ഷവോമി Mi A1, ഹോണർ 9 ലൈറ്റ് ഒരു താരതമ്യം

ഷവോമി Mi A1, ഹോണർ 9 ലൈറ്റ്

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കുവാനായി ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയും ഓണറും കടുത്ത പോരാട്ടത്തിലാണ്. അതിന്റെ ഭാഗമായി തന്നെ കഴിഞ്ഞ സെപ്റ്റംബറില്‍ ഷവോമി ഗൂഗിളുമായി ചേര്‍ന്ന് അവരുടെ ഇന്ത്യയിലുള്ള ആൻഡ്രോയ്ഡ് വൺ (Android One) പ്രോഗ്രാമിന്‍റെ കീഴില്‍ എംഐ എ1 എന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറക്കി. അതിനു പിന്നാലെ ഓണറും ഡിസമ്പറില്‍ തങ്ങളുടെ വക ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ട് വരുന്നതായി അറിയിച്ചു.

ഓണര്‍ 9 ലൈറ്റ് – ഡിസമ്പറില്‍ ആണ് പ്രഖ്യാപിച്ചതെങ്കിലും ഇന്ത്യന്‍ വിപണിയില്‍ എത്തിയത് ജനുവരിയില്‍ ആണ്. അന്ന് മുതല്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു ചോദ്യമാണ് Mi A1 ആണോ അതോ ഓണര്‍ 9 ലൈറ്റ് ആണോ മികച്ചത്ര എന്നുള്ളത്. ഇന്ന് നമുക്ക് ഇവിടെ ഈ 2 ഫോണുകളും തമ്മില്‍ ഒരു ചെറിയ പഠനം നടത്താം.

ഡിസ്പ്ലേ/സ്ക്രീന്‍

Mi A1 നു 5.5 ഇഞ്ച് സ്ക്രീന്‍ ആണുള്ളത് അതേ സമയം ഓണര്‍ 9 ലൈറ്റ്നുള്ളത് 5.65 ഇഞ്ച് ആണ്. സ്ക്രീന്‍ ടു ബോഡി (Screen to Body) റേഷിയോ Mi A1 നു 70.63% ഉം ഓണറിന് 75.88% ഉമാണ്. രണ്ട് ഫോണിലും ഉപയോഗിച്ചിരിക്കുന്നത് 16M ഐ പി എസ് (16M IPS) സ്ക്രീന്‍ ആണ്. സ്ക്രീന്‍ റെസൊല്യൂഷൻ Mi A1 നു ഫുള്‍ എച്ച് ഡി 1080 x 1920 പിക്സലും ഓണറിനു ഫുള്‍ എച്ച് ഡി 1080 x 2160 പിക്സലും ആണ്. Mi A1ന്റെ പിക്സൽ ഡെൻസിറ്റി 401 ppiയും ഓണര്‍ 9 ലൈറ്റിന് 427 ppiയുമാണ്. ചുരുക്കി പറഞ്ഞാല്‍ സ്ക്രീനിന്‍റെയും ഡിസ്പ്ലേയുടെയും കണക്കെടുപ്പില്‍ ഓണര്‍ 9 ലൈറ്റ് വളരെ മുന്നിലാണ്.

പ്രോസെസ്സര്‍

Mi A1 നിര്‍മിച്ചിരിക്കുന്നത് ക്വാൾകോം സ്നാപ്ഡ്രാഗന്‍ 625 പ്രോസെസ്സര്‍ ഉപയോഗിച്ചാണ്. ഇതൊരു 2 GHz സ്പീഡില്‍ പ്രവര്‍ത്തിക്കുന്ന ഒക്ടാ കോര്‍ പ്രോസെസ്സര്‍ ആണ്. അതേ സമയം ഓണര്‍ 9 ലൈറ്റ് നിര്‍മിച്ചിരിക്കുന്നത് ഓണറിന്‍റെ തന്നെ സ്വന്തം നിര്‍മിതിയിലുള്ള പ്രോസെസ്സര്‍ ആയ HiSilicon Kirin 659 ഉപയോഗിച്ചാണ്. ഇതും ഒരു ഒക്ടാ കോര്‍ പ്രോസെസ്സര്‍ ആണ്. പക്ഷേ ഇതിലെ 4 കോര്‍ പ്രവര്‍ത്തിക്കുന്നത് 2.36 GHz യിലും ബാക്കി 4 എണ്ണം പ്രവര്‍ത്തിക്കുന്നത് 1.7 GHz യിലുമാണ്.

രണ്ടു ഫോണുകളും 64 bit ആര്‍കിടെക്ചര്‍ അടിസ്ഥാനമായുള്ളതാണ്. Adreno 506 എന്ന ചിപ്പ് ആണ് Mi A1 ന്‍റെ ഗ്രാഫിക്സ്നു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. Mali-T830 MP2 എന്ന ചിപ്പ് ആണ് ഓണര്‍ 9 ലൈറ്റ്ന്‍റെ ഗ്രാഫിക്സ്നു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. പ്രോസെസ്സറിനെ അടിസ്ഥാനമാക്കി വിലയിരുത്തുമ്പോഴും ഓണര്‍ 9 ലൈറ്റ് ഒരു പടി മുന്നിലാണ്.

ക്യാമറ

പിന്നിലുള്ള മെയിന്‍ ക്യാമറക്കു വേണ്ടി Mi A1 ഉം ഓണര്‍ 9 ലൈറ്റും ഉപയോഗിച്ചിരിക്കുന്നത് ഡ്യുവല്‍ ക്യാമറ സംവിധാനം ആണ്. Mi A1 നു 12 MP + 12 MP ക്യാമറ ആണുള്ളത്. ഇതിന്‍റെ അപേര്‍ച്ചര്‍ 2.2 F ആണ്. അതേ സമയം ഓണര്‍ 9 ലൈറ്റ്നുള്ളത് 13 MP + 2 MP ക്യാമറ ആണ്. ഇതിന്‍റെയും അപേര്‍ച്ചര്‍ 2.2 F ആണ്. പോർട്രൈറ്റ് ഫോട്ടോസിനും ബൊക്കെ എഫക്റ്റ് ഉണ്ടാക്കുന്ന ഫോട്ടോസിനും 2 ഫോണ്‍ നിര്‍മാതാക്കളും കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. മുന്നിലുള്ള സെല്‍ഫി ക്യാമറക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് ഓണര്‍ 9 ലൈറ്റ് ആണെന്ന് ഒരു സംശയവുമില്ലാതെ ഉറപ്പിച്ച് പറയാം, എന്തെന്നാല്‍ Mi A1 ഉപയോഗിച്ചിരിക്കുന്ന സെല്‍ഫി ക്യാമറ വെറും 5 MP മാത്രമാണ്.

അതേ സമയം ഓണര്‍ 9 ലൈറ്റ് ഉപയോഗിച്ചിരിക്കുന്നത് പിന്നിലത്തെ ക്യാമറക്കുള്ളത് പോലെ 13 MP + 2 MP അടങ്ങുന്ന ഡ്യുവല്‍ ക്യാമറ സംവിധാനം ആണ്. ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് ഓണര്‍ 9 ലൈറ്റ് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വേണ്ടി ക്യാമറ സംവിധാനം വളരെ അതികം മെച്ചപ്പെടുത്തി എന്നുള്ളതാണ്. എന്നാല്‍ ചില വൃത്തങ്ങള്‍ അറിയിക്കുന്നത് പിന്നിലുള്ള ക്യാമറ ഉപയോഗിക്കുമ്പോള്‍ Mi A1 തന്നെയാണ് വളരെ വ്യക്തതയാര്‍ന്ന ഫോട്ടോസ് നല്‍കുന്നത് എന്നാണ്. പക്ഷേ മുന്നിലുള്ള സെല്‍ഫി ക്യാമറയുടെ കാര്യത്തില്‍ Mi A1 വളരെ പിന്നില്‍ ആണെന്നുമാണ്.

ഓപ്പറേറ്റിംഗ് സിസ്റ്റം

Mi A1 പ്രവര്‍ത്തിക്കുന്നത് ആൻഡ്രോയിഡ് നൗഗാട് 7.1.2 ഉം അതിന്‍റെ പുറമേ സ്റ്റോക്ക്‌ UI ഉമാണ്. ഓണര്‍ 9 ലൈറ്റ് പ്രവര്‍ത്തിക്കുന്നത് ആൻഡ്രോയിഡ് ഒറിയോ 8.0 ഉം അതിന്റെ പുറമേ അവരുടെ തന്നെ സ്വന്തം UI ആയ EMUI 8.0 ഇല്‍ ആണ്.

റാമും, മെമ്മറിയും, വിലയും

Mi A1 വരുന്നത് ഒരൊറ്റ മോഡലായ 4 GB റാമും 64 GB ഇന്‍റെര്‍ണല്‍ മെമ്മറിയുമായിട്ടാണ്. 128 GB വരെ മാത്രമേ നമുക്ക് Mi A1 ല്‍ മെമ്മറി അപ്ഗ്രേഡ് ചെയ്യാന്‍ സാതിക്കുകയുള്ളൂ. Mi A1 നു ഏകദേശം 15000 രൂപയാണ് വില വരുന്നത്. അതേ സമയം ഓണര്‍ 9 ലൈറ്റ്നു 2 തരം മോഡലുകള്‍ ഉണ്ട്. 3 GB റാമും 32 GB ഇന്‍റെര്‍ണല്‍ മെമ്മറിയുള്ളതും 4 GB റാമും 64 GB ഇന്‍റെര്‍ണല്‍ മെമ്മറിയുള്ളതുമാണ്‌. 256 GB വരെ നമുക്ക് ഓണര്‍ 9 ലൈറ്റ്ല്‍ മെമ്മറി അപ്ഗ്രേഡ്ചെയ്യാം. ഓണര്‍ 9 ലൈറ്റ്നു 11000 രൂപയും 15000 രൂപയുമാണ് ഏകദേശ വില വരുന്നത്.

ഉപസംഹാരം

ഡിസ്പ്ലേയും, സ്ക്രീനും, പ്രോസെസ്സറും, ക്യാമറയും, റാമും, മെമ്മറിയും അടിസ്ഥാനമാക്കി വിലയിരുത്തുമ്പോള്‍ എന്തു കൊണ്ടും വിലക്ക് ലാഭവും അതേ സമയം ഹൈ ഏൻഡ് ഫോണുകളില്‍ മാത്രം കണ്ടു വരുന്ന ഗുണങ്ങളും തരുന്നത് ഓണര്‍ 9 ലൈറ്റ് ആണ്.

Leave a Reply