ഗൂഗിള്‍ അതിവേഗ സൗജന്യ വൈഫൈ ഇനിമുതല്‍ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലും

ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് ഗൂഗിള്‍ നടപ്പിലാക്കുന്ന അതിവേഗ സൗജന്യ വൈഫൈ സേവനം എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ ഇന്നു മുതല്‍ ലഭിക്കും. കൊച്ചിയെ കൂടാതെ പൂനെ, ഭുബനേശ്വര്‍, ഭോപാല്‍, റാഞ്ചി, റായ്പൂര്‍, വിജയ്‌വാഡ, കച്ചെഗുഡ (ഹൈദരാബാദ്), വിശാഖപട്ടണം എന്നീ സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സേവനം ഇന്നുമുതല്‍ ലഭിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ ടെലികോം വിഭാഗമായ റെയില്‍ടെല്ലുമായി സഹകരിച്ചാണ് ഗൂഗിള്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നത്.

Google Free Wifi Stations List

മുംബൈ സെന്‍ട്രല്‍ സ്റ്റേഷനിലാണ് ഈ പദ്ധതി ആദ്യമായി ആരംഭിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ അവിടെ സൗജന്യ വൈഫൈ ലഭ്യമാണ്. ഒരു ആഴ്ച്ചയില്‍ ഏകദേശം ഒരു ലക്ഷത്തോളം പേര്‍ അവിടെ ഈ സേവനം ഉപയോഗിക്കുന്നുണ്ട്. മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ തുടക്കമിട്ട ഈ വൈഫൈ പദ്ധതി ഈ വര്‍ഷാവാസാനത്തോടെ 100 സ്റ്റേഷനുകളില്‍ നടപ്പാക്കും. 100 സ്റ്റേഷനുകളിലും ഈ പദ്ധതി വരുന്നതോടെ ഏകദേശം ഒരു കോടി ആളുകള്‍ക്ക് സൗജന്യ വൈഫൈ ഉപയോഗിക്കാം.

ആദ്യ 30 മിനിറ്റ് വൈഫൈ സൗജന്യമായി ലഭിക്കൂ. കണ്ണൂര്‍, തിരുവനന്തപുരം, തൃശൂര്‍, കൊല്ലം എന്നിവയാണ് കേരളത്തില്‍ നിന്നും തിരഞ്ഞെടുത്തിട്ടുള്ള മറ്റ് സ്റ്റേഷനുകള്‍. കൂടുതല്‍ യാത്രക്കാര്‍ വന്നു പോകുന്ന ഈ സ്‌റ്റേഷനുകളില്‍ ട്രെയിനുകളുടെ നീക്കം കാര്യക്ഷമമാക്കാനും വെളിച്ച സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും വൈഫൈ സഹായകമാകുമെന്നാണു റയില്‍വേയുടെ പ്രതീക്ഷ.