ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്പ്കാര്‍ട്ടിന്റെ വ്യാജ ഡിസ്കൗണ്ട് ഓഫര്‍ സോഷ്യല്‍ മീഡിയില്‍ വൈറലായി. ഫ്ലിപ്പ്കാര്‍ട്ട് വില്‍പ്പനക്ക് വെച്ച ഒരു ചെരുപ്പിന്റെ യഥാര്‍ത്ഥ വില അബദ്ധവശാല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ കൊടുത്ത ചെരുപ്പിന്റെ ചിത്രത്തില്‍ ഉണ്ടായിരുന്നു. മണി ശങ്കര്‍ സെന്‍ എന്ന ആള്‍ ഇത് കാണുകയും ഫ്ലിപ്പ്കാര്‍ട്ടിന്റെ ഫെയ്സ്ബുക്ക് പേജില്‍ ചിത്രസഹിതം തട്ടിപ്പിനെ കുറിച്ച് പോസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ചെരുപ്പിന്റെ വില 799 രൂപയാണെന്നും 50 ശതമാനം കുറവോടെ വെറും 399 രൂപക്കാണ് തങ്ങള്‍ വില്‍ക്കുന്നതെന്നുമായിരുന്നു ഫ്ളിപ്പ്കാര്‍ട്ടിന്റെ പരസ്യം. പരമാവധി വില്‍പ്പന വില ഇരട്ടിയാക്കി 50 ശതമാനം ഓഫര്‍ നല്‍കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഫ്ളിപ്പ്കാര്‍ട്ടിന്റെ വില്‍പ്പന. ഫ്ലിപ്പ്കാര്‍ട്ടില്‍ നല്‍കിയിരിക്കുന്ന ചെരുപ്പിന്റെ ചിത്രത്തില്‍ സൂക്ഷിച്ച് നോക്കിയാല്‍ ചെരുപ്പിന്റെ യഥാര്‍ത്ഥ വിലയായ 399 രൂപ അതില്‍ പ്രിന്റ് ചെയ്തിരിക്കുന്നത് കാണാം. തട്ടിപ്പ് മനസിലായതോടെ ഫ്ലിപ്പ്കാര്‍ട്ടിനെതിരെയുള്ള രോഷം സോഷ്യല്‍ മീഡിയ വഴി കാട്ടുതീ പോലെ പടര്‍ന്നു.
“പ്രിയ ഫ്ളിപ്പ്കാര്‍ട്ട് ടീം, ഞങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം വരുന്ന പേരുകളിലൊന്നാണ് ഫ്ളിപ്പ്കാര്‍ട്ടിന്റേത്. ഇന്ത്യയില്‍ വലിയ വിപണിമൂല്യം നിങ്ങള്‍ക്കുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉപഭോക്താക്കളുടെ വിശ്വാസവും നിങ്ങളുടെ വിപണമൂല്യവും കുറക്കും. ദയവായി താഴെയുള്ള ചിത്രം നോക്കുക” എന്നായിരുന്നു മണി ശങ്കര്‍ സെന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സംഭവം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഫ്ളിപ്പ്കാര്‍ട്ട്തന്നെ തെറ്റുപറ്റിയതായി സമ്മതിച്ച് ക്ഷമചോദിച്ചിട്ടുണ്ട്. 6000ത്തോളം പേരാണ് മണി ശങ്കര്‍സെന്നിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു ചെരിപ്പിന്റെ വിലയായിരിക്കും ഫ്ളിപ്പ്കാര്‍ട്ട് ഉദ്ദേശിച്ചെന്നത് അടക്കം നിരവധി പരിഹാസങ്ങളാണ് ഇ കൊമേഴ്‌സ് ഭീമനെതിരെ ഫേസ്ബുക്കില്‍ ഉയരുന്നത്. ഈ തട്ടിപ്പ് തെല്ലൊന്നുമല്ല ഫ്ലിപ്പ്കാര്‍ട്ടിന്റെ വിശ്വാസ്യതയിലും, ബ്രാന്‍ഡ് വാല്യൂവിലും ഇടിവ് ഉണ്ടാക്കിയിരിക്കുന്നത്.