ആന്‍ഡ്രോയ്ഡ് ലോലിപോപ്പ്; ആന്‍ഡ്രോയ്ഡ് ഒഎസിന്റെ പുതിയ പതിപ്പ് ഗൂഗിള്‍ അവതരിപ്പിച്ചു

സ്മാര്‍ട്ട്‌ഫോണ്‍ ഒഎസിന്റെ സിംഹഭാഗവും കയ്യാളുന്ന ആന്‍ഡ്രോയ്ഡ് ഒഎസിന്റെ ഏറ്റവും പുതിയ പതിപ്പ് ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് അഥവാ ആന്‍ഡ്രോയ്ഡ് 5 ഗൂഗിള്‍ അവതരിപ്പിച്ചു. ഇക്കഴിഞ്ഞ ഗൂഗിള്‍ ഐ/ഒ ഡെവലപ്പ്ര്‍ കോണ്‍ഫെറന്‍സില്‍ വെച്ച് ആന്‍ഡ്രോയ്ഡ് 5ന്റെ പ്രിവ്യൂ പതിപ്പ് ഗൂഗിള്‍ ഇറക്കിയിരുന്നു. അന്ന് ഗൂഗിള്‍ ഈ പതിപ്പിന് നല്‍കിയിരുന്ന പേര് ആന്‍ഡ്രോയ്ഡ് L എന്നായിരുന്നു.

Android 5 Lollipop

ആന്‍ഡ്രോയ്ഡ് ലോലിപോപ്പിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ഡിസൈനില്‍ വന്ന മാറ്റം തന്നെയാണ്. മെറ്റീരിയല്‍ ഡിസൈന്‍ എന്ന പുതിയ ഒരു ഡിസൈന്‍ ലാംഗ്വേജ് ഗൂഗിള്‍ ഇതില്‍ കൊണ്ടുവന്നിട്ടുണ്ട്. ഡെവലപ്പേര്‍സിനായി അയ്യായിരത്തില്‍ കൂടുതല്‍ പുതിയ എപിഐ(API)കള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലോക്ക് സ്ക്രീനില്‍ കാണുന്ന പുതിയ നോട്ടിഫിക്കേഷന്‍ സിസ്റ്റം, ART എന്ന പുതിയ ഡിഫാള്‍ട്ട് റണ്‍ടൈം, ബാറ്ററി ലൈഫ് വര്‍ദ്ധിപ്പിക്കുന്ന പുതിയ ബാറ്ററി മാനേജ്മെന്റ് സിസ്റ്റം തുടങ്ങിയ ഒട്ടനവധി സവിശേഷതകള്‍ ലോലിപോപ്പിലുണ്ട്.

Android Lollipop Statue

ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് ആദ്യം ലഭിക്കുന്നത് നെക്സസ് പരമ്പരയിലെ പുതിയ അംഗങ്ങളായ നെക്സസ് 6 സ്മാര്‍ട്ട്‌ഫോണിലും, നെക്സസ് 9 ടാബ്‌ലെറ്റിലുമായിരിക്കും. നെക്സസ് 5, നെക്സസ് 4 സ്മാര്‍ട്ട്‌ഫോണുകളിലും, നെക്സസ് 7, നെക്സസ് 10 ടാബ്‌ലെറ്റുകളിലും, മറ്റ് ഗൂഗിള്‍ പ്ലേ എഡിഷന്‍ ഫോണുകളിലും, ടാബ്‌ലെറ്റുകളിലും അടുത്ത ആഴ്ച്ചയോട് കൂടി ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് അപ്ഡേറ്റ് ലഭിക്കും. കൂടാതെ മോട്ടോറോളയുടെ മോട്ടോ എക്സ്, മോട്ടോ ജി, മോട്ടോ ഇ ഫോണുകളിലും ലോലിപോപ്പ് അപ്ഡേറ്റ് അധികം വൈകാതെ ലഭിക്കും.