ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈന്‍

ദിനംപ്രതി കൊഴിഞ്ഞുപോകുന്ന ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. മെയ് ഒന്നുമുതല്‍ ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈനില്‍നിന്ന് രാജ്യത്ത് എവിടെയും ഏത് മൊബൈലിലേക്കും, ലാന്‍റ് ഫോണിലേക്കും രാത്രി ഒമ്പതുമണി മുതല്‍ രാവിലെ ഏഴുമണിവരെ സൗജന്യമായി അണ്‍ലിമിറ്റഡായി വിളിക്കാം. ഇതോടപ്പം ഫോണ്‍വാടകയും ബിഎസ്എന്‍എല്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഗ്രാമീണമേഖലയില്‍ 120 രൂപ മാസവാടകയില്‍ 20 രൂപ വര്‍ധിപ്പിച്ച് 140 രൂപയാക്കി മാറ്റിയിട്ടുണ്ട്. നഗരമേഖലയില്‍ 195 രൂപ എന്ന മാസവാടക 220 രൂപയാകും. ഇതിലെല്ലാം ഫ്രീകോളുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

BSNL Unlimited Calls

മറ്റൊരു അണ്‍ലിമിറ്റഡ് കാള്‍ ഓഫറും ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. ഗ്രാമീണമേഖലയില്‍ 540 രൂപയുടെ പ്ലാനെടുത്താല്‍ ദിവസം മുഴുവനും ബി.എസ്.എന്‍.എല്ലില്‍നിന്ന് ബി.എസ്.എന്‍.എല്ലിലേക്ക് അണ്‍ലിമിറ്റഡായി വിളിക്കാം. നഗരമേഖലയില്‍ ഈ പ്ലാനിന്റെ വാടക 645 രൂപയാണ്. ദേശീയ ശരാശരിയുമായി താരതമ്യപെടുത്തുമ്പോള്‍ ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈനിന്റെ കൊഴിഞ്ഞ്പോക്ക് കേരളത്തില്‍ കുറവാണ്.

ഉപഭോക്താക്കള്‍ മാസങ്ങളോളം കാത്തുനിന്ന്‍ കണക്ഷന്‍ എടുത്ത ഒരു കാലമുണ്ടായിരുന്നു ബിഎസ്എന്‍എലിന്. സ്വകാര്യ സേവനദാതാക്കളുടെ ഓഫറുകളുടെ കുത്തൊഴുക്കില്‍ ബിഎസ്എന്‍എലിനെ ആര്‍ക്കും വേണ്ടാതായി. സ്വകാര്യ മൊബൈല്‍ കമ്പനികള്‍ സൗജന്യ ഓഫറുകളുമായി രംഗത്തെത്തുമ്പോലള്‍ കയ്യുംകെട്ടി നോക്കിയിരിക്കുകയായിരുന്നു ബിഎസ്എന്‍എല്‍. ഇത് സ്വകാര്യ കമ്പനികളെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമായിരുന്നു. ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ടിട്ടാണെന്ന് തോന്നുന്നു അടിപൊളി ഓഫറുമായി ബിഎസ്എന്‍എലും എത്തിയിരിക്കുന്നു.