മോട്ടോ ഇ 4ജി പതിപ്പ് ഇന്ത്യയില്‍ എത്തി

മോട്ടോ ഇ സെക്കന്റ്റ് ജെനറേഷന്റെ 4ജി പതിപ്പ് മോട്ടോറോള ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന. ഫ്ലിപ്പ്കാര്‍ട്ടില്‍ ഫോണിന്റെ വില 7,999 രൂപയാണ്. രൂപകല്‍പ്പനയില്‍ മോട്ടോ ഇ 3ജി പതിപ്പുമായി കാര്യമായ മാറ്റമില്ല.

Moto E 4G

ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് 5.0 ആണ് ഫോണിലെ ഒഎസ്. 1.2 GHz ശേഷിയുള്ള ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസറും, 1 ജിബി റാമും കുറഞ്ഞ വിലയില്‍ ഫോണിനെ കരുത്തുറ്റതാക്കുന്നു. 540X960 പിക്‌സല്‍ റെസലൂഷനോട് കൂടിയ 4.5 ഇഞ്ച് ഡിസ്പ്ലേയാണ് പുതിയ മോട്ടോ ഇയില്‍ ഉള്ളത്. 3ജി പതിപ്പില്‍ 4.3 ഇഞ്ച് ആയിരുന്നു ഡിസ്പ്ലേ വലിപ്പം.

സെല്‍ഫിയെടുക്കാന്‍ മോട്ടോ ഇയില്‍ മുന്‍ക്യാമറയില്ലാ എന്ന പരാതി മോട്ടോ ഇയുടെ 4ജി പതിപ്പില്‍ മോട്ടോറോള തീര്‍ത്തിട്ടുണ്ട്. സെല്‍ഫിയെടുക്കലും, വീഡിയോ ചാറ്റും ഒക്കെ 0.3 മെഗാപിക്സല്‍ വി.ജി.എ മുന്‍ക്യാമറ വഴി നടത്താം. പഴയ ഫോണിലേതുപോലെ അഞ്ച് മെഗാപിക്‌സല്‍ പിന്‍ക്യാമറ തന്നെയാണ് പുതിയ മോട്ടോ ഇയിലുമുള്ളത്.

ഫോണിന്റെ ഇന്റെര്‍ണല്‍ സ്റ്റോറേജ് 8 ജിബിയാണ്, മൈക്രോഎസ്ഡി കാര്‍ഡ്‌ വഴി മെമ്മറി 32 ജിബി വരെ ഉയര്‍ത്താവുന്നതുമാണ് . 4ജി ഫോണിന് 2390mAh ബാറ്ററി വളരെ കുറവാണ്. ഒരു 4ജി സിമും, ഒരു 3ജി സിമും ഇടാനുള്ള സ്ലോട്ട് ഈ ഫോണിലുണ്ട്.