999 രൂപക്ക് ഫിറ്റ്‌നസ് ബാന്‍ഡുമായി ഷവോമി

സ്മാര്‍ട്ട്‌ഫോണ്‍ വിപണിക്ക് പുറമെ ആരോഗ്യ സംബന്ധമായ ഉപകരണങ്ങളുടെ വിപണിയിലും തങ്ങളുടേതായ സാന്നിദ്ധ്യമുറപ്പിക്കാന്‍ ഷവോമി വരുന്നു. ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഫിറ്റ്‌നസ് ബാന്‍ഡുമായി ഷവോമി പടയൊരുക്കം തുടങ്ങി. കൈത്തണ്ടയിലണിയാവുന്ന ഷവോമിയുടെ ഫിറ്റ്‌നസ് ബാന്‍ഡിന്റെ വില വെറും 999 രൂപയാണ്.

Xiaomi Mi Band

എംഐ ബാന്‍ഡ് ( Mi Band ) എന്നാണ് ഷവോമിയുടെ പുതിയ ഫിറ്റ്‌നസ് ബാന്‍ഡിന്റെ പേര്. സോണി, സാംസങ്, എച്ച്.ടി.സി തുടങ്ങി എല്ലാ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും ഫിറ്റ്‌നസ് ബാന്‍ഡുകള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. പക്ഷേ അവക്കെല്ലാം കൂടിയ വിലയാണ്. ‘പാവങ്ങളുടെ ഐഫോണ്‍’ ഇറക്കുന്ന ചൈനീസ് കമ്പനി ഷവോമി ഇത് മനസിലാക്കി വില കുറഞ്ഞ ഫിറ്റ്‌നസ് ബാന്‍ഡിറക്കിയിരിക്കുന്നു.

എംഐ ബാന്‍ഡ് ലോകത്ത് ഇതുവരെ ഇറങ്ങിയ ഏറ്റവും വിലകുറഞ്ഞ ഫിറ്റ്‌നസ് ബാന്‍ഡ് ഇതാണെന്നാണ് ഷവോമിയുടെ അവകാശവാദം. വില തീരെ കുറവാണെങ്കിലും പ്രവര്‍ത്തനമികവില്‍ വന്‍ കമ്പനികളുടെ ബാന്‍ഡുകളോട് കിടപിടിക്കുന്നുണ്ട് എം.ഐ. ബാന്‍ഡ്. 9 മില്ലിമീറ്റര്‍ കനമുള്ള അലൂമിനിയം ലോഹക്കൂട്ട് കൊണ്ടാണ് എം.ഐ. ബാന്‍ഡിന്റെ പ്രധാനഭാഗം നിര്‍മിച്ചിരിക്കുന്നത്. ഈ ലോഹക്കൂട്ട്‌ സിലിക്കോണ്‍ ബാന്‍ഡിനുളളില്‍ ഘടിപ്പിച്ചിരിക്കുന്നതാണ് എംഐ ബാന്‍ഡ്. ഈ ഉപകരണത്തിന്റെ മൊത്തം ഭാരം അഞ്ച് ഗ്രാം മാത്രമാണ്.

എംഐ ബാന്‍ഡ് കൈത്തണ്ടയിലണിഞ്ഞ ശേഷം നിങ്ങള്‍ നടക്കുന്നതിന്റെയും ഓടുന്നതിന്റെയും നീന്തുന്നതിന്റെയും കണക്കുകള്‍ അതിനുള്ളില്‍ ശേഖരിക്കപ്പെടും. സ്മാര്‍ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള എംഐ ഫിറ്റ്‌നസ് ആപ്ലിക്കേഷന്‍ വഴി ആ കണക്കുകളെല്ലാം നമുക്ക് വിശകലനം ചെയ്യാം. ബ്ലൂടൂത്ത് 4.0 വഴിയാണ് എംഐ ബാന്‍ഡ് ഫോണുമായി കണക്റ്റ് ചെയ്യുന്നത്. ഒരു തവണ കണക്ട് ചെയ്തുകഴിഞ്ഞാല്‍ ഫോണിലെ ബ്ലൂടൂത്ത് ഓഫ് ചെയ്യാം. ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ഘട്ടത്തില്‍ മാത്രം ബ്ലൂടൂത്ത് ഓണ്‍ ചെയ്താല്‍ മതി.

41 mAh ശേഷിയുള്ള ബാറ്ററിയാണ് ഇതില്‍ ഉള്ളത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 30 ദിവസം ബാന്‍ഡ് പ്രവര്‍ത്തിപ്പിക്കാം. എംഐ ബാന്‍ഡ് വാട്ടര്‍ പ്രൂഫ്‌ ആണ്. ബ്ലൂടൂത്ത് റേഞ്ചില്‍ ആണെങ്കില്‍ ഇന്‍കമിങ്ങ് കാള്‍ അലേര്‍ട്ടും ഇതില്‍ ലഭിക്കും. സോണി, സാംസങ്, എച്ച്.ടി.സി തുടങ്ങിയ കമ്പനികള്‍ ഇറക്കുന്ന ഫിറ്റ്‌നസ് ബാന്‍ഡുകള്‍ അവരുടെ ഫോണുമായി മാത്രമേ കണക്റ്റ് ചെയ്യാന്‍ കഴിയൂ. ഇതിന് വിപരീതമായി എംഐ ബാന്‍ഡ് ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് വെര്‍ഷനുള്ള ഏത് കമ്പനിയുടെ ഫോണിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

ഷവോമിയുടെ ഔദ്യോഗിക ഇന്ത്യന്‍ വെബ്സൈറ്റ് www.mi.com/in വഴിയാണ് ഇന്ത്യയില്‍ എംഐ ബാന്‍ഡിന്റെ വില്‍പ്പന. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒരു പ്രത്യേക സമയത്ത് ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ ഇന്ത്യയില്‍ ഇപ്പോള്‍ എം.ഐ. ബാന്‍ഡ് ലഭിക്കൂ.

Leave a Reply