വിന്‍ഡോസ് 10 ന്റെ വിവിധ എഡിഷനുകള്‍ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു

വരുന്ന രണ്ടുമാസത്തിനുള്ളില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മൈക്രോസോഫ്റ്റ് പുറത്തുവിട്ടു. 190 രാജ്യങ്ങളിലായി 111 ഭാഷകളില്‍ വിന്‍ഡോസ് 10 പുറത്തിറങ്ങും. വിവിധ ആവശ്യങ്ങള്‍ക്കായി വിന്‍ഡോസ് 10ന്റെ 7 വ്യത്യസ്ത എഡിഷനുകളുണ്ടാകും.

Windows 10 logo

പിസി, ടാബ്ലെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍, എക്സ്ബോക്സ്, മൈക്രോസോഫ്റ്റ് ഹോളോലെന്‍സ്‌ കൂടാതെ എടിഎം, ഹാര്‍ട്ട്‌ റേറ്റ് മോണിറ്റര്‍, ദേഹത്ത് ധരിക്കാവുന്ന ഗാഡ്ജെറ്റുകള്‍ തുടങ്ങിയവയില്‍ വരെ ഉപയോഗിക്കാവുന്ന തരത്തില്‍ വിന്‍ഡോസ് 10ന്റെ വിവിധ എഡിഷനുകള്‍ പുറത്തിറങ്ങും. വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഉപകരണങ്ങള്‍ക്കുമുള്ള ആപ്ലിക്കേഷനുകള്‍ വിന്‍ഡോസ്‌ സ്റ്റോര്‍ എന്ന ഒരൊറ്റ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

വിന്‍ഡോസ് 10ന്റെ വ്യത്യസ്ത എഡിഷനുകള്‍ പരിചയപ്പെടുത്തുന്നു.

1) വിന്‍ഡോസ് 10 ഹോം – സാധാരണ ഉപഭോക്താക്കളെ ലക്ഷ്യംവെച്ച് ഇറക്കുന്ന എഡിഷനാണിത്. ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പുകള്‍, ടാബ്‌ലറ്റുകള്‍, ലാപ്‌ടോപ്പ് ആയും ടാബ്‌ലറ്റായും ഉപയോഗിക്കുന്ന ഹൈബ്രിഡ് ഡിവൈസുകള്‍ എന്നിവക്ക് വേണ്ടിയാണ് വിന്‍ഡോസ് 10 ഹോം ഇറങ്ങുന്നത്. കോര്‍ട്ടാന പേഴ്‌സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ്റ്, മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ എഡ്ജ് ബ്രൗസര്‍, വിന്‍ഡോസ് ഹലോ ഫേസ് റെക്കഗ്‌നിഷന്‍, ഉപഭോക്താവിന്റെ കണ്ണിലെ കൃഷ്ണമണിയും വിരലടയാളവും തിരിച്ചറിഞ്ഞുള്ള ബയോമെട്രിക് ലോഗിന്‍ സംവിധാനം, വിന്‍ഡോസ് ആപ്ലിക്കേഷനുകളായ ഫോട്ടോസ്, മാപ്‌സ്, മെയില്‍, കലണ്ടര്‍, മ്യൂസിക്, വീഡിയോ എന്നിവയെല്ലാം വിന്‍ഡോസ് 10 ഹോമിലുണ്ടാകും.

2) വിന്‍ഡോസ് 10 മൊബൈല്‍ – ടച്ച് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ സ്ക്രീനുള്ള സ്മാര്‍ട്‌ഫോണുകള്‍ക്കും ചെറിയ സ്‌ക്രീനുള്ള ടാബ്‌ലറ്റുകള്‍ക്കും വേണ്ടിയുള്ളതാണ് ഈ എഡിഷന്‍. വിന്‍ഡോസ് 10 ഹോം എഡിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ യൂനിവേര്‍സല്‍ വിന്‍ഡോസ് ആപ്പും മൊബൈല്‍ എഡിഷനിലുമുണ്ടാകും. ഒപ്പം ടച്ച് സംവിധാനത്തില്‍ അധിഷ്ഠിതമായ ഓഫീസ് വെര്‍ഷനും. മൊബൈല്‍ എഡിഷനിലെ Continuum for Phones ഫീച്ചര്‍ വഴി ഫോണ്‍ വലിയ സ്ക്രീനുമായി കണക്റ്റ് ചെയ്യുകയാണെങ്കില്‍ പിസി പോലെ ഉപയോഗിക്കാം.

3) വിന്‍ഡോസ് 10 പ്രോ – ചെറുകിട ബിസിനസുകാരെ ലക്ഷ്യംവച്ചുള്ള വിന്‍ഡോസ് 10 ഹോമിന്റെ പ്രൊഫഷണല്‍ വേര്‍ഷനാണിത്. ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പുകള്‍, വലിയ സ്ക്രീനുള്ള ടാബ്‌ലറ്റുകള്‍ എന്നിവയില്‍ വിന്‍ഡോസ് 10 പ്രോ ഉപയോഗിക്കാം. വിന്‍ഡോസ് 10 പ്രോയിലെ Windows Update for Business ഫീച്ചര്‍ വഴി ഒഎസ് അപ്ഡേറ്റ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാനേജ്മെന്റ് ചിലവ് കുറയ്ക്കാം.

വിന്‍ഡോസ് 7, വിന്‍ഡോസ് 8.1, വിന്‍ഡോസ് ഫോണ്‍ 8.1 ഒഎസുകളുടെ യഥാര്‍ത്ഥ വെര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വിന്‍ഡോസ് 10 ഹോം, വിന്‍ഡോസ് 10 മൊബൈല്‍, വിന്‍ഡോസ് 10 പ്രോ ഒഎസുകളിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം.

4) വിന്‍ഡോസ് 10 എന്റര്‍പ്രൈസ് – വിന്‍ഡോസ് 10 പ്രോയുടെ കൂടെ കൂടുതല്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത് ഇടത്തരം, വന്‍കിട സ്ഥാപനങ്ങളെ ലാക്കാക്കി ഇറങ്ങുന്ന എഡിഷനാണിത്. കൂടുതല്‍ സങ്കീര്‍ണ്ണമായ ഉപകരണങ്ങളും ആപ്പുകളും മാനേജ് ചെയ്യാനുള്ള ഓപ്പ്ഷനുകള്‍ ഉള്ളതാണ് വിന്‍ഡോസ് 10 എന്റര്‍പ്രൈസ് എഡിഷന്‍.

5) വിന്‍ഡോസ് 10 എജ്യൂക്കേഷന്‍ – വിന്‍ഡോസ് 10 എന്റര്‍പ്രൈസ് എഡിഷനില്‍ മാറ്റങ്ങള്‍ വരുത്തി വിദ്യാലയങ്ങള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ വിന്‍ഡോസ് ഒഎസ് എഡിഷനാണിത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, അഡ്മിനിസ്ട്രെറ്റര്‍ തുടങ്ങിയവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതുകുന്നതാണ് ഈ എഡിഷന്‍. അക്കാദമിക് വോള്യം ലൈസന്‍സിങ് പ്രകാരമാണ് വിന്‍ഡോസ് 10 എജ്യൂക്കേഷന്‍ എഡിഷന്‍ ലഭ്യമാകുക.

6) വിന്‍ഡോസ് 10 മൊബൈല്‍ എന്റര്‍പ്രൈസ് – സ്മാര്‍ട്ട്‌ഫോണും, ചെറിയ ടാബ്ലെറ്റും ഉപയോഗിക്കുന്ന ബിസിനസ്‌ കസ്റ്റമേഴ്സിന് വേണ്ടി തയ്യാറാക്കിയ വിന്‍ഡോസ് ഒഎസ് എഡിഷനാണിത്. മികച്ച പ്രവര്‍ത്തനക്ഷമത, സുരക്ഷിതത്വം എന്നിവയാണ് മൊബൈല്‍ എന്റര്‍പ്രൈസിന്റെ സവിശേഷതകള്‍.

6) Windows 10 IoT Core – The Internet of Things എന്നതിന്റെ ചുരുക്കെഴുത്താണ് IoT. വിവിധ തരത്തിലുള്ള സെന്‍സറുകളും, ക്ലൌഡ് ഡാറ്റയും ഇന്റര്‍നെറ്റ്‌ വഴി സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാണ് IoT ഉപകരണങ്ങള്‍. ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ക്ക് വേണ്ടി ഇറങ്ങുന്ന വിന്‍ഡോസ് ഒഎസ് എഡിഷനാണിത്.

വിന്‍ഡോസ് 7, വിന്‍ഡോസ് 8.1, വിന്‍ഡോസ് ഫോണ്‍ 8.1 ഒഎസ് എന്നിവയുടെ വ്യാജ കോപ്പി ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായി വിന്‍ഡോസ് 10 ലേക്ക് അപ്പ്ഗ്രേഡ് ചെയ്യാന്‍ കഴിയില്ല.

Leave a Reply