കാശ്, സ്വര്‍ണ്ണം മറ്റു രേഖകള്‍ തുടങ്ങിയവ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്നത് പോലെ ഡിജിറ്റല്‍ ഡോകുമെന്റുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ ഒരു സൗജന്യ സേവനത്തിന്റെ പേരാണ് ഡിജിറ്റല്‍ ലോക്കര്‍. തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ജനന മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ്, പാസ്പോര്‍ട്ട്, മാര്‍ക്ക്ഷീറ്റുകള്‍, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി എന്തു രേഖകളും സ്കാന്ന്‍ ചെയ്ത് ഡിജിറ്റല്ല്‍ ഡോക്യുമെന്റ് ആക്കി ഡിജിറ്റല്‍ ലോക്കറിലേക്ക് അപ്‍ലോഡ് ചെയ്യാം. നിലവില്‍ പത്ത് എംബിവരെയുള്ള ഫയലുകള്‍ മാത്രം അപ് ലോഡ് ചെയ്യാനാണ് സൗകര്യമുള്ളത്.
നമുക്ക് ആവശ്യമുള്ളപ്പോള്‍ എപ്പോള്‍ വേണമെങ്കിലും ഇവ ഡൌണ്‍ലോഡ് ചെയ്യാം. നമ്മള്‍ അപ്‌ലോഡ് ചെയ്യുന്ന ഓരോ രേഖക്കും ഒരു ലിങ്ക് ലഭിക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, തൊഴില്‍ ദാതാക്കള്‍ എന്നിവര്‍ക്ക് പരിശോധിക്കാന്‍ പേപ്പര്‍ രേഖകള്‍ക്കുപകരം ഡിജിറ്റല്‍ സംവിധാനത്തിലുള്ള ഡോക്യുമെന്റുകളുടെ ഈ ലിങ്കുകള്‍ കൈമാറാം. സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കും അപേക്ഷകരുടെ പേപ്പര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കേണ്ട ആവശ്യവുമില്ല. ഓരോ ആവശ്യത്തിനും ഒന്നിലേറെ തവണ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കുന്നത് ഒഴിവാക്കാനും സാധിക്കും. എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും രേഖകള്‍ കൈമാറാനും പരിശോധിക്കാനും സൗകര്യം.
https://digitallocker.gov.in എന്ന വെബ്സൈറ്റില്‍ പോയി സ്വന്തമായി ആധാര്‍ നമ്പര്‍ ഉള്ള ആര്‍ക്കും ഡിജിറ്റല്‍ ലോക്കര്‍ തുറക്കാം. കംപ്യൂട്ടറും ഇന്റര്‍നെറ്റ് സൗകര്യവുമുള്ളവര്‍ക്കു സ്വന്തമായോ അല്ലെങ്കില്‍ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലോ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് ഓഫിസിലോ എത്തി ഡിജിറ്റല്‍ ലോക്കര്‍ സ്വന്തമാക്കാം. പൂര്‍ണമായും സൗജന്യമാണ് ഈ സേവനം. ആകെ ആവശ്യമുള്ളതു ആധാര്‍ നമ്പര്‍ മാത്രം.
വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ ‘റജിസ്റ്റര്‍ നൗ’ എന്ന ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ റജിസ്റ്റര്‍ ഫോര്‍ എ ഡിജിലോക്കര്‍ അക്കൗണ്ട് എന്ന ഓപ്ഷന്‍ കാണാം. ഇവിടെ ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. തുടര്‍ന്ന്, ഡിജിറ്റല്‍ ലോക്കറില്‍ കടക്കുന്നതിന് രണ്ട് ഓപ്ഷന്ന്‍ ആണുള്ളത്. ഒറ്റത്തവണ പാസ്‍വേഡ് അല്ലെങ്കില്‍ വിരലടയാളം(അക്ഷയ അല്ലെങ്കില്‍ എന്‍ഐസി വഴി ചെയ്യുന്നവര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം). ആധാര്‍ നമ്പരിനോടൊപ്പം നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരിലേക്ക് ഒറ്റത്തവണ പാസ്‍വേഡ് (ഒടിപി) ലഭിക്കുന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ മൊബൈല്‍ നമ്പറില്‍ പാസ്‍വേഡ് ലഭിക്കും. ഈ രഹസ്യ നമ്പര്‍ നല്‍കിയാല്ല്‍ ലോക്കറിലേക്കു പ്രവേശിക്കാം. അല്ലെങ്കില്‍ വിരലടയാളം സ്കാനര്‍ വഴി രേഖപ്പെടുത്തണം.
തുടര്‍ന്ന്, യൂസര്‍ നെയിമും പാസ്‍വേഡും നല്ല്‍കണം. പാസ്‍വേഡില്‍ അക്ഷരങ്ങള്‍, അക്കങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ ഉപയോഗിക്കാം. ഇത്രയുമായാല്‍ നിങ്ങള്‍ക്കു സ്വന്തമായി ഒരു ലോക്കര്‍ ലഭിക്കും. ആധാര്‍ കാര്‍ഡ് തന്നെ ആദ്യം ലോക്കറില്‍ സൂക്ഷിക്കാം. ഇതിനായി ഇ–ആധാര്ര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ ലോക്കറില്‍ത്തന്നെയുണ്ട്. ലിങ്ക് ക്ലിക്ക് ചെയ്ത് മാര്‍ഗനിര്‍ദേശം അനുസരിച്ചു ചെയ്താല്‍ മതി. ഡിജിറ്റല്‍ ലോക്കര്‍ നമ്മുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുമായും ജിമെയില്‍ അക്കൗണ്ടുമായും കണക്ട് ചെയ്യാവുന്നതാണ്. അതിനും ലോക്കറിലെ മാര്‍ഗനിര്‍ദേശം നോക്കിയാല്‍ മതി.