ഫോണിൽ ഇനി മലയാളം ടൈപ്പ് ചെയ്യേണ്ട, ചുമ്മാ പറഞ്ഞാൽ മതി ഗൂഗിൾ നിങ്ങൾക്ക് വേണ്ടി ടൈപ്പ് ചെയ്യും

ഫോണിൽ ഇനി നിങ്ങൾ മലയാളം ടൈപ്പ് ചെയ്‌ത്‌ ബുദ്ധിമുട്ടേണ്ട. ഫോണിൽ മലയാളത്തിൽ പറഞ്ഞാൽ മതി ഗൂഗിൾ നിങ്ങൾക്ക് വേണ്ടി മലയാളം ടൈപ്പ് ചെയ്തുതരും. സംഗതി അടിപൊളിയാണ്. ഈ സംവിധാനം ആൻഡ്രോയ്‌ഡ് ഫോണുകളിൽ മാത്രമേ ഇപ്പോൾ ലഭിക്കൂ. ഫോണിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഉണ്ടെങ്കിൽ മാത്രമേ ഈ സേവനം ഉപയോഗിക്കാൻ കഴിയൂ. ഇതിന്റെ ഓഫ്‌ലൈൻ പതിപ്പ് ഇപ്പോൾ ലഭ്യമല്ല.

Google Voice Malayalam Typing മലയാളം ടൈപ്പ്

ഈ സേവനം നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാൻ ആദ്യം ജിബോർഡ് അഥവാ ഗൂഗിൾ കീബോർഡ് ആപ്പ് അപ്ഡേറ്റ് ചെയ്യുക. എന്നിട്ട് ഫോൺ സെറ്റിങ്‌സിലെ Languages & input സെക്ഷനിൽ പോയി ഗൂഗിളിന്റെ വോയിസ് ടൈപ്പിങ്ങ് പ്രാവർത്തികമാക്കി അതിന്റെ പ്രാഥമിക ഭാഷ മലയാളം ആയി സജ്ജീകരിക്കുക. ഫോണിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഓൺ ആയിരിക്കുകയാണെന്ന് ഉറപ്പ് വരുത്തുക തുടർന്ന് നിങ്ങൾക്ക് ടൈപ്പ് ചെയ്യേണ്ട സ്ഥലത്ത് പോയി ടച്ച് ചെയ്യുക. ഗൂഗിൾ വോയിസ് ടൈപ്പിങ് തിരഞ്ഞെടുക്കുക. തുടർന്ന് വരുന്ന സ്‌ക്രീനിൽ മൈക്ക് ഐക്കണിൽ അമർത്തി നിങ്ങൾക്ക് മലയാളത്തിൽ ടൈപ്പ് ചെയ്യേണ്ടത് പറയുക.

നിങ്ങൾ ടൈപ്പ് ചെയ്യാൻ ഉദ്ദേശിച്ച സ്ഥലത്ത് നിങ്ങൾ മലയാളത്തിൽ പറഞ്ഞത് തനിയെ ടൈപ്പ് ചെയ്തു വരുന്നതായിട്ട് കാണാം. നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് സ്പീഡ് അനുസരിച്ച് ടൈപ്പ് ആയി വരുന്നതിന്റെ സ്പീഡിൽ മാറ്റം ഉണ്ടാകും. ഫോണിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഉണ്ടെങ്കിൽ മാത്രമേ ഇത് പ്രവർത്തിക്കൂ. നിങ്ങൾ പറയുന്നത് ഗൂഗിളിന്റെ സെർവറിലേക്ക് അയച്ച്, അവിടെ നിന്നാണ് നിങ്ങൾ പറഞ്ഞതിന്റെ സമാനമായ മലയാളം വാക്കുകൾ സ്‌ക്രീനിൽ തെളിയുക. ഗൂഗിളിന്റെ വോയ്‌സ് സെർച്ച് ആപ്പിലും ഈ സേവനം ലഭ്യമാണ്.

നിങ്ങളുടെ ഫോണിൽ ഗൂഗിൾ വോയ്‌സ് ടൈപ്പിങ്ങ് മലയാളത്തിൽ സജ്ജമാക്കാൻ ഈ യൂട്യൂബ് വീഡിയോ https://youtu.be/CpTnjJd2eYA കാണുക.

മലയാളം ഉൾപ്പടെ 8 ഇന്ത്യൻ ഭാഷകളെ കൂടെ ഗൂഗിൾ ഈ സേവനത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഗുജറാത്തി, ബംഗാളി, ഉറുദു എന്നിവയാണ് മറ്റ് 7 ഭാഷകൾ. ഹിന്ദി വളരെ മുന്നെ തന്നെ ഗൂഗിളിന്റെ ശബ്ദം വാക്കുകളായ മാറ്റുന്ന ഈ സേവനത്തിൽ ഇടംപിടിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ഇനി വരാനിരിക്കുന്ന പുതിയ ഇന്റർനെറ്റ് ഉപഭോകതാക്കളിൽ ബഹുഭൂരിപക്ഷവും പ്രാദേശിക ഭാഷകൾ സംസാരിക്കുന്നവർ ആയിരിക്കും. ഇത് മുൻകൂട്ടി കണ്ടാണ് ഗൂഗിൾ അവരുടെ സേവനങ്ങളിൽ എല്ലാം ഇന്ത്യൻ പ്രാദേശിക ഭാഷകൾ സന്നിവേശിപ്പിക്കുന്നത്. എന്തായാലും ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് ഇനി മലയാളത്തിൽ ചാറ്റ് ചെയ്യാനും, സെർച്ച് ചെയ്യാനും, ഇമെയിൽ അയക്കാനും ടൈപ്പ് ചെയ്തു ബുദ്ധിമുട്ടേണ്ട. ഗൂഗിളിന് വളരെ നന്ദി.

മെഷീൻ ലേർണിങ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിങ് എന്നീ ടെക്നോളജികൾ ഉപയോഗിച്ചാണ് ഗൂഗിൾ ഈ സേവനം സാധ്യമാക്കിയിട്ടുള്ളത്. ഇതിന്റെ കൃത്യത വർദ്ധിപ്പിക്കാൻ വേണ്ടി ഗൂഗിൾ ഇന്ത്യയിൽ പ്രാദേശിക ഭാഷ സംസാരിക്കുന്ന ആളുകളെ കൊണ്ട് അവർ സാധരണയായി സംസാരിക്കുന്ന വാക്കുകളുടെ ശബ്ദ സാംപിളുകൾ ശേഖരിച്ച് മെഷീൻ ലേർണിങ് മോഡലുകളെ ട്രെയിൻ ചെയ്യിച്ചിട്ടുണ്ട്. മെഷീൻ ലേർണിങ് ടെക്നോളജി ഇതിൽ ഉപയോഗിച്ചിട്ടുള്ളതിനാൽ കൂടുതൽ ആളുകൾ ഈ സേവനം ഉപയോഗിക്കുന്നതിന് അനുസരിച്ച് ഇതിന്റെ കൃത്യത വർദ്ധിക്കും.

വളരെ എളുപ്പത്തിലും, വേഗത്തിലും മലയാളം അടക്കമുള്ള ഇന്ത്യൻ ഭാഷകൾ ടൈപ്പ് ചെയ്യാൻ സൗകര്യം ഒരുക്കുക വഴി പ്രാദേശിക ഭാഷകളിലുള്ള ഉള്ളടക്കങ്ങൾ ഇന്റർനെറ്റിൽ ഇനി കൂടുതൽ ലഭ്യമാകും . ഈ ലേഖനം എഴുതിയത് ഗൂഗിളിന്റെ വോയിസ് ടൈപ്പിങ് സംവിധാനം ഉപയോഗിച്ചാണ്.

Leave a Reply