ഐഫോണ്‍ SEയെ കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം

iPhone SE Launch

ഐഫോണ്‍ എസ്ഇ അഥവാ ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ ആപ്പിള്‍ അവതരിപ്പിച്ചു. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് വൈസ് പ്രസിഡന്‍റ് ഗ്രെഗ് ജൊസ്വെയ്ക് ആണ് ഫോണിന്‍റെ പ്രഖ്യാപനം നടത്തിയത്. ഐഫോണ്‍ 5 എസിന് സമാനമായ രൂപകല്‍പ്പനയോടെ എത്തിയിരിക്കുന്ന ഫോണിന് 5 എസിനേക്കാള്‍ മികച്ച ഹാര്‍ഡ്‌വെയറാണുള്ളത്.

1136 x 640 പിക്സല്‍ റെസലൂഷന്‍ നല്‍കുന്ന 4 ഇഞ്ച് സ്ക്രീനുള്ള ഐഫോണ്‍ എസ്ഇയുടെ വരവോടെ ഐഫോണ്‍ 5 എസിന്റെ നിര്‍മ്മാണവും ആപ്പിള്‍ അവസാനിപ്പിക്കുമെന്നാണ് ശ്രുതി. ഐഫോണുകളുടെ ഡിസ്‌പ്ലേ മിഴിവിന് കാരണമായ റെറ്റിന ഡിസ്‌പ്ലേ ഈ ഫോണിലും ആപ്പിള്‍ ഒരുക്കിയിട്ടുണ്ട്.

iPhone SE

ആപ്പിളിന്റെ 1.84 ജിഗാഹെര്‍ട്സ് 64 ബിറ്റ് രണ്ടുകോര്‍ എ 9 എസ്ഫസി എം 9 മോഷന്‍ കോര്‍ പ്രോസസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മോഷന്‍ കോ പ്രോസസറായ എം 9 ഐഫോണ്‍ എസ്ഇക്ക് മതിയായ ഗെയിമിംഗ് വേഗത നല്‍കുന്നുണ്ട്. മറ്റു ഐഫോണുകളെ പോലെ ഇതിലും റിമൂവ് ചെയ്യാന്‍ കഴിയുന്ന തരം മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. 16 ജിബി, 64 ജിബി എന്നീ രണ്ട് തരം സംഭരണ ശേഷിയുള്ള മോഡലുകള്‍ ആണ് വിപണിയില്‍ എത്തുക.

12 മെഗാപിക്‌സില്‍ പ്രൈമറി ക്യാമറയും 1.2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് എസ് ഇയ്ക്ക് നല്‍കിയിട്ടുള്ളത്. സെല്‍ഫി എടുക്കുമ്പോള്‍ മൂന്നുമടങ്ങ് തെളിച്ചം നല്‍കുന്ന റെറ്റിന ഫ്ളാഷ് സൗകര്യമുണ്ട്. ലൈവ് ഫോട്ടോ, ഫോര്‍കെ വീഡിയോ റെക്കോര്‍ഡിങ്, ഫിക്സഡ് ഫോക്കസ് സൗകര്യങ്ങള്‍ എല്ലാം 12 മെഗാപിക്‌സില്‍ പ്രൈമറി ക്യാമറയിലുണ്ട്.

ത്രീജിയില്‍ 14 മണിക്കൂര്‍ സംസാരസമയം നല്‍കുന്ന 1642 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 50 മണിക്കൂര്‍ പാട്ട് കേള്‍ക്കാനും കഴിയും. സ്പേസ് ഗ്രേ, സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഐഫോണ്‍ എസ്ഇ വിപണിയില്‍ എത്തുക.

4G എല്‍ടിഇ, ഏറ്റവും പുതിയ ഐഒഎസ് 9.3 ഓപറേറ്റിങ് സിസ്റ്റം, ബ്ളൂടൂത്ത് 4.2, നവീകരിച്ച വൈ ഫൈ, പുതിയ മൈക്രോഫോണ്‍, മൊബൈല്‍ പേമെന്റ് സംവിധാനമായ ആപ്പിള്‍ പേ, ടച്ച് ഐഡി വിരലടയാള സെന്‍സര്‍, എന്‍എഫ്സി, എ-ജിപിഎസ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

16 ജി.ബി പതിപ്പിന് 399 ഡോളറും, 64 ജി.ബി പതിപ്പിന് 499 ഡോളറും ആണ് യുഎസിലെ വില. മാര്‍ച്ച് 24 മുതല്‍ മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്യാം. മാര്‍ച്ച് 31ന് ആഗോള വിപണിയില്‍ എത്തുന്ന ഐഫോണ്‍ ഏപ്രില്‍ എട്ട് മുതല്‍ ഇന്ത്യയില്‍ ലഭ്യമാകും. ഇന്ത്യയില്‍ 39,000 രൂപയാകും 16 ജി.ബിയുടെ വിലയെന്നും ഐഫോണ്‍ വില്‍പനക്കാരായ റെഡിങ്ടണ്‍ ഇന്ത്യ അറിയിച്ചു.

ഇന്ത്യയിലെയും ചൈനയിലെയും ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ആപ്പിള്‍ പുറത്തിറക്കിയ ഈ ഐഫോണ്‍ പരാജയമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കുറഞ്ഞ സ്ക്രീന്‍ വലിപ്പം, കൂടിയ വില, കുറഞ്ഞ ബാറ്ററി ലൈഫ്, പഴഞ്ചന്‍ രൂപകല്‍പ്പന എന്നിവയാണ് വിദഗ്ധര്‍ നിരത്തുന്ന കാരണങ്ങള്‍. പണ്ട് ഐഫോണ്‍ 5സി ഇറങ്ങുന്നതിനുമുമ്പും വില കുറഞ്ഞ ഫോണാണെന്നായിരുന്നു പ്രചാരണം. പക്ഷെ, വാങ്ങാന്‍ ചെന്നപ്പോള്‍ വിലക്കൊട്ടും കുറവില്ല താനും. അതുപോലെ തന്നെയാണ് ഇപ്പോള്‍ നടന്നത്.