എന്താണ് നെറ്റ് ന്യൂട്രാലിറ്റി (Net Neutrality), അത് ഇല്ലാതായാല്‍ നമ്മളെ എങ്ങനെ ബാധിക്കും

ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ ഉള്ളടക്കവും, യാതൊരു നിയന്ത്രണവുമില്ലാതെ എല്ലാവര്‍ക്കും എപ്പോഴും ലഭ്യമാകുന്ന അവസ്ഥയാണ് നെറ്റ് ന്യൂട്രാലിറ്റി. ഇന്റര്‍നെറ്റ്‌ എങ്ങനെ ഉപയോഗിക്കണമെന്ന് യാതൊരു സാഹചര്യത്തിലും ഇന്റര്‍നെറ്റ്‌ സേവനദാതാക്കള്‍ നിയന്ത്രിക്കാന്‍ പാടില്ല എന്നുള്ളതാണ് നെറ്റ് ന്യൂട്രാലിറ്റി എന്നതുകൊണ്ട് അടിസ്ഥാനപരമായി ഉദ്ദേശിക്കുന്നത്. വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ഇന്റര്‍നെറ്റ്‌ ഡേറ്റാ പ്ലാനിനു പുറമേ അധിക പണം ഈടാക്കുമെന്ന ഇന്റര്‍നെറ്റ്‌ സേവന ദാതാക്കളുടെ പ്രഖ്യാപനത്തോടെയാണ് ഇന്ത്യയില്‍ നെറ്റ് ന്യൂട്രാലിറ്റിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്.

Net Neutrality India

വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബര്‍ സേവനങ്ങള്‍ വന്നതോടെ ഫോണ്‍വിളി വഴി ലഭിച്ചിരുന്ന വരുമാനത്തില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നു. വാട്ട്‌സ്ആപ്പ്, ടെലഗ്രാം പോലെയുള്ള ടെക്സ്റ്റ്‌ സന്ദേശ ആപ്പുകള്‍ എസ്എംഎസ് വിപണിയെയും തളര്‍ത്തിയിരിക്കുന്നു. പ്രധാനമായും ഈ രണ്ട് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടെലികോം സേവനദാതാക്കള്‍, ഇന്റര്‍നെറ്റ് ഡാറ്റാ പലതട്ടില്‍ ആക്കി വ്യത്യസ്ത നിരക്ക് ഈടാക്കണമെന്ന് വാശിപിടിക്കുന്നത്.

അതായത് വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബര്‍ പോലുള്ള സന്ദേശസേവന ആപ്പുകള്‍ ഉപയോഗിക്കണമെങ്കില്‍ ഒരു നിരക്ക്, വീഡിയോ ആസ്വദിക്കാനുള്ളതിന് വേറെ ഒരു നിരക്ക്, ഇന്റര്‍നെറ്റ് വഴിയുള്ള കോളിന് കൂടുതല്‍ ഉയര്‍ന്ന നിരക്ക്. ഇങ്ങനെ പലതട്ടില്‍ പണം വാങ്ങുകയല്ലാതെ വേറെ വഴിയില്ല എന്ന മട്ടിലാണ് മൊബൈല്‍ കമ്പനികള്‍ പറയുന്നത്. നോര്‍മല്‍ ഡാറ്റ പാക്കിന് നല്‍കുന്നതിനു പുറമെയാണ് ഇതെന്നോര്‍ക്കണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡാറ്റാ വരുമാനത്തില്‍ ഉണ്ടായ വര്‍ധന അവര്‍ എവിടെയും പറയുന്നുമില്ല.

നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതായാല്‍ ഇന്റര്‍നെറ്റ് ലഭ്യതയുടെ മൊത്തം നിയന്ത്രണം ടെലികോം സേവനദാതാക്കളുടെ കൈകളിലെത്തും. ഏതെല്ലാം സര്‍വ്വീസ് സൗജന്യമായി നല്‍കണം, ഓരോന്നിനും എത്ര എത്രയെല്ലാം പണം ഈടാക്കണം. ഏതെല്ലാം വെബ്‍സൈറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കണം എന്നതെല്ലാം ടെലികോം സേവനദാതാക്കള്‍ക്ക് തീരുമാനിക്കാം. വാട്സാപ്പ്, ഫേസ്ബുക്ക്, സ്കൈപ്പ്,ഹാങ്ങൗട്ട് മുതലാവയക്ക് യൂസര്‍ഫീ ഈടാക്കുക, ടെലികോം സേവനദാതാക്കളുമായി കരാറിലേര്‍പ്പെടാത്ത വെബ്സൈറ്റുകള്‍ തടയുക, ടെലികോം സേവനദാതാക്കള്‍ക്കും അവരുടെ താല്പര്യങ്ങള്‍ക്കുമെതിരായി പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റുകള്‍ തടയുക തുടങ്ങിയ എല്ലാത്തരം നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താനുള്ള പരിപൂര്‍ണ്ണ അധികാരം ടെലികോം സേവനദാതാക്കള്‍ക്ക് ലഭ്യമാകും.

അമേരിക്കയില്‍ 90കളില്‍ നടപ്പാക്കാന്‍ശ്രമിച്ച് പരാജയപ്പെട്ട തന്ത്രമാണ് ഇപ്പോള്‍ ട്രായിയെ കൂട്ടുപിടിച്ച് ടെലികോം കമ്പനികള്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. അമേരിക്കയില്‍ ഈ കരിനിയമം വന്‍ ബഹുജനപ്രക്ഷോഭം ക്ഷണിച്ചുവരുത്തുകയും ഒടുവില്‍ നെറ്റ് നിഷ്പക്ഷത ലംഘിക്കുന്നത് നിയമം മൂലം നിരോധിക്കുകയും ചെയ്തു. നെറ്റ് ന്യൂട്രാലിറ്റി എന്ന സങ്കല്‍പ്പം നിയമപരമായി ഇന്ത്യയില്‍ നിലനില്‍ക്കുന്നില്ല. നെറ്റ് ന്യൂട്രാലിറ്റി ഉറപ്പുവരുത്താനോ സംരക്ഷിക്കാനോ ഔദ്യോഗികമായി ഒരു ചട്ടവും ഇതുവരെ ഇന്ത്യയില്‍ ഉണ്ടാക്കിയിട്ടില്ല.

ഇന്റര്‍നെറ്റ് നിയന്ത്രണാവകാശത്തിന്റെ കാര്യം പ്രതിപാദിക്കുന്ന 118 പേജുള്ള റിപ്പോര്‍ട്ട് പൊതുജനാഭിപ്രായം അറിയാനായി ട്രായ് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ സാങ്കേതികപദങ്ങളും നിയമപദങ്ങളും അടങ്ങിയ ഈ റിപ്പോര്‍ട്ട് സാമാന്യ വിദ്യാഭ്യാസമുള്ളവര്‍ക്കുപോലും മനസ്സിലാകാത്ത ഒന്നാണ്. ഇതുവായിച്ച ശേഷം ട്രായി നല്‍കിയിരിക്കുന്ന 20 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ advqos@trai.gov.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് ഏപ്രില്‍ 24ന് മുന്‍പ് അയച്ചു കൊടുക്കണം. ഇംഗ്ലീഷിലും ഹിന്ദിയിലുമല്ലാതെ പ്രാദേശിക ഭാഷയില്‍ ലഭ്യമല്ലാത്ത ഈ ചോദ്യങ്ങളുടെ ഉത്തരം അത്രയും കഷ്ടപെട്ടു കണ്ടെത്തി ഇതില്‍ പ്രതികരിക്കാന്‍ ആരും ബുദ്ധിമുട്ടില്ല. അത് തന്നെയാണ് അവരുടെയും ഉദ്ദേശം.

പക്ഷേ ട്രായി റിപ്പോര്‍ട്ട്‌ പുറത്തുവിട്ട്‌ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന്‌ ഇമെയിലുകളാണ് ട്രായിക്ക് ലഭിച്ചത്. ഇന്ത്യയിലെ ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കള്‍ Net Neutrality ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആക്കി മാറ്റിയിരിക്കുക്കയാണ്. www.netneutrality.in , www.saveinternet.in എന്നീ സൈറ്റുകള്‍ ട്രായി മുന്നോട്ട് വച്ചിരിക്കുന്ന 20 ചോദ്യങ്ങള്‍ക്ക് പെട്ടന്ന് മറുപടി നല്‍കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ലിലൂടെയും നേരിട്ടും ട്രായിയെ പ്രതിഷേധം അറിയിക്കാന്‍ ക്യാമ്പയിന്‍ പ്രവര്‍ത്തകര്‍ അവസരമൊരുക്കിയിട്ടുണ്ട്. നെറ്റ് ന്യൂട്രാലിറ്റി ഇന്ത്യയില്‍ നിലനില്‍ക്കണമെങ്കില്‍ നിങ്ങളും ഈ ക്യാമ്പയിന്റെ ഭാഗമാകേണ്ടതുണ്ട്. അതിനാല്‍ മുകളില്‍പ്പറഞ്ഞ സൈറ്റ് സന്ദര്‍ശിച്ച് ഏപ്രില്‍ 24ന് മുന്‍പ് ഈ ക്യാമ്പയിനില്‍ ഭാഗമാകൂ നമ്മുടെ ഇന്റര്‍നെറ്റിനെ സംരക്ഷിക്കൂ. നിങ്ങള്‍ അറിയുന്ന എല്ലാരേയും ഈ ക്യാമ്പയിനില്‍ ഭാഗമാകാന്‍ പ്രേരിപ്പിക്കൂ.

Net Neutrality ക്യാമ്പയിന്‍ ഭാഗമായി വിവാദ ഹാസ്യ സംഘമായ എഐബി ഇറക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും എഐബി തയ്യാറാക്കിയ വീഡിയോ ട്വീറ്റ് ചെയ്ത് ഈ സൈബര്‍ പോരാട്ടത്തില്‍ പങ്കാളിയായി. കൂടാതെ മറ്റു പല പ്രമുഖരും ക്യാമ്പയിനിനെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്.

Comments (2)

 1. Arun says:

  ഇന്റർനെറ്റ് ന്യൂട്രാലിറ്റി വാദം മറ്റു വെബ്സൈറ്റുകാരുടെ അസൂയയാണ്..

  ചില വെബ്സൈറ്റുകൾ സൗജന്യമായി ലഭിക്കുന്നെങ്കിൽ നമുക്ക് അതുകൊണ്ട് ലാഭമല്ലേ..

  എന്തിനാ ഈ തർക്കങ്ങൾ..

  ഒരു സൂപ്പർമാർക്കറ്റ് സാധനങ്ങൾക്ക് വൻ ഡിസ്കൌണ്ടുകൾ നൽകുകയാണെങ്കിൽ കൂടുതൽ ആൾക്കാരും ആ ഷോപ്പിലേക്ക് പോകില്ലേ??

  അതോ ഞാൻ ആ ഷോപ്പിൽ നിന്നു സാധനം വാങ്ങില്ല ഞങ്ങൾക്ക് “സെയിൽ ന്യൂട്രാലിറ്റി” വേണം എന്നു വാദിച്ചു നിൽക്കുമോ.. എല്ലാ ഷോപ്പിലും സാധനങ്ങളുടെ വിലയിൽ തുല്യത വേണമെന്നു സമരം ചെയ്യുമോ.. ഇല്ലല്ലോ.

  മറ്റു ഷോപ്പുകാർ ആ ഷോപ്പിനെ എതിർക്കും. അത് അവരുടെ ബിസിനസ്‌ ആവശ്യമാണ്.. നമുക്ക് അതു ശ്രദ്ധിക്കേണ്ട കാര്യമില്ല.

  ഞങ്ങൾക്ക് ഫ്രീയായി ഇന്റർനെറ്റ്‌ കിട്ടുന്നത് നല്ല കാര്യമാ.. എല്ലാ വെബ്സൈറ്റും സൗജന്യമായി ലഭിക്കുവാൻ സാധ്യതയില്ല. കുറച്ചു വെബ്സൈറ്റ് എങ്കിലും കിട്ടുന്നെങ്കിൽ കിട്ടട്ടെ.. നെറ്റ് ന്യൂട്രാലിറ്റി വേണ്ട വേണ്ട

 2. Arun RadhaKrishnan says:

  നിലവാരമില്ലാത്ത സാധനം വിലകുറച്ച് കൊടുത്തു ഉപഫോക്തവിനെ പറ്റിക്കുമ്പോൾ (അതായതു ഒരേ വിലയുള്ള സാധനം ഒരു കടയിൽ മാത്രം നിലവാരമില്ലാത്ത സാധനം വില കുറച്ചു കൊടുക്കുന്നു) പ്രതികരിക്കാമോ?

Leave a Reply