വിന്‍ഡോസ് ഒ.എസിന്റെ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 10 മൈക്രോസോഫ്റ്റ് പുറത്തിറക്കി. 190 രാജ്യങ്ങളില്‍ വിന്‍ഡോസ് 10 ലഭ്യമാകുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ വിന്‍ഡോസ് 10 പ്രത്യേക ചടങ്ങോടെയാണ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. 2018-ഓടെ വിന്‍ഡോസ് 10 ഒഎസ് ഉപയോഗിക്കുന്ന 100 കോടി ഉപകരണങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഡല്‍ഹിയില്‍ വിന്‍ഡോസ് 10 പുറത്തിറക്കി മൈക്രോസോഫ്റ്റ് ഇന്ത്യ ചെയര്‍മാന്‍ ഭാസ്‌കര്‍ പ്രമാണിക് പറഞ്ഞു.
വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് വിന്‍ഡോസ് 10 സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാനാകും. വ്യവസായ, വാണിജ്യ രംഗത്തുള്ള ഉപഭോക്താക്കള്‍ക്ക് ആഗസ്ത് ഒന്നു മുതലാകും പുതിയ പതിപ്പ് ലഭിക്കുക. വിന്‍ഡോസ് എട്ടിന് ഈടാക്കിയ അതേ വിലയിലാണ് വിന്‍ഡോസ് 10ഉം ലഭിക്കുക. സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിക്കാനുള്ള വിന്‍ഡോസ് 10 പതിപ്പ് അധികം വൈകാതെ എത്തും.
വിന്‍ഡോസ് 7, വിന്‍ഡോസ് 8, വിന്‍ഡോസ് 8.1 ഒ.എസ്. ഉപയോക്താക്കള്‍ക്ക് തികച്ചും സൗജന്യമായി വിന്‍ഡോസ് 10 ലേക്കുള്ള അപ്‌ഡേറ്റ് ലഭിക്കും. ഓഫീസുകളിലും മറ്റും ഉപയോഗിക്കുന്ന എന്റര്‍പ്രൈസ് വെര്‍ഷന്‍ ഉപയോക്താക്കളില്‍നിന്ന് മാത്രമേ അപ്‌ഡേഷന് പണം ഈടാക്കുന്നുള്ളൂ.
നിലവില്‍ വിന്‍ഡോസ് 10 ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ബുധനാഴ്ച തന്നെ അപ്‌ഡേറ്റുകള്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. വിന്‍ഡോസ് 10 അപ്‌ഗ്രേഡ് ചെയ്ത്, അത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ പഴയ വേര്‍ഷനിലേക്ക് തിരിച്ചുപോകണമെങ്കില്‍ അതിനും അവസരമുണ്ടായിരിക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. 30 ദിവസത്തിനകം പഴയ പതിപ്പിലേക്ക് പോകണമെന്നു മാത്രം.