അടിമുടിമാറി കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ്‌ ബുക്കിങ് വെബ്സൈറ്റ്

അവസാനം അത് സംഭവിച്ചു! കെഎസ്ആര്‍ടിസി അവരുടെ ഓണ്‍ലൈന്‍ ടിക്കറ്റ്‌ ബുക്കിങ് വെബ്സൈറ്റ് അപാകതകള്‍ എല്ലാം പരിഹരിച്ച് നവീകരിച്ചു. ഉപഭോക്താക്കള്‍ക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് പുതിയ വെബ്സൈറ്റ് ( www.keralartc.in ) തയ്യാറാക്കിയിരിക്കുന്നത്. പുതിയ വെബ്സൈറ്റിന് നല്ല പ്രതികരണമാണ്‌ ലഭിക്കുന്നത്.

KSRTC New Online Booking Website

ബുക്കിങ് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാതെ ഗസ്റ്റ് യൂസര്‍ എന്ന ഓപ്ഷന്‍ വഴി ഏതൊരാള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത ടിക്കറ്റ് എസ്എംഎസ് ആയും ലഭിക്കും. അതിനാല്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്ത ടിക്കറ്റ്‌ ഇനി പ്രിന്റ്‌ എടുക്കേണ്ട ആവശ്യമില്ല. എസ്എംഎസ് രൂപത്തില്‍ ലഭിച്ച ടിക്കറ്റ്‌ കാണിച്ചാല്‍ മതി. എല്ലാ ബാങ്കുകളുടെയും ഇന്‍റര്‍നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്‌ കാര്‍ഡ്‌, ഡെബിറ്റ് കാര്‍ഡ്‌ വഴി ടിക്കറ്റിന്റെ കാശ് അടക്കാം.

എല്ലാ സ്റ്റോപ്പുകളില്‍ നിന്നും ഫെയര്‍ സ്റ്റേജ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതും യാത്രക്കാര്‍ക്ക് ഉപകാരപ്രദമാണ്. പഴയ ബുക്കിങ് വെബ്സൈറ്റില്‍ കൊല്ലത്ത് നിന്ന് ബംഗളുരുവിലേക്ക് പോകുന്നവര്‍ തിരുവനന്തപുരത്ത് നിന്നുള്ള നിരക്ക് നല്‍കണമായിരുന്നു. യാത്ര ചെയുന്ന ദിവസം സെലക്ട് ചെയ്തു ബുക്ക് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. വളരെ എളുപ്പത്തില്‍ ടിക്കെറ്റ് ക്യാന്‍സല്‍ ചെയ്യാനുള്ള സൗകര്യവും ഉണ്ട് പുതിയ വെബ്സൈറ്റില്‍.

നിലവില്‍ വോള്‍വോ മള്‍ട്ടി ആക്സില്‍ ബസുകളിലെ ടിക്കറ്റ്‌ മാത്രമെ പുതിയ സൈറ്റില്‍ ചെയ്യാനാകു. രണ്ടാഴ്ചയ്ക്കകം സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെ 261 സര്‍വീസുകളില്‍ കൂടി സേവനം ലഭ്യമാകും. പുതിയ സൈറ്റിന്റെ ഔപചാരിക ഉദ്ഘാടനം 23-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും.