ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ അരങ്ങൊഴിയുന്നു. ഏകദേശം ഇരുപത് വര്‍ഷത്തോളം വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് ചിരപരിചിതമായ വെബ്ബ് ബ്രൗസര്‍ ‘ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍’ ഉപേക്ഷിക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. വിന്‍ഡോസ് 10 നൊപ്പം പുതിയ ബ്രൗസറാകും ഉണ്ടാകുക.
ഇന്റര്‍നെറ്റ് എക്സ്പ്ലോററിന് മാത്രമായി ഡിസൈന്‍ ചെയ്ത ActiveX controls, Browser Helper Objects തുടങ്ങിയ ടെക്നോളജികള്‍ ചില കമ്പനികളുടെ പഴയ വെബ്സൈറ്റുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് വേണ്ടി ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ വിന്‍ഡോസ് 10 നൊപ്പം ഉണ്ടാകുമെന്ന് മൈക്രോസോഫ്റ്റ് ബ്ലോഗ് പോസ്റ്റ് വഴി അറിയിച്ചിട്ടുണ്ട്.
പുതിയ ബ്രൗസറിന്റെ പേരിതുവരെ തീരുമാനിച്ചിട്ടില്ല. ‘പ്രോജക്ട് സ്പാര്‍ട്ടാന്‍’ ( Project Spartan ) എന്ന കോഡുനാമത്തിലാണ് പുതിയ ബ്രൗസര്‍ മൈക്രോസോഫ്റ്റ് വികസിപ്പിക്കുന്നത്. പുതിയ ബ്രൗസറിന്റെ ബ്രാന്‍ഡ് നെയിമിനായുള്ള അന്വേഷണത്തിലാണ്. അത് വിന്‍ഡോസ് 10 നൊപ്പം ഉണ്ടാകും – കമ്പനിയുടെ മാര്‍ക്കറ്റിങ് മേധാവി ക്രിസ് കപോസ്സെല്ല അറിയിച്ചു.
ഇന്റര്‍നെറ്റ് എക്സ്പ്ലോറിന്റെ സുരക്ഷ പഴുതുകള്‍, വേഗക്കുറവ്, പുതിയ ടെക്നോളജികള്‍ക്കുള്ള സപ്പോര്‍ട്ട് കുറവ് തുടങ്ങിയ കാരണങ്ങളാല്‍ മൈക്രോസോഫ്റ്റ് കുറെ പഴി കേട്ടിടുണ്ട്. അത് പൂര്‍ണ്ണമായി പരിഹരിക്കാനും മൈക്രോസോഫ്റ്റിന് കഴിഞ്ഞിട്ടില്ല. ആദ്യം മോസില്ല ഫയര്‍ഫോക്സും, പിന്നീട് ഗൂഗിള്‍ ക്രോമും ബ്രൗസര്‍ വിപണി ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ നിന്നും കയ്യടക്കുകയായിരുന്നു.
ഗൂഗിള്‍ ക്രോം, ഫയര്‍ഫോക്സ് തുടങ്ങിയ ബ്രൗസറുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മാത്രമായുള്ള ഒരു സോഫ്റ്റ്വെയര് എന്ന ചീത്തപ്പേര് 2012ന്റെ അവസാനത്തോട്കൂടി ഇന്റര്‍നെറ്റ് എക്സ്പ്ലോററിനെ തേടിയെത്തിയിരുന്നു. പുതിയ ബ്രൗസര്‍ ഈ ചീത്തപ്പേരെങ്കിലും മാറ്റുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.