എച്ച്ടിസി ഏറ്റെടുക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

എച്ച്ടിസി അവരുടെ സ്മാർട്ട്‌ഫോൺ വിഭാഗം ഗൂഗിളിന് വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഗൂഗിൾ വിലപേശലിന്റെ അവസാനഘട്ട ചർച്ചയിൽ ആണ്. ഒരു പ്രമുഖ തായ്‌വാനീസ് മാധ്യമാണ് ഈ വാർത്ത പുറത്ത്‌ വിട്ടിരിക്കുന്നത്. വൈവ് എന്ന പേരിലുള്ള വെർച്ച്വൽ റിയാലിറ്റി വിഭാഗം കൈവിടാൻ അവർ ഉദ്ദേശിക്കുന്നില്ല. നഷ്ടത്തിൽ ഓടുന്ന സ്മാർട്ട്‌ഫോൺ വിഭാഗം മാത്രമാണ്‌ വിൽപ്പനക്ക് പരിഗണനയിൽ ഉള്ളത്‌. ഇത്തരമൊരു വാര്‍ത്തയില്‍ പ്രതികരിക്കാന്‍ ഇരുകമ്പനികളും തയ്യാറായിട്ടില്ല.

എച്ച്ടിസി ഏറ്റെടുക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഒരുകാലത്ത് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ വിപണിയിലെ അതികയാൻമാർ ആയിരുന്നു എച്ച്ടിസി. പക്ഷെ കുറച്ച് വർഷങ്ങളായി വിപണിയിൽ പിടിച്ച് നിൽക്കാൻ ബുദ്ധിമുറ്റുകയാണ് അവർ. ഇവരുടെ സ്മാർട്ട്‌ഫോൺ വ്യവസായത്തിന്റെ രക്ഷകനായി ഗൂഗിൾ മാറുമോ? ആൻഡ്രോയിഡിന്റെ ചരിത്രത്തിൽ എച്ച്ടിസിക്ക് ഗൂഗിളുമായി വളരെ നല്ല ബന്ധമാണുള്ളത്. ആൻഡ്രോയിഡ് ഒഎസിൽ പ്രവർത്തിക്കുന്ന ഏറ്റവും ആദ്യത്തെ സ്മാർട്ട്‌ഫോൺ ഇറക്കാൻ ധൈര്യം കാണിച്ചത് എച്ച്ടിസിയാണ്. നെക്‌സസ് ടാബ്‌ലറ്റ് നിർമ്മിച്ചതും ഇവരാണ്‌. ഇപ്പോഴത്തെ ഗൂഗിൾ ഫോണായ പിക്സൽ ഇറക്കുന്നതും എച്ച്ടിസി ആണ്. ഇനി ഇറങ്ങാൻ ഇരിക്കുന്ന ഗൂഗിൾ പിക്സൽ 2 നിർമ്മിക്കുന്നതും എച്ച്ടിസി ആയിരിക്കും.

പിക്സൽ ഫോണുകൾ പ്രതീക്ഷിച്ച പോലെ വിജയമായിരുന്നില്ല. ഏറ്റെടുക്കൽ വിജയമായാൽ ഗൂഗിളിന് സ്മാർട്ട്‌ഫോൺ ഹാർഡ്‌വെയർ നിർമ്മാണ വിഭാഗം, റിസർച്ച് വിഭാഗം, വിതരണ ശൃംഖല, എച്ച്ടിസിയുടെ ടെലികോം പാർട്ണർഷിപ്പ് എന്നിവ ലഭിക്കും. ഇത് ആപ്പിൾ സാംസങ് എന്നിവരുമായുള്ള മത്സരത്തിൽ ഗൂഗിളിന് മുൻതൂക്കവും നൽകും. അതിനാൽ എന്ത് വില കൊടുത്തും ഗൂഗിൾ കച്ചവടം ഉറപ്പിക്കും. ഇതിനു മുൻപും ഒരു സ്മാർട്ട്‌ഫോൺ കമ്പനിയെ ഗൂഗിൾ ഏറ്റെടുത്തിട്ടുണ്ട്. നഷ്ടത്തിലായിരുന്ന മോട്ടറോളയെ ആയിരുന്നു അത്. പക്ഷെ രണ്ട് വർഷം തികയുന്നതിന് മുന്നെതന്നെ മോട്ടറോളയെ ഗൂഗിൾ ലെനോവോക്ക് വിറ്റു.

എച്ച്ടിസിയുടെ സ്മാർട്ടഫോൺ വിഭാഗം പൂർണ്ണമായും തങ്ങളുടെ കീഴിൽ വന്നാൽ, ഗൂഗിളിന് അവരുടെ ശ്രദ്ധ മുഴുവൻ സ്വന്തം ഫോണിന് വേണ്ടി ഒഎസ് കാര്യക്ഷമമാക്കുന്നതിൽ കേന്ദ്രീകരിക്കാം. നമുക്ക് നല്ല കിടിലൻ ഗൂഗിൾ ബ്രാന്റഡ് ആൻഡ്രോയിഡ് ഫോണ് ലഭിക്കുകയും ചെയ്യും. ഏറ്റെടുക്കൽ രണ്ടു കമ്പനികൾക്കും അവരുടെ ഉപഭോക്താക്കൾക്കും വളരെ ഗുണകരമാണ്. ഗൂഗിളിന് എത്ര ചിലവ്‌ വരുമെന്ന് നമുക്ക്‌ കാത്തിരുന്ന് കാണാം.

Leave a Reply