വാട്ട്സ്ആപ്പ് ബിസിനസ് ആപ്പ് ; സംരംഭങ്ങൾക്ക് ഉപയോക്താക്കളുമായി ചാറ്റ് ചെയ്യാൻ ഒരു ആപ്പ്

വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉപയോക്താക്കളുമായി ചാറ്റ് ചെയ്യുന്നതിനും വ്യവസായത്തെ കുറിച്ചുള്ള വിവരണം, സ്ഥാപനത്തിന്റെ വിലാസം, വെബ്‌സൈറ്റ്, ഇ മെയില്‍, തുടങ്ങിയ വിവരങ്ങള്‍ ഉപയോക്താക്കളുമായി പങ്കുവെക്കുന്നതിനുമായി ഒരു ബിസിനസ് ആപ്പ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നു. കമ്പനികൾക്ക് അവരുടെ ഓഫറുകളും മറ്റും ഉപഭോക്താക്കളിലേക്കു നേരിട്ട് എത്തിക്കുന്നതിനുളള സംവിധാനങ്ങളുണ്ട്. വാട്ട്സ്ആപ്പ് ബിസിനസ് ആപ്പ് ആൻഡ്രോയിഡ് പതിപ്പ് മാത്രമേ ഇപ്പോൾ ലഭ്യമുള്ളൂ.

വാട്ട്സ്ആപ്പ് ബിസിനസ് ആപ്പ്

ഇന്‍ഡൊനീഷ്യ, മെക്‌സിക്കോ, ബ്രിട്ടന്‍, യുഎസ് എന്നിവിടങ്ങളിലെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ബിസിനസ് ആപ്പ് ലഭ്യമാവും. ഇന്ത്യ ഉൾപ്പടെയുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് വരുന്ന ആഴ്ചകളിൽ ലഭ്യമാകും. ഇന്ത്യയിൽ ലഭ്യമായാൽ ഈ പ്ലേ സ്റ്റോർ ലിങ്ക് https://play.google.com/store/apps/details?id=com.whatsapp.w4b&hl=en&rdid=com.whatsapp.w4b വഴി നിങ്ങൾക്ക് ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.

ചെറിയ വ്യവസായ സംരഭങ്ങളെയാണ് വാട്ട്സ്ആപ്പ് ബിസിനസ് ആപ്പ് വഴി ലക്ഷ്യം വെക്കുന്നത്. ആപ്പ് തികച്ചും സൗജന്യമാണ്. സംരഭങ്ങൾക്ക് കൂടുതൽ ഫീച്ചറുകളും, വിശകലനങ്ങളും വേണമെങ്കിൽ അവ കാശ് നൽകി ഉപയോഗിക്കാം. അടിസ്ഥാന ഫീച്ചറുകൾ എല്ലാം സൗജന്യമായിരിക്കും. മൊബൈല്‍ പതിപ്പിന് പുറമെ വാട്‌സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷന്റെ ഡെസ്‌ക് ടോപ്പ് പതിപ്പും കമ്പനി പുറത്തിറക്കുന്നുണ്ട്.

കമ്പനികള്‍ക്ക് ഉപയോക്താക്കളുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ ഇതുവഴി സാധിക്കുമെന്ന് വാട്‌സ്ആപ്പ് പറഞ്ഞു. വാട്‌സ്ആപ്പിന്റെ 130 കോടി വരുന്ന ഉപയോക്താക്കളിലേക്ക് നേരിട്ടെത്താന്‍ ഇതുവഴി വ്യവസായ സ്ഥാപനങ്ങള്‍ക്കാവും. ഫെയ്‌സ്ബുക്ക് പേജിന്റെ ഒരു വാട്ട്സ്ആപ്പ് പതിപ്പാണിത്.

ഇങ്ങനെ ഒരു ആപ്പിന്റെ വരവിനെ കുറിച്ച് കഴിഞ്ഞ വർഷം തന്നെ വാട്ട്സ്ആപ്പ് പറഞ്ഞിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ചില കമ്പനികളെ തിരഞ്ഞെടുത്തിട്ടുമുണ്ട്. ഇന്ത്യയിൽ നിന്ന് റെഡ്ബസ്, മേക്ക്മൈട്രിപ്പ്, ബുക്ക്മൈഷോ എന്നീ സംരഭങ്ങൾക്ക് ഇതിനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. സ്ഥിതീകരിച്ച അക്കൗണ്ടുകൾക്ക് പച്ച നിറത്തിലുള്ള ശരി അടയാളം നൽകിയിട്ടുണ്ടാകും .

അയക്കുന്ന സന്ദേശങ്ങളുടെ റീച്ച് എത്രത്തോളമാണെന്ന് അറിയാനുള്ള സൗകര്യം, ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ക്ക് ഉടന്‍ മറുപടി നല്‍കാനുള്ള ക്വിക്ക് റിപ്ലൈ സംവിധാനം, ഗ്രീറ്റിംങ് മെസ്സേജ്, നിങ്ങൾ തിരക്കിലായിരിക്കുമ്പോൾ അല്ലെങ്കിൽ ബിസിനസ് സമയം കഴിഞ്ഞാൽ അയക്കേണ്ട മെസ്സേജ് എന്നിവ സെറ്റ് ചെയ്യാനുള്ള സംവിധാനം തുടങ്ങിയവ ഈ ആപ്പിൽ ഉണ്ടാകും. ബിസിനസ് ആപ്പിനും വെബ് പതിപ്പ് ഉണ്ടാകും.

ബിസിനസുകൾക്ക് സ്വന്തം മൊബൈൽ നമ്പറും അതിലേക്ക് സന്ദേശം അയക്കാൻ അനുവാദവും നൽകിയ ഉപയോക്താക്കൾക്ക് മാത്രമേ വാട്ട്സ്ആപ്പ് ബിസിനസ് ആപ്പ് വഴി സന്ദേശം അയക്കാൻ അനുവദിക്കൂ എന്ന് വാട്ട്സ്ആപ്പ് പറഞ്ഞിട്ടുണ്ട്.

അങ്ങിനെ കോടികൾ നൽകി സ്വന്തമാക്കിയ വാട്ട്സ്ആപ്പിൽ നിന്നും ഫെയ്‌സ്ബുക്കിന് അധികം വൈകാതെ വരുമെന്നും വന്നു തുടങ്ങും. ഇപ്പോൾ മനസിലായില്ലേ വെറുതെയല്ല ഇത്രയും കാശ് മുടക്കി ഫെയ്‌സ്ബുക്ക് 2014ൽ വാട്ട്സ്ആപ്പിനെ സ്വന്തമാക്കിയതെന്ന്.