ഓണ്‍ലൈന്‍ ടാക്സി ബുക്കിങ്ങ് സേവനം നല്കുന്ന ഒലാകാബ് ഹാക്കിങ്ങിനിരയായതായി റിപ്പോര്‍ട്ട്. TeamUnknown എന്ന പേരിലുള്ള ഹാക്കിങ്ങ് ഗ്രൂപ്പ് ആണ് ഇതിന് പിന്നില്‍. ഒലാകാബ് ഹാക്ക് ചെയ്തതായി അവകാശപ്പെട്ടുകൊണ്ട് കഴിഞ്ഞ ഞായറാഴ്ച അവര്‍ റെഡിറ്റില്‍ (www.reddit.com) ഒരു പോസ്റ്റ് ഇട്ടിരുന്നു. ഒലാകാബ് ഡാറ്റാബേസ് സെര്‍വറില്‍ നിന്ന് അംഗങ്ങളുടെ വിവരങ്ങള്‍, അവരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, സൗജന്യ യാത്ര കൂപ്പണ്‍ വിവരങ്ങള്‍ തുടങ്ങിയവ എല്ലാം ലഭിച്ചു എന്നാണ് ഹാക്കിങ്ങ് ഗ്രൂപ്പ് അവകാശപ്പെടുന്നത്.
ഒലാകാബിന്റെ ഡാറ്റാബേസ് ഘടനയുടെ സ്ക്രീന്‍ഷോട്ട് TeamUnknown റെഡിറ്റ് പോസ്റ്റില്‍ ഇട്ടിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, സൗജന്യ യാത്ര കൂപ്പണ്‍ വിവരങ്ങള്‍ എന്നിവ അവര്‍ ഉപയോഗിക്കില്ല എന്നും, ഇതെല്ലാം വിവരിച്ച് ഒലാകാബ് ടീമിന് മെയില്‍ അയച്ചതായും റെഡിറ്റ് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ഒലാകാബ് ടീമില്‍ നിന്ന് യാതൊരു മറുപടിയും ലഭിച്ചില്ല എന്നാണ് TeamUnknown പറയുന്നത്.
TeamUnknown പറയുന്നപോലെ ഹാക്കിങ്ങ് നടന്നിട്ടില്ല എന്നും, പുതിയ സേവനങ്ങള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ റണ്‍ ചെയ്യുന്ന ടെസ്റ്റ് സെര്‍വര്‍ ആണ് TeamUnknown ഹാക്ക് ചെയ്തിരിക്കുന്നത് എന്നുമാണ് ഒലാകാബ് അവകാശപ്പെടുന്നത്. അതില്‍ ടെസ്റ്റിങ്ങിന് വേണ്ടിയുള്ള ഡമ്മി വിവരങ്ങള്‍ മാത്രമുള്ളൂ എന്നാണ് ഒലകാബ് പറയുന്നത്. TeamUnknown കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടാല്‍ മാത്രമേ അംഗങ്ങളുടെ വിവരങ്ങള്‍ മുതലായവ കിട്ടുന്ന രീതിയില്‍ ഹാക്കിങ്ങ് നടന്നോ ഇല്ലയോ എന്ന് സ്ഥിതീകരിക്കാന്‍ കഴിയൂ.