നെക്സസ് 6; ഗൂഗിളിന്റെ നെക്സസ് പരമ്പരയിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍

നെക്സസ് പരമ്പരയിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ നെക്സസ് 6 ഗൂഗിള്‍ അവതരിപ്പിച്ചു. വലിയ ഒച്ചയും ബഹളവും ഇല്ലാതെ കമ്പനി ബ്ലോഗ്‌ വഴിയാണ് നെക്സസ് സ്മാര്‍ട്ട്‌ഫോണ്‍ പരമ്പരയിലെ പുതിയ അംഗത്തെ ഗൂഗിള്‍ പ്രഖ്യാപിച്ചത്. ആന്‍ഡ്രോയ്ഡ് ഒഎസിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന ആദ്യ ഫോണാകും നെക്സസ് 6. ഗൂഗിളിന് വേണ്ടി മോട്ടോറോളയാണ് ഈ ഫോണ്‍ നിര്‍മ്മിക്കുന്നത്.

Google Nexus 6

നെക്സസ് 6 ഫാബ്‌ലെറ്റ് വിഭാഗത്തില്‍പ്പെട്ട സ്മാര്‍ട്ട്‌ഫോണാണ്. അതെ ഫാബ്‌ലെറ്റ് വിപണിയില്‍ മത്സരം മുറുകുകയാണ്. ഐഫോണ്‍ 6 പ്ലസ്‌, സാംസങ് ഗാലക്സി നോട്ട് 4 എന്നിവയ്ക്ക് കനത്ത വെല്ലുവിളിയായിരിക്കും നെക്സസ് 6. ഈ രണ്ട് ഫാബ്‌ലെറ്റുകളെക്കാളും കുറഞ്ഞ വിലയ്ക്കായിരിക്കും നെക്സസ് 6 വിപണിയിലെത്തുക.

2560×1440(2K) പികസ്ല്‍ റെസൊലൂഷനും, 493 പിപിഐ പിക്‌സല്‍ സാന്ദ്രതയുമുള്ള 5.96 ഇഞ്ച്‌ QHD അമോലെഡ് ഡിസ്പ്ലേ മികച്ച ദൃശ്യാനുഭവം നല്‍കുന്നു. ഗൊറില്ല ഗ്ലാസ്സ് 3 യുടെ സംരക്ഷണവും ഡിസ്‌പ്ലേയ്ക്കുണ്ട്. ഫോണിന്റെ ഭാരം 184 ഗ്രാമാണ്. ബാറ്ററിയുടെ ശേഷി 3220mAh ആയി ഉയര്‍ത്തിയിട്ടുണ്ട്.

2.7 GHz ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 805 ക്വാഡ്കോര്‍ Krait 450 പ്രൊസസ്സര്‍, അഡ്രിനോ 420 ജിപിയു, 3 ജിബി റാം എന്നിവ നെക്സസ് 6ന്റെ പ്രവര്‍ത്തനം മികവുറ്റതാക്കുന്നു. കണക്റ്റിവിറ്റിക്കായി 4ജി എല്‍ടിഇ, എന്‍എഫ്‌സി, ബ്ലൂടൂത്ത്, വൈഫൈ, മൈക്രോ യുഎസ്ബി 2 തുടങ്ങിയ എല്ലാ സങ്കേതങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്യുവല്‍ ഫ്രന്റ്‌ ഫേസിങ്ങ് സ്പീക്കറാണ് നെക്സസ് 6ല്‍ ഉള്ളത്.

ഒപ്ടിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍, ഡ്യുവല്‍ എല്‍ഇഡി റിങ്ങ് ഫ്ലാഷ് തുടങ്ങിയ സവിശേഷതകളോട് കൂടിയതാണ് 13 മെഗാപിക്‌സല്‍ പിന്‍ക്യാമറ. 4K വീഡിയോ റെകോഡിങ്ങ് ഈ ക്യാമറ ഉപയോഗിച്ച് സാധ്യമാകും. HD വീഡിയോ റെകോഡിങ്ങ് സാധ്യമാകുന്ന മുന്‍ക്യാമറ 2 മെഗാപിക്സലാണ്. നെക്സസ് 6ന്റെ 32 ജിബി, 64 ജിബി പതിപ്പുകളാണ് ഗൂഗിള്‍ ഇറക്കുന്നത്‌. മൈക്രോഎസ്ഡി കാര്‍ഡ്‌ സപ്പോര്‍ട്ട് ഇല്ല ഇതില്‍.

ജിയോ-മാഗ്‌നെറ്റിക് സെന്‍സര്‍, ഗൈറോസ്‌കോപ്പ്, ജിപിഎസ്, ആക്‌സിലറോമീറ്റര്‍, ബാരോമീറ്റര്‍, ആമ്ബിയെന്റ്റ് ലൈറ്റ് സെന്‍സര്‍ എന്നിവയും നെക്സസ് 6ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിഡ് നൈറ്റ്‌ ബ്ലൂ, ക്ലൌഡ് വൈറ്റ് എന്നീ നിറങ്ങളില്‍ നെക്സസ് 6 ലഭ്യമാകും. ഫോണിന്റെ വിലയെ കുറിച്ചുള്ള വിവരം ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല.