകും.

ഈ റോക്കറ്റിൽ ഉപയോഗിച്ചിരിക്കുന്ന 3 ത്രസ്റ്റേഴ്സും തിരിച്ചു ഭൂമിയിൽ എത്തിക്കാൻ ആയിരുന്നു പദ്ധതി. ഇതിനു മുന്നേ തന്നെ സ്പേസ് എക്സ് അവരുടെ 1 ത്രസ്റ്റർ വിജയകരമായി ഭൂമിയിൽ തിരിച്ചെത്തിച്ചിരുന്നു. നിർഭാഗ്യവശാൽ രണ്ടെണ്ണം മാത്രെമേ ഈ ഈ പരീക്ഷണ വിക്ഷേപണത്തിൽ തിരിച്ചെത്തിക്കാനായുള്ളൂ.

ത്രസ്റ്റർ ലാൻഡിംഗ്

ഫാല്‍ക്കണ്‍ ഹെവിക്കുള്ളിൽ എന്തെല്ലാം?

ഫാൾക്കൻ ഹെവിയുടെ പരീക്ഷണ വിക്ഷേപണം ആണെങ്കിലും എലോൺ മസ്ക് അതിന്റെ പേലോഡ് ആയി വച്ചിരിക്കുന്നത് മസ്കിന്റെ തന്നെ ഉടമസ്ഥതയിൽ ഉള്ള ടെസ്‌ല മോട്ടോഴ്സിന്റെ ഇലക്ട്രിക്ക് കാറുകളിൽ ഒന്നായ ചുവന്ന ചെറി റോഡ്സ്റ്റർ ആണ്. അതിനുള്ളിൽ ഒരു ഡമ്മിയും, അതിനൊരു പേരുമിട്ടിട്ടുണ്ട് സ്റ്റാർമാൻ (Starman). ഇത് കൂടാതെ ഈ കാറിനെ ഉറപ്പിച്ചിരിക്കുന്ന ബേസിൽ സ്പേസ് എക്‌സിലെ 6000 ഓളം ജീവനക്കാരുടെ പേരും എഴുതി വച്ചിട്ടുണ്ട്.

സ്റ്റാർമാൻ

വിക്ഷേപണ വിവരങ്ങൾ

കാലാവസ്ഥ വളരെ മോശമായി പെരുമാറിയത് കാരണം 2 തവണ വിക്ഷേപണം നീട്ടി വെക്കേണ്ടി വന്നു. ഇന്ത്യൻ സമയം അർദ്ധരാത്രി 12 മണിക്കാണ് ആദ്യം വിക്ഷേപിക്കാനിരുന്നത് എന്നാൽ അത് പിന്നീട് 1:45 ലേക്കും അതിനു ശേഷം 2:15 ലേക്കും മാറ്റി. ഇന്ത്യൻ സമയം കൃത്യം പുലർച്ചെ 2:15നു ഫാൾക്കൻ ഹെവി ലിഫ്റ്റ് ഓഫ് ചെയ്യുകയും ഭൂമിയുടെ ഓർബിറ്റിൽ സുരക്ഷിതമായി എത്തുകയും ചെയ്തു.

3 ത്രസ്റ്റേഴ്സിൽ 2 എണ്ണം സുരക്ഷിതമായി തിരിച്ചു ലാൻഡ് ചെയ്തു. രണ്ടും ലാൻഡ് ചെയ്തത് മുന്നേ തന്നെ ഒരുക്കിയിട്ടുള്ള കേപ്പ് കാനവേറൽ എയർ ഫോഴ്സ് സ്റ്റേഷനിലെ ലാൻഡിംഗ് സോൺ 1ലും 2ലുമാണ്. എന്നാൽ സെന്റർ കോർ അഥവാ മൂന്നാമത്തെ കോർ വിജയകരമായി ഭൂമിയിലേക്കെത്തിയെങ്കിലും ലാൻഡിംഗ് സ്പീഡ് കുറക്കാനുള്ള 3 എൻജിനുകളിൽ 2 എണ്ണവും പ്രവർത്തിക്കാത്തതിനാൽ 300 mphൽ കടലിലേക്ക് പതിക്കുകയായിരുന്നു. ഇപ്പോൾ സ്റ്റാർമാൻ വിജയകരമായി ഭൂമിയുടെ ഓർബിറ്റിൽ നമ്മെ വലം വച്ചുകൊണ്ടിരിക്കുന്നു.

വിരാമതിലകം

ഫാൾക്കൻ ഹെവി വിക്ഷേപണം വിജയകരമായതിനാൽ ഇതിലും വലിയ മാറ്റങ്ങൾക്ക് നമുക്ക് കാതോർക്കാം. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ റോക്കറ്റ് ആണിതെന്നു തെളിയിച്ചു കഴിഞ്ഞു സ്പേസ് എക്സ്. 3 ൽ 2 ത്രസ്റ്റേഴ്സും തിരിച്ചു ഭൂമിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിപ്പിച്ചത് ഇനിയുള്ള ബഹിരാകാശ യാത്രക്കുള്ള ഒരു തുടക്കം കുറിക്കൽ മാത്രമാണ്‌. കാതോർക്കാം ഇനിയും നല്ല വാർത്തകൾ ഫാല്‍ക്കണ്‍ ഹെവിയെ തേടി എത്തുന്നത് വരെ.